അനധികൃത കൈയേറ്റം; ശക്തമായ നടപടിയുമായി തൊടുപുഴ നഗരസഭ
തൊടുപുഴ: നഗരത്തിലെ അനധികൃത കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി നഗരസഭ രംഗത്ത്. നഗരസഭാ ഓഫീസിന് മുമ്പില്‍ വാടകക്കാര്‍ നടത്തിയഅനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ പൊളിച്ചു മാറ്റി. തൊടുപുഴ പഴയ പാലത്തിന്റെ ഇരുവശത്തുമുള്ള നടപ്പാതയിലെ പരസ്യ ബോര്‍ഡുകളും നീക്കി.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ആദ്യം വാടകക്കാര്‍ സ്ഥാപിച്ചിരുന്ന സ്റ്റാന്‍ഡുകളും ബോര്‍ഡുകളും നീക്കം ചെയ്തു. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അനധികൃതമായി നിര്‍മ്മിച്ച തറകളും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൊളിച്ചു. മുപ്പതോളം തൊഴിലാളികള്‍ രാവിലെ 8.30 വരെ പ്രയത്‌നിച്ചാണ് നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കിയത്.
തുടര്‍ന്നാണ് പാലത്തിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭാ ആരോഗ്യ- റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍ നടപടികളില്‍ പങ്കെടുത്തു. നഗരസഭയ്ക്ക് മുമ്പിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നത് നിരവധി കാലങ്ങളായുള്ള ആവശ്യമായിരുന്നു. പല കാരണങ്ങളാലും നടപടി നീണ്ടുപോവുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് നടപടിക്ക് വഴിയൊരുങ്ങിയത്. പാലത്തില്‍ പരസ്യം സ്ഥാപിക്കാന്‍ രണ്ട് സ്ഥാപനങ്ങള്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. വിളക്ക് കാലുകളിലായിരുന്നു പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വിളക്കുകളുടെ വയര്‍ ഷോര്‍ട്ടായി പാലത്തിലൂടെ നടന്നപോയവര്‍ക്ക് ഷോക്കേറ്റിരുന്നു. തുടര്‍ന്ന് മുകളിലേക്ക് വയര്‍ വലിച്ച് പുതിയ വിളക്കുകള്‍ സ്ഥാപിച്ചു.
പാലത്തില്‍ ഇനി പരസ്യങ്ങള്‍ അനുവദിക്കേണ്ടെന്ന നിര്‍ദ്ദേശം വിവിധ കൗണ്‍സില്‍ യോഗങ്ങളില്‍ ഉയര്‍ന്നു. ഇതിനിടെ ഒരു സ്ഥാപനത്തിന്റെ കരാര്‍ നവംബറോടെ അവസാനിച്ചു. അടുത്ത സ്ഥാപനം പരസ്യ നികുതി അടച്ചുമില്ല. ഇതോടെയാണ് ബോര്‍ഡുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ തുടര്‍ന്നും നടപടി എടുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ എന്നിവര്‍ അറിയിച്ചു.
അനധികൃത കൈയേറ്റക്കാര്‍ക്കെതിരെ നഗരസഭ കൈക്കൊള്ളുന്ന ഏത് നടപടിക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും ബാക്കിയുള്ള കൈയേറ്റങ്ങള്‍ക്കെതിരെയും മുഖം നോക്കാതെ നടപടി എടുക്കണമെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍ ആര്‍. ഹരി ആവശ്യപ്പെട്ടു. നടപ്പാലത്തില്‍ നിന്ന് പരസ്യങ്ങള്‍ മാറ്റിയത് അഭിനന്ദനാര്‍ഹമാണ്. കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതും ശ്ലാഘനീയമാണ്. ഇനിയും കൈയേറ്റങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍ ബാബു പരമേശ്വരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."