പ്രധാനമന്ത്രിക്കെതിരേ ഗുരുതര ആരോപണവുമായി ഉമ്മന്‍ചാണ്ടി
- കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയുമായി മോദിക്ക് ബന്ധം
- നോട്ട് അസാധുവാക്കലിനു പിന്നിലും കമ്പനിയുടെ താല്‍പര്യം
- മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലും സഹകരിച്ചു
കൊച്ചി: 2013ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബ്രിട്ടീഷ് കമ്പനിയായ ഡി ലാ റ്യൂവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബന്ധമുണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 10 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നതിന് ഡി ലാ റ്യൂ കമ്പനിക്ക് കരാര്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കുന്നതിന് തയ്യാറാക്കിയ കമ്പനികളുടെ ചുരുക്കപ്പട്ടികയില്‍ ഒന്നാമത്തെ പേര് ഈ കമ്പനിയുടേതാണ്.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ഈ ഇടപാടിനുപിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ഇത് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
1997-98 കാലഘട്ടത്തില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും ഒരുലക്ഷം കോടിരൂപയുടെ മൂല്യമുള്ള 360 കോടി നോട്ടുകള്‍ അച്ചടിക്കാന്‍ ഡി ലാ റ്യൂ അടക്കം മൂന്ന് വിദേശകമ്പനികളെയാണ് ഏല്‍പ്പിച്ചത്.
അമേരിക്കയിലെയും ജര്‍മ്മനിയിലെയും കമ്പനികളായിരുന്നു മറ്റുള്ളവ. എന്നാല്‍, ജഗദാംബിക പാലിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റിന്റെ പബ്ലിക് അണ്ടര്‍ ടേക്കിങ്‌സ് കമ്മിറ്റി വിദേശ രാജ്യങ്ങളില്‍ കറന്‍സി നോട്ടുകള്‍ അച്ചടിച്ചതില്‍ ഗുരുതര അപകടസാധ്യതയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
രാജ്യത്തിന്റെ സമ്പദ്ഘടനയെ അസ്ഥിരപ്പെടുത്തുന്നതും രാജ്യസുരക്ഷയ്ക്ക് ഭീഷണിയുമാണ് നടപടിയെന്നും കമ്മിറ്റി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നതിനോ നാണയങ്ങള്‍ നിര്‍മിക്കുന്നതിനോ മറ്റുരാജ്യങ്ങളെ ഏല്‍പ്പിക്കരുതെന്ന കമ്മിറ്റിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഡി ലാ റ്യൂവുമായി മോദി സര്‍ക്കാര്‍ സഹകരിച്ചുവരുന്നതായി ഉമ്മന്‍ചാണ്ടി തെളിവുകള്‍ നിരത്തി വ്യക്തമാക്കി.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയ നവംബര്‍ എട്ടിന് ഡല്‍ഹിയില്‍ നടന്ന ഇന്തോ-ബ്രിട്ടീഷ് ടെക് സമ്മിറ്റിലെ പ്ലാറ്റിനം സ്‌പോണ്‍സര്‍മാരില്‍ ഒന്ന് ഡി ലാ റ്യൂ കമ്പനിയായിരുന്നു.
മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലും ഈ കമ്പനി സഹകരിച്ചു പ്രവര്‍ത്തിച്ചതായി കമ്പനിയുടെ സി.ഇ.ഒ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
2013 മുതല്‍ 2015 വരെ ഡി ലാ റ്യൂ ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ 2016ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ കമ്പനി നൂറ് ശതമാനം പ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിനുശേഷം കമ്പനിയുടെ ഓഹരി മൂല്യം 33.33 ശതമാനം വര്‍ധിച്ചു.നോട്ട് അസാധുവാക്കലിനു പിന്നിലും കമ്പനിയുടെ താല്‍പര്യമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ കെ.വി തോമസ് എം.പി, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."