മോദി മിണ്ടിയില്ല
ന്യൂഡല്‍ഹി: പറയേണ്ടത് പറയാതെ പ്രധാനമന്ത്രി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളും സാമ്പത്തിക വിദഗ്ധരും ഇതുവരെ ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഗൗരവമേറിയ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി പറയാതെ മോദി രാജ്യത്തെ അഭിസംബോധന ചെയ്തു.
നോട്ട് നിരോധിച്ചതിന്റെ യഥാര്‍ഥ ലക്ഷ്യം എന്തായിരുന്നു? കള്ളപ്പണമായിരുന്നെങ്കില്‍ ഇതിനകം എത്ര പിടികൂടി? എത്ര പണം ഇതുവരെ ബാങ്കുകളില്‍ തിരിച്ചെത്തി? പണം തിരിച്ചെടുക്കുന്നതിന് ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം എത്രനാള്‍ തുടരും? തുടങ്ങി രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യങ്ങള്‍ക്കൊന്നും മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല. പകരം വരാനിരിക്കുന്ന ബജറ്റിലെ ഏതാനും പദ്ധതികള്‍ പ്രഖ്യാപിക്കുകയായിരുന്നു പ്രധാനമന്ത്രി. മോദിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:
നോട്ട് പിന്‍വലിക്കല്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധീകരണ പ്രക്രിയയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്നലെ രാത്രി 7.30ന് രാഷ്ട്രത്തോടായി ടെലിവിഷനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയും കള്ളപ്പണവും തടയാനാണ് നോട്ട് പിന്‍വലിച്ചത്. അഴിമതിക്കെതിരായ പോരാട്ടത്തിന് ജനം കാതോര്‍ത്തിരുന്ന ഘട്ടത്തിലാണ് കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ജനം ഒപ്പംനിന്നു.
കള്ളപ്പണത്തിനെതിരേ ത്യാഗമനോഭാവമാണ് രാജ്യം പ്രകടിപ്പിച്ചത്. ഇതിന് രാജ്യത്തോട് നന്ദിയുണ്ട്. ഈ ത്യാഗമാണ് നമ്മുടെ കരുത്ത്. നോട്ട് പിന്‍വലിക്കല്‍ മഹത്തായ ദൗത്യമായിരുന്നു. ബാങ്കുകള്‍ പരമ്പരാഗത പ്രവര്‍ത്തനരീതി ഉപേക്ഷിക്കാന്‍ തയാറായാലേ സേവനങ്ങള്‍ ജനത്തിന് പ്രയോജനപ്പെടൂ. കഴിഞ്ഞ 50 ദിവസങ്ങളില്‍ ജനം അനുഭവിച്ച ബുദ്ധിമുട്ട് മനസിലാക്കുന്നു. അഴിമതിക്കാരെ തുരത്താന്‍ നടപടി സ്വീകരിക്കും. ചില ഉദ്യോഗസ്ഥരും ബാങ്കുകളും പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചു.
ഇത്തരക്കാരെ നേര്‍വഴിയില്‍ എത്തിക്കും. സത്യസന്ധരായ ഉദ്യോഗസ്ഥരെ ബലിയാടാക്കാന്‍ അനുവദിക്കില്ല. ബാങ്കിങ് ഇടപാടുകള്‍ സാധാരണനിലയില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പൗരന്മാര്‍ക്ക് സ്വന്തം പണം ബാങ്കുകളില്‍നിന്ന് പിന്‍വലിക്കാനായി എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ ദീര്‍ഘനേരം വരിനില്‍ക്കേണ്ടിവന്നത് വിഷമിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ ജനങ്ങള്‍ക്ക് അഴിമതിയില്‍ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത്. കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
അതിനായാണ് മൂന്നു കോടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ റുപ്പെ കാര്‍ഡുകളാക്കുന്നത്. കാര്‍ഷിക വായ്പയുടെ ആദ്യ രണ്ടു മാസത്തെ പലിശ സര്‍ക്കാര്‍ വഹിക്കുമെന്ന പ്രഖ്യാപനത്തിനൊപ്പം കാര്‍ഷിക, ഭവന വായ്പയില്‍ ഇളവും വ്യാപാരികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഗ്യാരണ്ടിയും നടപ്പാക്കുമെന്നും മോദി പറഞ്ഞു.
പ്രഖ്യാപനങ്ങള്‍
- മൂന്നു കോടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ റുപ്പെ കാര്‍ഡുകളാക്കും
- കാര്‍ഷിക വായ്പയുടെ ആദ്യ രണ്ടു മാസത്തെ പലിശ സര്‍ക്കാര്‍ വഹിക്കും
- ഒമ്പത് ലക്ഷം വരെയുള്ള ഭവനവായ്പകള്‍ക്ക് നാലു ശതമാനം പലിശയിളവ്
- 12 ലക്ഷം വരെയുള്ള ഭവനവായ്പക്ക് മൂന്നു ശതമാനം പലിശയിളവ്
- 20 ലക്ഷം വരെയുള്ള ഭവനവായ്പക്ക് രണ്ട് ശതമാനം പലിശയിളവ്
- ഗ്രാമങ്ങളില്‍ 33 ശതമാനം വീടുകള്‍ നിര്‍മിക്കും
- നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ സഹായം
- ചെറുകിട വ്യാപാരികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഗ്യാരണ്ടി
- വീട് നവീകരിക്കാനുള്ള രണ്ടു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് മൂന്നു ശതമാനം പലിശയിളവ്
- മുതിര്‍ന്നവരുടെ ഏഴര ലക്ഷം വരെയുള്ള നിക്ഷേപത്തിന് എട്ടു ശതമാനം പലിശ
- ചെറുകിട വ്യവസായങ്ങള്‍ക്കായുള്ള വായ്പകള്‍ക്ക് രണ്ടു കോടിയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി
- ഗര്‍ഭിണികള്‍ക്ക് ചികിത്സാ സഹായമായി 6,000 രൂപ
- ചെറുകിട കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നികുത ആറു ശതമാനം
- തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."