മരത്തിനു മുകളില്‍ പശുക്കുട്ടിയുടെ ജഡം കണ്ടത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി
അങ്കമാലി: അയ്യമ്പുഴയില്‍ ജനവാസ മേഖലയിലെ മരത്തിനു മുകളില്‍ പശുക്കുട്ടിയുടെ ജഡം കണ്ടത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. അയ്യമ്പുഴ പോസ്റ്റാഫീസ് ജംക്ഷനിലെ റോഡിനോട് ചേര്‍ന്നുളള റബര്‍മരത്തിലാണ് പശുക്കുട്ടിയുടെ ജഡം തൂങ്ങിക്കിടക്കുന്നത് കണ്ടത്.
പുലി പിടിച്ചു കൊണ്ടു വച്ചതാണെന്ന് കരുതുന്നു. ഒരിക്കല്‍ തിന്ന മൃഗത്തിന്റെ ബാക്കി കഴിക്കുവാന്‍ പുലി വീണ്ടുമെത്താറുണ്ട്. ഇതിനുമുമ്പും പുലി ഇവിടെയിറങ്ങി വളര്‍ത്തുമ്യഗങ്ങളെ കൊന്നിട്ടുണ്ട്. അത്തരത്തില്‍ ഇനിയും പുലി ഇവിടെ വീണ്ടുമെത്തുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.
കാട്ടു മൃഗങ്ങളുടെ ആക്രമണമുളള പ്രദേശമാണിത്. കാലടി പ്ലാന്റേഷനിലെ തൊഴിലാളികള്‍ ഇവിടെയാണ് താമസിക്കുന്നത്.
പലരും അതിരാവിലെയാണ് ജോലിക്കുപോകുന്നതും. പലപ്പോഴും പുലി, ആന ഉള്‍പ്പെടെയുളള കാട്ടു മൃഗങ്ങളുടെ അക്രമണത്തില്‍ നിന്നും തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം അയ്യമ്പുഴക്കു സമീപത്തുളള കണ്ണിമംഗലത്തുനിന്നും വനം വകുപ്പ് വച്ച കെണിയില്‍ പുലി വീണിരുന്നു.
ഇവിടെ കാട്ടുമൃഗങ്ങളുടെ ആക്രമണം വര്‍ധിച്ചതിനെ തുടര്‍ന്ന് വനം മന്ത്രി അഡ്വ:കെ രാജുവിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നിരുന്നു. പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നതുമാണ്. എന്നാല്‍ അതൊന്നും കാട്ടുമൃഗങ്ങളുടെ ആക്രമണം ഇല്ലാതാക്കാന്‍ ശാശ്വത പരിഹാരമാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."