ചെല്‍സിക്കും മാഞ്ചസ്റ്ററിനും ഹാപ്പി ന്യൂ ഇയർ
ലണ്ടന്‍: അവിസ്മരണീയ വിജയങ്ങള്‍ സ്വന്തമാക്കി ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും 2016നു വിട നല്‍കി പുതുവര്‍ത്തിലേക്ക് കടന്നു. ചെല്‍സി രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് സ്റ്റോക് സിറ്റിയെ പരാജയപ്പെടുത്തി തുടര്‍ച്ചയായ 13ാം വിജയം കുറിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ പിന്നില്‍ നിന്ന ശേഷം കരുത്തോടെ തിരിച്ചെത്തി 2-1നു മിഡ്ഡ്ല്‍സ്‌ബ്രോയെ കീഴടക്കുകയായിരുന്നു. മറ്റു മത്സരങ്ങളില്‍ ബേണ്‍ലി 4-1നു സണ്ടര്‍ലാന്‍ഡിനേയും ലെയ്സ്റ്റര്‍ സിറ്റി 1-0ത്തിനു വെസ്റ്റ് ഹാം യുനൈറ്റഡിനേയും വെസ്റ്റ് ബ്രോംവിച് ആല്‍ബിയോണ്‍ 2-1നു സതാംപ്ടനേയും ബേണ്‍മൗത്ത് 3-0ത്തിനു സ്വാന്‍സീ സിറ്റിയേയും കീഴടക്കി. ഹള്‍സിറ്റി- എവര്‍ട്ടന്‍ പോരാട്ടം 2-2നു സമനില.
വില്ല്യന്‍ നേടിയ ഇരട്ട ഗോളുകളും ഡീഗോ കോസ്റ്റ, ഗാരി കാഹില്‍ എന്നിവര്‍ നേടിയ ഗോളുകളുമാണ് ചെല്‍സിക്ക് വിജയം സമ്മാനിച്ചത്. അടിക്കു തിരിച്ചടി നല്‍കി സ്റ്റോക് സിറ്റി മികവോടെ പൊരുതിയെങ്കിലും 65ാം മിനുട്ടിലെ വില്ല്യന്‍ നേടിയ ഗോളിനും 85ാം മിനുട്ടില്‍ കോസ്റ്റ നേടിയ ഗോളിനും മറുപടി നല്‍കാന്‍ സ്റ്റോകിനു സാധിച്ചില്ല. കളിയുടെ 34ാം മിനുട്ടില്‍ കാഹിലാണ് ഗോളടിക്ക് തുടക്കമിട്ടത്. 57, 65 മിനുട്ടുകളില്‍ വില്ല്യന്‍ വല ചലിപ്പിച്ചു. 85ല്‍ കോസ്റ്റ പട്ടിക പൂര്‍ത്തിയാക്കി. ലീഗിലെ ഗോള്‍ നേട്ടം ഇതോടെ കോസ്റ്റ 14 ആക്കി ഉയര്‍ത്തി ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു.
സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തോല്‍വി മുന്നില്‍ കണ്ട ശേഷമാണ് മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഡ്ല്‍സ്‌ബ്രോയ്‌ക്കെതിരേ വിജയം സ്വന്തമാക്കിയത്. അവസാന നിമിഷങ്ങളില്‍ ഒരു മിനുട്ടിനിടെ മാഞ്ചസ്റ്റര്‍ വലയിലെത്തിച്ച രണ്ടു ഗോളുകള്‍ അവര്‍ക്ക് വിജയമൊരുക്കുകയായിരുന്നു. ആന്റണി മാര്‍ഷ്യലും പോള്‍ പോഗ്ബയുമാണ് ഗോള്‍ സ്‌കോറര്‍മാര്‍. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ 67ാം മിനുട്ടില്‍ മിഡ്ഡ്ല്‍സ്‌ബ്രോ മുന്നില്‍ കടന്നു. പിന്നീട് മാഞ്ചസ്റ്ററിന്റെ മുന്നേറ്റങ്ങളെ അവര്‍ ഫലപ്രദമായി പ്രതിരോധിച്ചു. എന്നാല്‍ 85ാം മിനുട്ടില്‍ പ്രതിരോധം പൊളിച്ച് മാര്‍ഷ്യല്‍ വല ചലിപ്പിച്ച് യുനൈറ്റഡിനെ ഒപ്പമെത്തിച്ചു. തൊട്ടടുത്ത മിനുട്ടില്‍ ഹെഡ്ഡറിലൂടെ പോഗ്ബ പട്ടിക പൂര്‍ത്തിയാക്കി മാഞ്ചസ്റ്ററിന്റെ ന്യൂ ഇയര്‍ ഹാപ്പിയാക്കി.
ജയത്തോടെ ചെല്‍സി 49 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. 36 പോയിന്റുകളുമായി ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."