പുതുവര്‍ഷം 'അടിച്ചുപൊളിക്കു'ന്നവരുടെ ശ്രദ്ധയ്ക്ക്!!
കൊല്ലം: പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുക്കാന്‍ മദ്യപിച്ച് വാഹനവുമായി നിരത്തിലിറങ്ങിയാല്‍ പൊലിസ് പൊക്കുമെന്നറിഞ്ഞതോടെ നഗരവീഥികളില്‍ കഴിഞ്ഞവര്‍ഷത്തേതിന്റെ പകുതിയായിരുന്നു തിരക്ക്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വാഹന പരിശോധന കര്‍ശനമാക്കിയതോടെ പലര്‍ക്കും ഇന്നലെ പിടിവീണു. വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ഇന്നലെ രാത്രിയില്‍ റോഡുകളില്‍ കര്‍ശന പരിശോധനയാണ് പൊലിസ് നടത്തിയത്. ഇന്നു രാത്രി മുതല്‍ പുലര്‍ച്ചെവരെയും റോഡുകളില്‍ കര്‍ശന പരിശോധനയുണ്ടാകും.
ഇന്നു പകല്‍സയമത്തും മദ്യപരിശോധനയുണ്ടാവും. രാത്രി നിശ്ചിത സമയത്തിന് ശേഷവും ബിയര്‍, വൈന്‍ പാര്‍ലറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കൂടാതെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് പുറത്തുപ്രത്യേക കൗണ്ടറുകള്‍ പാടില്ല.
പാര്‍ലറുകളില്‍ പുറത്തുനിന്ന് മദ്യം കൊണ്ട് വരാനോ വില്‍ക്കാനോ പാടില്ല. കഞ്ചാവ്, ലഹരിമരുന്ന് എന്നിവ ഉപയോഗിക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തും. അമിത വേഗം ഉള്‍പ്പെടെ ട്രാഫിക് ലംഘനത്തില്‍ നടപടി സ്വീകരിക്കും.
പടക്കം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമായും ലൈസന്‍സുണ്ടാവണം. അനധികൃതമായി പടക്കം വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടികളുണ്ടാവും.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍, ബിയര്‍, വൈന്‍, പാര്‍ലറുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങിയവ സുരക്ഷാ മുന്‍കരുതല്‍ നടപടികളും പൊലിസിന്റെ നിര്‍ദേശങ്ങളും പാലിക്കണം.
ആഘോഷങ്ങളുടെ ഭാഗമായി മദ്യം വിളമ്പുന്നതിന് അസി. എക്‌സൈസ് കമ്മിഷണറുടെ മുന്‍കൂട്ടി അനുമതി വേണം. അനുമതിയില്ലാതെ മദ്യം വിതരണം ചെയ്യുകയോ മദ്യപാനത്തിന് സൗകര്യമൊരുക്കുകയോ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അബ്കാരി നിയമപ്രകാരം നിയമനടപടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."