നിശബ്ദത കുറ്റകരമാണ്
സാഹിത്യകാരന്റെ അമിതമായ സാമൂഹിക ഇടപെടലുകള്‍ അയാളുടെ സര്‍ഗാത്മകതയെ ബാധിക്കുമെന്ന് എം. മുകുന്ദന്‍ അഭിപ്രായപ്പെടുകയുണ്ടായി. സക്കറിയ അദ്ദേഹത്തിന്റെ സാമൂഹികമായ ഇടപെടലുകള്‍ അവസാനിപ്പിച്ചതിനാലാണ് മികച്ച കഥകളുമായി സര്‍ഗാത്മക രംഗത്തേക്കു തിരിച്ചുവരാന്‍ കഴിഞ്ഞതെന്നും മുകുന്ദന്‍ പറഞ്ഞു. കോഴിക്കോട്ടു പഴയ തലമുറയിലെയും പുതിയ തലമുറയിലെയും സാഹിത്യകാരന്‍മാര്‍ ഒത്തുചേര്‍ന്ന സാഹിത്യ സായാഹ്നത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നമ്മുടെ കാലത്തെ വലിയ എഴുത്തുകാരനാണ് മുകുന്ദന്‍. ഇദ്ദേഹത്തിന്റെ രചനകള്‍ മലയാളികള്‍ ഹൃദയംകൊണ്ട് സ്വീകരിച്ചവയാണ്. ചെറുപ്പം മുതലേ ആരാധനയോടെ നോക്കിക്കണ്ട ഈ എഴുത്തുകാരനോട് എന്നിട്ടും ഈ വിഷയത്തില്‍ എനിക്കു വിയോജിക്കേണ്ടി വന്നതില്‍ ക്ഷമിക്കുക.
സാമൂഹിക പ്രശ്‌നങ്ങള്‍ എന്ന വിശേഷണം പലപ്പോഴും ഒരു പടുകുഴിയായിത്തീരുന്നു എന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയത് മുകുന്ദന്റെ തലമുറയിലെ ഏറ്റവും കരുത്തുറ്റ എഴുത്തുകാരനായ ഒ.വി വിജയനാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് അധികാരം പിടിച്ചുപറ്റാനും അധികാരം നിലനിര്‍ത്താനും ഉതകുന്ന പരുക്കന്‍ പാതോളജി മാത്രമല്ല സാമൂഹികപ്രശ്‌നങ്ങള്‍. സാമൂഹിക പ്രശ്‌നങ്ങളല്ലാത്ത പ്രശ്‌നങ്ങളില്ല എന്നു വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ വിജയന്‍ എഴുതി. വിജയന്‍ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ അമിതമായിത്തന്നെ ഇടപെട്ടിരുന്നു. അതു വിജയന്റെ സര്‍ഗാത്മതയ്ക്കു തിളക്കം കൂട്ടുകയേ ചെയ്തിട്ടുള്ളൂ.
മലയാളത്തില്‍ മികച്ച കഥകളെഴുതിയ സക്കറിയയെ തന്റെ നിലപാടുകള്‍ കൊണ്ടു കൂടിയാണ് ഞാനാദരിക്കുന്നത്. ഫാസിസത്തിനെതിരായാണ് എന്നും മലയാളത്തിന്റെ പ്രിയപ്പെട്ട ഈ കഥാകൃത്ത് നിലപാടുകള്‍ കൈകൊണ്ടിട്ടുള്ളത്.
പ്രിയപ്പെട്ട മുകുന്ദന്‍, ഫാസിസം എന്ന വാക്ക് ഉപയോഗിച്ചുപയോഗിച്ച് തേയ്മാനം വന്നുപോയ പദമായിരിക്കാം. പക്ഷേ, താങ്കള്‍ തന്നെ പറഞ്ഞതുപോലെ തീപിടിച്ച ഒരു കാലമാണിത്. എപ്പോഴാണ് സമഗ്രാധിപത്യത്തിന്റെ ബൂട്ടൊച്ചകള്‍ നിങ്ങളുടെ വാതിലിനപ്പുറത്തുനിന്നും കേള്‍ക്കുന്നതെന്ന് കാതോര്‍ത്തിരിക്കുക. ഇപ്പോള്‍ നിശബ്ദത എന്നു പറയുന്നത് മരണം തന്നെയാണ്
നോട്ടു മാത്രമല്ല, മനുഷ്യനെപ്പോലും അസാധുവാക്കിയ ഒരു ഭരണകൂടത്തിന്റെ അധാര്‍മിക നിലപാടുകള്‍ക്കെതിരേ ഇക്കാലത്ത് എങ്ങനെയാണ് ഒരെഴുത്തുകാരനു നിശബ്ദനായിരിക്കാന്‍ കഴിയുക? ദേശീയതയും രാജ്യസ്‌നേഹവും ഒക്കെ മറ്റുള്ളവരുടെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു ഫാസിസ്റ്റ് കാലമാണിത്. പ്രശസ്ത ചലച്ചിത്രകാരന്‍ കമലിനെതിരേ ഉറഞ്ഞുതുള്ളുകയും പാകിസ്താനിലേക്കു പോകൂ എന്ന് ആക്രോശിക്കുകയും ചെയ്തത് അടുത്ത കാലത്താണ്. ഇതൊക്കെ കണ്ടിട്ടാണ് രാജ്യസ്‌നേഹത്തിനു പോക്കറ്റില്‍ കാര്‍ഡ് കൊണ്ടുനടക്കേണ്ട കാലമാണിതെന്നു സംഘികളെ പരിഹസിച്ചുകൊണ്ട് കഥയുടെ കുലപതി ടി. പത്മനാഭന്‍ പറഞ്ഞത്.
മാംസഭക്ഷണം കഴിച്ചതിനു മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചുകൊന്നപ്പോള്‍, മീററ്റില്‍ ഗോഡ്‌സെയ്ക്ക് പ്രതിമയുണ്ടാക്കിയപ്പോള്‍, ദലിതരും ന്യൂനപക്ഷങ്ങളും അക്രമിക്കപ്പെട്ടപ്പോള്‍ അതിനെതിരേ ചൂണ്ടുവിരലുയര്‍ത്തി പ്രതിഷേധിക്കാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ നമ്മള്‍ ജീവിച്ചിരിക്കുന്നു എന്നു പറയുന്നതില്‍ അര്‍ഥമില്ല.
ഒരു ജനതയെ മുഴുവന്‍ വെയിലത്തു ക്യൂ നിര്‍ത്തി രാജ്യസ്‌നേഹം വിളമ്പുന്ന ഒരു ഭരണാധികാരിയുടെ ചെയ്തികളെ ന്യായീകരിക്കുന്നവര്‍ അവരുടെ പട്ടും വളയും വാങ്ങിപ്പൊയ്‌ക്കൊള്ളട്ടെ. പക്ഷേ, വാഴുന്നവനു വളകളിടുവിക്കാന്‍ തയാറല്ലാത്ത കുറച്ച് എഴുത്തുകാരെങ്കിലും ഇവിടെ അവശേഷിക്കുന്നതു കൊണ്ടാണ് എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ല എന്നു നമുക്ക് വിളിച്ചുപറയാന്‍ കഴിയുന്നത്.
ഒരു കുറ്റവും ചെയ്യാത്ത നിരപരാധികള്‍ നമ്മുടെ ജയിലുകളില്‍ കിടക്കുന്നുണ്ട്. ഏറ്റുമുട്ടലുകള്‍ എന്ന പേരില്‍ ഭോപ്പാലിലടക്കം ആളുകളെ വെടിവച്ചു കൊല്ലുന്നുണ്ട്. തീവ്ര ദേശീയതയും തീവ്ര രാജ്യസ്‌നേഹവും പറഞ്ഞു വിദ്വേഷപ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഇതൊക്കെ കണ്ടിട്ടും മിണ്ടാതിരിക്കേണ്ടവനാണോ എഴുത്തുകാരന്‍?
ഫ്രഞ്ച് ഭരണകൂടം ഒരു പ്രസിദ്ധീകരണം നിരോധിച്ചപ്പോള്‍ പാരിസിലെ തെരുവിലൂടെ ആ പ്രസിദ്ധീകരണം വിറ്റുനടക്കാന്‍ മാത്രം ധൈര്യം കാണിച്ചിരുന്നു ഴാങ്‌പോള്‍ സാര്‍ത്രെ. ഇസ്രാഈല്‍ ആഗോളസുരക്ഷയ്ക്ക് ഭീഷണിയാണെന്നു ജര്‍മനിയിലെ ഒരു ദിനപത്രത്തില്‍ കവിതയെഴുതി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഉറക്കം കെടുത്തിയ ഗുന്തര്‍ ഗ്രാസ്, നൊബേല്‍ സമ്മാനം സ്വീകരിക്കുന്ന വേളയില്‍ സാമ്രാജ്യത്വത്തിനെതിരേ ശബ്ദമുയര്‍ത്തിയ ഹരോള്‍ഡ് പിന്റര്‍, അധിനിവേശം അമേരിക്കയുടെ മാറ്റാന്‍പറ്റാത്ത രോഗമാണെന്ന് അമേരിക്കയില്‍ നിന്നുതന്നെ ഗര്‍ജിച്ച വിശ്വപ്രസിദ്ധ നോവലിസ്റ്റായിരുന്ന നോര്‍മന്‍ മെയ്‌ലര്‍ തുടങ്ങി ഇങ്ങ് അരുന്ധതി റോയി വരെ ആ പട്ടിക നീളുന്നുണ്ട്.
പ്രിയപ്പെട്ട മുകുന്ദന്‍, ഫാസിസം എന്ന വാക്ക് ഉപയോഗിച്ചുപയോഗിച്ച് തേയ്മാനം വന്നുപോയ പദമായിരിക്കാം. പക്ഷേ താങ്കള്‍ തന്നെ പറഞ്ഞതുപോലെ തീപിടിച്ച ഒരു കാലമാണിത്. എപ്പോഴാണ് സമഗ്രാധിപത്യത്തിന്റെ ബൂട്ടൊച്ചകള്‍ നിങ്ങളുടെ വാതിലിനപ്പുറത്തുനിന്നും കേള്‍ക്കുന്നതെന്നു കാതോര്‍ത്തിരിക്കുക.
ഇപ്പോള്‍ നിശബ്ദത എന്നു പറയുന്നത് മരണം തന്നെയാണ്.
കാട്ടില്‍നിന്നു വരുന്ന വാര്‍ത്തകളില്‍
തലക്കെട്ടുകളെല്ലാം പിടിച്ചടക്കുന്നത്
സിംഹങ്ങളും പുലികളുമാണ്.
അവിടെ മുയലും നീര്‍ന്നായും
എളിയ മാളങ്ങളില്‍ കഴിയുന്നു.
ഭയപ്പാട് നിറഞ്ഞ കണ്ണുകളുമായി
നില്‍ക്കുന്ന മിണ്ടാപ്രാണികള്‍ക്കായി
ഒരാളും ഒരുതുള്ളി കണ്ണീര്‍ പൊഴിക്കുന്നില്ല.
(സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത
മേരി കാര്‍ടസ് മിത്തിന്റെ അമേരിക്കന്‍
കവിതയില്‍ നിന്ന്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."