അക്കാദമിക് രംഗത്ത് മാതൃകയായി സമസ്ത പൊതുപരീക്ഷാ മൂല്യനിര്‍ണയ ക്യാംപ്
മലപ്പുറം: 2,29,023 പരീക്ഷാര്‍ഥികള്‍, 8,06,112 ഉത്തരകടലാസുകള്‍, കുറ്റമറ്റ മൂല്യനിര്‍ണയത്തിന് അഞ്ചു നാള്. ചേളാരി സമസ്താലയത്തില്‍ ആരംഭിച്ച സമസ്ത പൊതുപരീക്ഷാ മൂല്യനിര്‍ണയ ക്യാംപാണ് രാജ്യാന്തര ശ്രദ്ധേയാകര്‍ഷിക്കുന്നത്. രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലും ജി.സി.സി രാഷ്ട്രങ്ങളിലുമായി സമസ്ത കേരളാ ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയുടെ മൂല്യനിര്‍ണയം തിങ്കളാഴ്ചയാണ് തുടങ്ങിയത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. മൂല്യനിര്‍ണയ സംവിധാനത്തിലും കുറ്റമറ്റ സംഘാടകനത്തിലൂടെയും അക്കാദമിക് രംഗത്ത് ഇതിനകം ക്യാംപ് പ്രശംസ നേടിയിരുന്നു.
സമസ്ത മദ്റസകളില്‍ നിന്നുള്ള 877 തെരഞ്ഞെടുത്ത അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നത്. അഞ്ചാം തരത്തില്‍ 4,27,066, ഏഴാംതരത്തില്‍ 2,51,566, പത്താം തരത്തില്‍ 1,15,822, പ്ലസ്ടുവില്‍ 11,663 ഉത്തരക്കടലാസുകള്‍ വീതമാണ് മൂല്യനിര്‍ണയത്തിനുള്ളത്. രണ്ടു ദിവസം പിന്നിട്ടതോടെ ക്യാംപില്‍ രണ്ടര ലക്ഷം ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി.ടാബുലേഷന്‍ ജോലികളും ഇതോടൊപ്പം പൂര്‍ത്തിയാക്കി വരുന്നു. വെള്ളിയാഴ്ചയോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാകും. രണ്ടാഴ്ചക്കകം ഫലപ്രഖ്യാപനം നടത്തി റമദാന് പതിനഞ്ചിന് അതാത് ഡിവിഷനുകളില്‍ മാര്‍ക്ക് ലിസ്റ്റ് വിതരണം ചെയ്യും.
ചേളാരി സമസ്താലയത്തില്‍ എട്ടു ഡിവിഷനുകളിലായാണ് മൂല്യനിര്‍ണയത്തിനു ക്രമീകരണം ഒരുക്കിയത്. ഓരോ ഡിവിഷനും ചീഫ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍, ചെക്കിങ്് ഇന്‍സ്പെക്ടര്‍ എന്നിവരെയും ടാബുലേഷന്‍ ജോലിക്കായി പ്രത്യേകം കംപ്യൂട്ടര്‍ വിങിനേയും സംവിധാനിച്ചിട്ടുണ്ട്.
രാവിലെ ആറു മുതല്‍ രാത്രി ഒന്‍പതുവരെയാണ് ക്യാംപ് പ്രവര്‍ത്തനം. ഇതിനിടയില്‍ നിസ്കാരത്തിനും ഭക്ഷണത്തിനും മാത്രമായാണ് ഇടവേള ക്രമീകരിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് മുഖേനയാണ് പ്രവേശനം. മൂല്യനിര്‍ണയ ജോലികളില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യതാമസ, ഭക്ഷണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഓഡിറ്റോറിയത്തിനു പുറമേ താല്കാലിക പന്തല്‍, ഡൈനിങ് ഹാള്‍, ഭക്ഷണശാല എന്നിവയും സമസ്തലായത്തോടു ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. അക്കാദമിക് രംഗത്തെ പ്രമുഖരും വിദ്യാഭ്യാസ വിചക്ഷകരും ഇതിനകം ക്യാംപ് സന്ദര്‍ശിക്കാനെത്തി.
മത വിദ്യാഭ്യാസ രംഗത്തെ രാജ്യാന്തര മാതൃകയായാണ് എസ്.കെ.ഐ.എം.വി.ബോര്‍ഡ് അറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."