ജോലി തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി സി.എം.എഫ്.ആര്‍.ഐ
തിരൂര്‍: കേന്ദ്ര സര്‍ക്കാരിന് കീഴിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്ഥാപനങ്ങളിലും ജോലിയും ഗവേഷണ അവസരവും വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളെ വഞ്ചിക്കാന്‍ ശ്രമം നടക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ്. ഈ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രാദേശിക, ഗവേഷണ കേന്ദ്രങ്ങളില്‍ നിയമനത്തിനും ഇന്റര്‍വ്യൂവിനുമായി ചില അനധികൃത ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കത്തുകള്‍ അയച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സി.എം.എഫ്.ആര്‍.ഐ അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തുവന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്ഥാപനങ്ങളുടെയോ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയോ അറിവോടെയല്ല ഇത്തരം നടപടികളെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പ് തിരിച്ചറിയണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ സ്ഥാപനങ്ങളില്‍ സ്ഥിരം ഒഴിവുകളുള്ളതായി എവിടെയും ഔദ്യോഗികമായി അറിയിപ്പോ പരസ്യമോ നല്‍കിയിട്ടില്ല. ഏതെങ്കിലും വ്യക്തിയോ ഏജന്‍സികളോ വ്യാജ രേഖകള്‍ ഉണ്ടാക്കി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ അത് തീര്‍ത്തും നിയമവിരുദ്ധവും കുറ്റകൃത്യവുമാണെന്നും തട്ടിപ്പുകാരെ തിരിച്ചറിഞ്ഞാലുടന്‍ പൊലിസിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഏതെങ്കിലും ഉദ്യോഗാര്‍ഥികള്‍ക്ക് ഈ സ്ഥാപനങ്ങളുടെ പേരില്‍ ഇന്റര്‍വ്യൂവിനോ നിയമനത്തിനോ അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കില്‍ എത്രയും വേഗം സ്ഥാപന മേധാവികളുമായി ബന്ധപ്പെടണമെന്നുമാണ് മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."