ഭക്ഷ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്
കേരളത്തിന്റെ ഭക്ഷ്യഭദ്രതാ മുന്‍ഗണനാപട്ടികയില്‍ ഭിന്നശേഷിക്കാരെയും അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാത്തതിലുള്ള പ്രതിഷേധവും ദുഃഖവും ആദ്യമേ രേഖപ്പെടുത്തട്ടെ. കേരളത്തില്‍ ഏകദേശം 30 ലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാര്‍ വിവിധ വൈകല്യങ്ങള്‍ കൊണ്ടു ജീവിതദുരിതം അനുഭവിക്കുന്നവരാണ്. വളരെ പ്രയാസത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഇവര്‍ നാമമാത്ര ഭൂമി കൈവശമുള്ളവരും സര്‍ക്കാരിന്റെയും വിവിധ ഏജന്‍സികളുടെയും
സഹായത്തോടെ ചെറിയ വീടുകള്‍ വച്ചുകഴിയുന്നവരും വാടകവീടുകളിലും ആശ്രിതകുടുംബത്തില്‍ കൂട്ടുകുടുംബവുമായി ജീവിക്കുന്നവരുമാണ്.
ഓരോരുത്തരുടെയും ഭിന്നശേഷിയുടെ തോതനുസരിച്ചു വിവിധങ്ങളായ ചെറിയ തൊഴിലുകളില്‍ ഏര്‍പ്പെട്ട് ഉപജീവനം കഴിക്കുന്നവരാണ്. ചെറിയൊരു ശതമാനം ഭിന്നശേഷിക്കാര്‍ മറ്റു പ്രാപ്തിയുള്ള കുടുംബാംഗങ്ങളുടെ ആശ്രിതരായും കഴിയുന്നുണ്ട്. ഭക്ഷ്യഭദ്രത മുന്‍ഗണനാപട്ടികയില്‍ സാമൂഹികമായി തന്നെ പരിഗണന ലഭിക്കേണ്ട നിരവധി ഭിന്നശേഷിക്കാരും അവരുടെ കുടുംബവും ഉള്‍പ്പെടാതെ എ.പി.എല്‍ വിഭാഗത്തിന്റെ പട്ടികയിലാണ്. ആദ്യപട്ടിക വന്നപ്പോള്‍ എല്ലാ ഭിന്നശേഷിക്കാരുടെ പേരുള്ളതുകൊണ്ട് 2016 നവംബര്‍ 5നു മുന്‍പ് അപേക്ഷ നല്‍കിയിട്ടില്ല.
ഇപ്പോഴാണു നിരവധിപേര്‍ സംസ്ഥാനത്തിന്റെ പട്ടികയിലാണു പെട്ടിരിക്കുന്നതെന്നറിയുന്നത്. ഇവര്‍ക്കു ചികിത്സാസൗകര്യം മാത്രമേ അനുവദിക്കൂ. ഭക്ഷ്യധാന്യമില്ല എന്നതു പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരിന്റെ സാമ്പത്തികസഹായംകൊണ്ടും വിവിധ ഏജന്‍സികളുടെ സഹായംകൊണ്ടും ആയിരം സ്‌ക്വയര്‍ഫീറ്റില്‍ വീടുകള്‍ നിര്‍മിച്ച ഭിന്നശേഷിക്കാരുണ്ട്. അതുപോലെ കേന്ദ്ര,സംസ്ഥാനസര്‍ക്കാരുകളുടെ ധനസഹായത്താല്‍ നാലുചക്രവാഹനം ലഭിച്ചവരുമുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ സാമ്പത്തികമായും തൊഴില്‍പരമായും സാമൂഹികമായും കൂടുതല്‍ പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരാണ്.
ഇവരുടെ ജീവിതനിലനില്‍പ്പിനു സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ മുന്‍ഗണനാപട്ടികയില്‍ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ ശാരീരികമായി അവശത നേരിടുന്നതും 40 ശതമാനവും അതിനുമുകളില്‍ വൈകല്യം വരുന്നവരുമായ മുഴുവന്‍ ഭിന്നശേഷിക്കാരെയും ഭക്ഷ്യസുരക്ഷാമുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു നടപടി സ്വീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."