HOME
DETAILS

പാരസ്പര്യങ്ങളുടെ സൂര്യോദയങ്ങള്‍

  
backup
January 01 2017 | 03:01 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%82%e0%b4%b0%e0%b5%8d%e0%b4%af%e0%b5%87

ട്രെയിന്‍ കാട്ടിത്തരാമെന്നു പറഞ്ഞാണ് അമ്മ ഇത്ര ദൂരം ഞങ്ങളെ കൂട്ടിക്കൊണ്ടുവന്നത്.
അമ്മയെയും ചേച്ചിയെയും ട്രെയിനിടിച്ചു. അവര്‍ മരിച്ചു പോയോ....?
കണ്‍മുന്നില്‍ സ്വന്തം മാതാവും സഹോദരിയും ഇറച്ചിത്തുണ്ടുകളായി ചിതറിത്തെറിക്കുമ്പോള്‍, ജീവരക്ഷയ്ക്കായി കുതറിയോടി സാരമായ പരുക്കുകളോടെ രക്ഷപ്പെട്ട ഇരട്ടക്കുട്ടികളുടേതാണ് ഈ ചോദ്യം. മൂന്നു മക്കള്‍ക്കും വയറുനിറയെ ഭക്ഷണം വാങ്ങിക്കൊടുത്ത്, അടുത്തുള്ള അമ്പലത്തില്‍ തൊഴുതു മടങ്ങി അനുനയത്തില്‍ അവരെയും കൂട്ടി മരണത്തിലേക്കു നടന്നുകയറാമെന്നായിരുന്നിരിക്കാം നിവൃത്തികേടു കൊണ്ട് ആ മാതാവ് ചിന്തിച്ചിരിക്കുക. ഇങ്ങനെയൊരു കടുംകൈ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച ഘടകം എന്താണെന്നു നാം കൂലങ്കഷമായിത്തന്നെ ചര്‍ച്ച ചെയ്യേണ്ടതാണ്. നഷ്ടങ്ങളുടെ അവിരാമമായ ഓര്‍മപ്പെടുത്തലുകളാണ് കൊഴിഞ്ഞുപോകുന്ന ഓരോ വര്‍ഷവും. നീരസവും അന്യതാബോധവും കൊണ്ട് ഭയാശങ്കമായ കണ്ണുകളോടെ ആ കുഞ്ഞുങ്ങള്‍ നമ്മെ ഉറ്റുനോക്കുമ്പോള്‍, അനുതാപത്തിന്റെ ആകാശങ്ങള്‍ അവര്‍ക്കായി തുറന്നിട്ടു കൊടുക്കാന്‍ നമ്മളില്‍ ആരൊക്കെ സന്നദ്ധരാകും?
പുതിയ പ്രതീക്ഷകളും ചിന്തകളുമായി നാം ഒരു പുതുവര്‍ഷത്തിലേക്കു പാദമൂന്നുകയാണ്. സ്വയം നന്നാവുന്നത് എങ്ങനെയെന്നു ചിന്തിക്കുന്നതോടൊപ്പം സമൂഹത്തെ എങ്ങനെ നന്നാക്കാം എന്നുകൂടി ചിന്തിക്കുമ്പോഴേ ഉത്തമനായ ഒരു മനുഷ്യസ്‌നേഹി ഉടലെടുക്കുകയുള്ളൂ. നമുക്കു ദൈവം തന്നതിന്റെ ഒരംശം കഷ്ടതയനുഭവിക്കുന്നവരെ കണ്ടറിഞ്ഞു കൈമാറുമ്പോള്‍ മാത്രമാണു മനുഷ്യജന്മം സാര്‍ഥകമാകുന്നത്. പാരസ്പര്യങ്ങളുടെ അസ്തമയമല്ല, മറിച്ച് ഉദയത്തിന്റെ പ്രതീക്ഷകളുമായി സ്‌നേഹത്തിന്റെ അനുഭൂതിപ്രപഞ്ചം തീര്‍ക്കാന്‍ കഴിയുമ്പോഴാണ് ഭൂമി ഏറ്റവും മനോഹരമായ ഒരു ഗ്രഹമായി മാറുന്നത്.
പാഞ്ഞടുക്കുന്ന മരണത്തില്‍നിന്നു കിതച്ചോടിയെത്തുമ്പോള്‍, ആശ്വസിപ്പിക്കാന്‍ പോലും ആരുമില്ലാതെ അലറിക്കരയുന്ന ആ പിഞ്ചുമക്കള്‍ സമൂഹ മനഃസാക്ഷിയുടെ അനാരോഗ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സമൂഹഗാത്രത്തിന്റെ ആഴങ്ങളെ ഗ്രസിച്ചിരിക്കുന്ന കൂട്ട ആത്മഹത്യാ പ്രവണതയെന്ന ഈ മാറാരോഗത്തിനു തൊലിപ്പുറത്തെ ചികിത്സ കൊണ്ടുമാത്രം കാര്യമില്ല.
ജീവിതം സുന്ദരമാണ്. എന്നാല്‍ ശുഭാപ്തി വിശ്വാസമുള്ളവര്‍ക്കേ അത് ആസ്വദിക്കാനൊക്കൂ. കണ്ണും കാതും നാവും മറ്റിന്ദ്രിയങ്ങളും സമൂഹത്തോടു നമുക്കുള്ള ബാധ്യത നിറവേറ്റത്തക്ക വിധത്തിലായിരിക്കണം നാം ഉപയോഗപ്പെടുത്തേണ്ടത്. വ്യക്തികളെന്ന നിലയില്‍ സമൂഹത്തില്‍ നമ്മുടെ നിലനില്‍പ്പ് തിരിച്ചറിയാനുള്ള കഴിവാണ് ഇതരസൃഷ്ടികളില്‍ നിന്നു മനുഷ്യനെ വ്യതിരിക്തനാക്കുന്നത്. അതുതന്നെയാണ് അവന്റെ പൂര്‍ണതയും. നിര്‍ഭാഗ്യമെന്നു പറയട്ടെ, പാരസ്പര്യങ്ങളുടെ സകല ആര്‍ദ്രതകളും വറ്റിവരണ്ട് ഊഷരമായ ഒരു മനസുമായാണ് ഇന്നു മനുഷ്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്നു പറയാതിരിക്കാനാകുന്നില്ല.
മതത്തിന്റെയും സമ്പത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലുള്ള ചേരിതിരിവുകള്‍ മനുഷ്യന്റെ ചിന്താശക്തിയെ ക്ലാവു പിടിപ്പിച്ചിരിക്കുന്നു. സമൂഹം ഭൗതികതകളുടെ അടിമകളായി മാറിയതിന്റെ  അനിവാര്യ ദുരന്തമാണ് ഇത്തരം സംഭവങ്ങള്‍. ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കുകയെന്ന പ്രകൃതിതത്വം പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടോ നിയമനിര്‍മാണം കൊണ്ടോ പ്രാബല്യത്തില്‍ വരുത്തേണ്ട ഒന്നല്ല. ധനാര്‍ബുദം ബാധിച്ച ഒരുപറ്റം ആളുകള്‍ സമൂഹത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയും താഴേത്തട്ടിലുള്ളവര്‍ നിത്യവൃത്തിക്കുവേണ്ടി ചക്രശ്വാസം വലിക്കുകയും ചെയ്യുമ്പോള്‍ സാമൂഹിക സമത്വം എന്ന സുന്ദരകാഴ്ചപ്പാട് ഒരിക്കലും പ്രാവര്‍ത്തികമാവുകയില്ല എന്നു മാത്രമല്ല, മനുഷ്യസഹജമായ സകല നന്മകളുടെയും അസ്തമയം കൂടിയായിരിക്കും അത്.
കുടുംബം പോറ്റാന്‍ കടല്‍ കടന്ന ഒരു പ്രവാസിയുടെ ഭാര്യയും മക്കളും എന്ന നിലയിലും വിഷയം ഗൗരവമുള്ളതാണ്. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന ആ സ്ത്രീയുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യസ്‌നേഹികളായ ആരുമുണ്ടായിരുന്നില്ലേ ആ ചുറ്റുവട്ടത്തില്‍...?
ജില്ലാ ബാങ്കില്‍ നിന്നെടുത്ത മൂന്നു ലക്ഷം രൂപ തിരിച്ചടവും കുടിശ്ശികയുമായി പെരുകിയപ്പോള്‍ ബാങ്കുകാര്‍ അവരെ നിരന്തരം ശല്യപ്പെടുത്തിയതാണ് മരണവഴി തിരഞ്ഞെടുക്കാനുള്ള കാരണം. അഭിമാനം സംരക്ഷിക്കുക എന്നതായിരുന്നു ആ സ്ത്രീയുടെ ലക്ഷ്യമെങ്കില്‍, അഭിമാനത്തെ മുഴുവനായി തച്ചുടയ്ക്കും വിധത്തിലുള്ള അപരാധത്തിലേക്കല്ലേ അവര്‍ കാലെടുത്തു വച്ചത്...? ജീവിതം പ്രതീക്ഷകള്‍ക്കും അപ്പുറത്താണെന്ന് അവര്‍ തിരിച്ചറിഞ്ഞത് ഒടുവിലായിപ്പോയി. തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അധഃസ്ഥിതിയില്‍ നിന്നും പരാധീനതയില്‍ നിന്നും പിന്നോക്കാവസ്ഥയില്‍ നിന്നും മോചനം നേടാനുള്ള മാനസികസ്ഥിതി കൈവരിക്കാന്‍ ജീവിതപങ്കാളിയുടെ കൈത്താങ്ങ് ദൂരത്തായതും അവരുടെ പരാജയങ്ങളിലൊന്നായി.
കുടുംബത്തോട് ഏറ്റവും കൂടുതല്‍ പ്രതിബദ്ധതയും ആപല്‍ഘട്ടങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാനുള്ള കരുത്തും കൂടുതലുള്ളത് സ്ത്രീകള്‍ക്കാണ്. എന്നിരുന്നാലും ഉത്കണ്ഠയുടെയും അതിസംഘര്‍ഷങ്ങളുടെയും കൊടുങ്കാറ്റുകളെ ചില അവസരങ്ങളില്‍ അതിജീവിക്കാന്‍ കഴിയാതെ വരും. പ്രത്യേകിച്ച് കുടുംബഭാരം സംരക്ഷിക്കുകയെന്ന കൂട്ടുത്തരവാദിത്തത്തില്‍ നിന്നു പുരുഷന്‍ അകന്നുനില്‍ക്കുമ്പോള്‍.
ആണുങ്ങളില്ലാത്ത ഇത്തരം പെണ്ണുങ്ങളെ ആത്മസംഘര്‍ഷങ്ങളുടെ തലത്തില്‍നിന്നു യാഥാര്‍ഥ്യ ലോകത്തിന്റെ തലങ്ങളിലേക്കു കൊണ്ടുവരാനുള്ള  ബോധവല്‍ക്കരണം ഇന്നു സമൂഹത്തില്‍ അത്യന്താപേക്ഷിതമായിരിക്കുന്നു. ജീവകാരുണ്യ സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലകള്‍ ഇത്തരത്തിലുള്ളവരിലേക്കുകൂടി വ്യാപിപ്പിക്കുന്നതു നന്നായിരിക്കും. മാനസികവും ഭൗതികവുമായി സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് തങ്ങളിലേക്കു മാത്രം ഒതുങ്ങിക്കഴിയുന്നവരുടെ എണ്ണം സമൂഹത്തില്‍ നാള്‍ക്കുനാള്‍ ഏറിവരുന്നത്, പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞാല്‍ മറ്റുള്ളവരില്‍ നിന്നു ലഭിക്കേണ്ടി വരുന്ന പരിഹാസം ഒന്നു തന്നെയാണ്.
ഒരു വ്യക്തിക്കുണ്ടായിരിക്കേണ്ട സൗഹൃദങ്ങളുടെ പ്രസക്തിയും ഇത്തരം ഘട്ടങ്ങളിലാണു നാം തിരിച്ചറിയുന്നത്. ക്ഷേമരാഷ്ട്ര നിര്‍മാണമെന്ന വാഗ്ദാനവുമായി കവചകുണ്ഠലങ്ങളണിഞ്ഞ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നവരും സമൂഹത്തില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും നടക്കുന്ന ഇത്തരം കൂട്ട ആത്മഹത്യകളെക്കുറിച്ച് അറിഞ്ഞിരിക്കുകയും അതിനുള്ള പ്രതിവിധികള്‍ക്കായി പ്രവര്‍ത്തിക്കുകയും വേണം. മനുഷ്യഹൃദയങ്ങളെ അരക്ഷിതത്വത്തിലേക്കും അസ്വസ്ഥതകളിലേക്കും തള്ളിയിട്ടേക്കാവുന്ന സാമൂഹിക തിന്മകളെ കണ്ടറിഞ്ഞ് അതിനുള്ള പരിഹാരം നിര്‍ദേശിക്കുകയെന്ന ഉത്തരവാദിത്തം സമൂഹിക നായകന്മാര്‍ ഏറ്റെടുത്തു നടപ്പിലാക്കണം. മനുഷ്യനും മനുഷ്യനും തമ്മില്‍ ഇണങ്ങി ജീവിക്കണമെന്നും മനുഷ്യരാശിക്കാകമാനം ഒരാകാശവും ഒരു ഭൂമിയുമാണെന്ന സന്ദേശം ഉള്‍ക്കൊള്ളുകയും ചെയ്‌തെങ്കില്‍ മാത്രമേ സമത്വമെന്ന വാക്കിനായി നമുക്കു കാതോര്‍ക്കാനാവൂ.
ഒരു നിമിഷാര്‍ധത്തിന്റെ ദൗര്‍ബല്യത്തില്‍ എല്ലാം അവസാനിപ്പിച്ച് നിത്യസുഷുപ്തിയിലേക്ക് ആ അമ്മയ്ക്കു മടങ്ങാനായെങ്കിലും അവര്‍ ഈ ലോകത്തു ബാക്കിവച്ചുപോയ രണ്ടു കുഞ്ഞുങ്ങളോട് കടുത്ത അനീതിയാണു കാണിച്ചത്. കടുത്ത ആഘാതങ്ങളും താങ്ങാനാകാത്ത പ്രത്യാഘാതങ്ങളുമായി കഴിയുന്ന ആ കുഞ്ഞുങ്ങള്‍ക്കു ജീവിതത്തിന്റെ തിരശ്ശീല വീഴുംവരെ മനം പതറാതെയും കാലിടറാതെയും ഒരുപാട് ജീവിതദൂരങ്ങള്‍ പിന്നിടേണ്ടതുണ്ട്. ഒട്ടേറെ പുതുവര്‍ഷങ്ങളെ കൈയെത്തിച്ച് തൊടുമ്പോഴും കണ്ണീരിന്റെ രുചിയുള്ള ആ അവസാനവിരുന്നിന്റെ ഓര്‍മകളുമായിത്തന്നെ അവര്‍ ആയുഷ്‌കാലം ജീവിക്കും.  ജീവിച്ചല്ലേ മതിയാവൂ...

(കോട്ടയത്ത് മൂന്നു മക്കളെയും കൊണ്ട് ട്രെയിനിനു മുന്നില്‍ ചാടി വീട്ടമ്മ ആത്മഹത്യ  ചെയ്തപ്പോള്‍ തോന്നിയ ചില ചിന്തകള്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago