ചലച്ചിത്ര പ്രതിസന്ധി പരിഹരിക്കാന്‍ കമ്മിഷനെ നിയോഗിക്കും: മന്ത്രി ബാലന്
വടകര: ചലച്ചിത്രമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിക്കുമെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലന്. ചലച്ചിത്ര മേഖല ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും സംഘടനകള്‍ പറയുന്ന വിഷയങ്ങളില്‍ കഴമ്പുണ്ട്. എന്നാല്‍, ഇതില്‍ ലാഭവിഹിതം പങ്കുവയ്ക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയമിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലം നല്കിയാല് അവിടങ്ങളില്‍ തിയറ്റര്‍ സ്ഥാപിക്കാന്‍ കേരള ഫിലിം ഡവലപ്മെന്റ് കോര്പറേഷന് സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തിയറ്ററുകളില്‍ റിലീസ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. കേരളത്തില്‍ 25 തിയറ്ററുകള്‍ സ്ഥാപിക്കാന്‍ നൂറുകോടി വകയിരുത്തിയിട്ടുണ്ട്.
സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നൂറു കോടി ചെലവഴിച്ച് എല്ലാ ജില്ലകളിലും സാംസ്കാരിക കോംപ്ലക്സുകള്‍ സ്ഥാപിക്കും. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീറിന്റെയും കണ്ണൂരില്‍ വാഗ്ഭടാനന്ദന്റെയും പേരിലായിരിക്കും കോംപ്ലക്സുകള്‍ സ്ഥാപിക്കുക. രണ്ടര വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കും. വടകരയില്‍ ടി.രാജന് എഴുതിയ 'വാഗ്ഭടാനന്ദന്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."