ലൈബീരിയയിലെ മൂന്നു കുരുന്നുകള്‍ക്ക് പുതുജീവനേകി കൊച്ചിയുടെ പുതുവര്‍ഷ സമ്മാനം
കൊച്ചി: ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയിലെ മൂന്നു കുരുന്നുകള്‍ക്കു പുതുജീവനേകി കൊച്ചിയുടെ പുതുവര്‍ഷ സമ്മാനം. കടുത്ത ഹൃദ്രോഗബാധിതരായിരുന്ന ചിഗോസിയെ സാമുവല്‍ (ഏഴ് മാസം), ബ്രാഡ്‌ലി മോറിസ് (രണ്ട്), പീവി ക്രിസ്റ്റിന്‍ (എട്ട് ) എന്നിവര്‍ക്കാണ് എറണാകുളം ലിസി ആശുപത്രിയില്‍ വിജയകരമായി ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
ലൈബീരിയയിലെ മൊന്റ്രോവിയയില്‍ ജനിച്ച ഈ കുട്ടികള്‍ക്ക് ഏതാനും നാളുകള്‍ മുന്‍പാണു ഹൃദ്രോഗബാധ കണ്ടെത്തിയത്. ലൈബീരിയയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. എന്‍ഡാലെ തന്റെ സുഹൃത്തും ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. എഡ്വിന്‍ ഫ്രാന്‍സിസ് വഴി ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പിലുമായി ബന്ധപ്പെട്ട് ഹൃദയശസ്ത്രക്രിയകള്‍ക്കുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.
ലൈബീരിയയില്‍ ഹൃദയ സംബന്ധമായ ശസ്ത്രക്രിയകള്‍ നടത്തുവാനുള്ള സൗകര്യങ്ങളോ ഡോക്ടര്‍മാരോ ഇല്ല. വിദേശരാജ്യങ്ങളെയാണ് അവര്‍ ചികിത്സയ്ക്കായി സമീപിച്ചിരുന്നത്. എന്നാല്‍ എബോള വൈറസ് ഭീഷണിയെ തുടര്‍ന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇതില്‍നിന്ന് പിന്‍മാറിയതിനാല്‍ ഇത്തരത്തിലുള്ള കുട്ടികള്‍ ക്രമേണ മരണത്തിന് കീഴടങ്ങുകയാണ് ചെയ്തിരുന്നത്.
രണ്ടാഴ്ചകള്‍ക്കുമുമ്പാണ് ലൈബീരിയയിലെ ശിശുരോഗ വിദഗ്ധയായ ഡോ. സിയ വാറ്റയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ആകാശയാത്ര ചെയ്ത് കുട്ടികള്‍ കൊച്ചിയിലെത്തിയത്.
ലൈബീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ യാത്രാ ചെലവുകള്‍ സമാഹരിക്കുന്നതിന് നേതൃത്വം കൊടുത്തു. ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. തോമസ് മാത്യു, ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, ഡോ.സി സുബ്രഹ്മണ്യന്‍, ഡോ. അനു ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു, ഡോ. ജേക്കബ് എബ്രാഹം എന്നിവര്‍ തുടര്‍ ചികിത്സയില്‍ പങ്കാളികളായിരുന്നു.
ആശുപത്രിവാസത്തിന് മുന്‍പും ശേഷവുമുള്ള ഇവരുടെ താമസ സൗകര്യം ഒരുക്കിയത് റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ ആണ്. തുടര്‍ പരിശോധനകള്‍ക്കുശേഷം ആറിന് കുട്ടികള്‍ ലൈബീരിയയിലേക്ക് മടങ്ങും.
ഇന്നലെ കുട്ടികളെ യാത്ര അയക്കാനായി ആശുപത്രിയില്‍ ചേര്‍ന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുന്‍ എം.പി പി രാജീവ് എന്നിവര്‍ എത്തിയിരുന്നു.
മൂലന്‍സ് ഫൗണ്ടേഷനുമായ സഹകരിച്ച് പൂര്‍ണമായും സൗജന്യമായിട്ടായിരുന്നു ഹൃദയശസ്ത്രക്രിയകള്‍ ലിസി ആശുപത്രിയില്‍ നടത്തിയത്. ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ഡോ. വര്‍ഗീസ് മൂലന്‍, ഫാ. വര്‍ഗീസ് പാലാട്ടി, ഫാ. അജോ മൂത്തേടന്‍, ഫാ. ആന്റോ ചാലിശേരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."