കലോത്സവം: പ്രകൃതി സൗഹൃദമാക്കാന്‍ ഹരിത പെരുമാറ്റചട്ടം
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു കണ്ണൂര്‍ വേദിയാകുമ്പോള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി ലക്ഷ്യമിടുന്നത് പ്രകൃതി സൗഹൃദവും പ്ലാസ്റ്റിക് മുക്തവുമായ സംഘാടന മാതൃക. ഡിസ്‌പോസബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍, പേപ്പര്‍ ഇലകള്‍, ഐസ്‌ക്രീം കപ്പുകള്‍, മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ എന്നിവയ്ക്കു പകരം വാഴയിലയോ സ്റ്റീല്‍, ചില്ല് ഗ്ലാസുകളോ ഉപയോഗിക്കാം. പ്ലാസ്റ്റിക് ബൊക്കെ, മാലയില്‍ ചേര്‍ക്കുന്ന പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, ആശംസാ ഫ്‌ളക്‌സുകള്‍, തെര്‍മോകോളില്‍ നിര്‍മിക്കുന്ന സ്വാഗത ബോര്‍ഡുകള്‍, കമാനങ്ങള്‍ എന്നിവയ്ക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തും.
പ്രകൃതിദത്ത പുഷ്പങ്ങളോ പേപ്പര്‍, തുണി എന്നിവ ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കളോ മാത്രമേ വേദിയിലും പരിസരത്തും ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കലോത്സവ നഗരിയെ ഗ്രീന്‍ സോണായി പ്രഖ്യാപിക്കുന്നതോടൊപ്പം എല്ലാ വേദികളിലും പരിപാടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് ശുചിത്വ പ്രതിജ്ഞ ചൊല്ലും. ഒപ്പം ശുചിത്വസന്ദേശങ്ങള്‍ വേദികളില്‍ വിളംബരം ചെയ്യും.
എല്ലാ വേദികളിലും പ്രത്യേക വളണ്ടിയര്‍മാരെ നിയോഗിച്ച് ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കലോത്സവ നഗരികളില്‍ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തും. ജൈവാവശിഷ്ടങ്ങളും അല്ലാത്തവയും നിക്ഷേപിക്കുന്നതിനു പ്രത്യേക കൊട്ടകള്‍ സ്ഥാപിക്കും. കമാനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രചാരണ സാമഗ്രികളും തീര്‍ത്തും പ്രകൃതിജന്യ വസ്തുക്കള്‍ ഉപയോഗിച്ചാണു തയാറാക്കുക.
പരിപാടികള്‍ കാണാനെത്തുന്നവര്‍ക്കു കുടിവെള്ള സൗകര്യവും ഒരുക്കുന്നുണ്ട്. പുറമെ നിന്നു ഭക്ഷ്യവസ്തുക്കള്‍ കലോത്സവ നഗരിയില്‍ കൊണ്ടുവരുന്നതിനും പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ കവറുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതിനും കര്‍ശന നിരോധനമുണ്ടാകും. പവലിയനുകള്‍ക്കു ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."