ഹജ്ജ് ചര്‍ച്ച: ഇറാന്‍ സംഘത്തിന് സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ ക്ഷണം
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പു വെക്കുന്നതിനുള്ള ചര്‍ച്ചക്കായി ഇറാന്‍ പ്രതിനിധി സംഘത്തെ സഊദി ഔദ്യോഗികമായി ക്ഷണിച്ചു. നയതന്ത്ര പ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തങ്ങളുടെ രാജ്യക്കാരെ ഹജ്ജില്‍ നിന്നും ഇറാന്‍ തടഞ്ഞിരുന്നു. പിന്നീട് ഉംറക്ക് പോകുന്നതു പോലും ഇറാന്‍ സര്‍ക്കാര്‍ ഇറാനിയന്‍ ജനതയെ തടഞ്ഞുവരികയായിരുന്നു.
എന്നാല്‍, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളുമായി സഊദി ഭരണകൂടം നടത്തുന്ന ചര്‍ച്ചകളുടെ ഭാഗമായി ഇറാന്‍ ഔദ്യോഗിക സംഘത്തെയും ക്ഷണിച്ചതായി സഊദി ഹജ്ജ് ഉംറ മന്ത്രി ഡോ: മുഹമ്മദ് സ്വാലിഹ് ബിന്‍ തിന്‍ അറിയിച്ചു. ഇറാനില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെയും മറ്റു മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരെയും സഊദി സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 80 രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് ഔദ്യോഗിക സംഘങ്ങളെയാണ് ഹജ്ജ് കരാര്‍ ഒപ്പു വെക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിരിക്കുന്നത്.
''ഏറ്റവും ഭംഗിയായും കുറ്റമറ്റ നിലക്കും ഹജ്ജ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും യാതൊരു വിധ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കൂടാതെ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിന് അവസരമൊരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിയമ നിര്‍ദേശങ്ങള്‍ ശക്തമായി നടപ്പാക്കുന്നതിന് സഊദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്''. ഹജ്ജ് ക്രമീകരണവുമായി ബന്ധപ്പെട്ട എല്ലാ നിയമ നിര്‍ദേശങ്ങളും വിദേശ ഹജ്ജ് സംഘങ്ങളുമായും നടത്തുന്ന ചര്‍ച്ചകള്‍ക്കിടെ കൈമാറുമെന്നും ഹജ്ജ് ഉംറ മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നിരവധി തവണ ഇറാന്‍ സംഘം സഊദിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, ഹജ്ജ് കരാര്‍ ഒപ്പുവെക്കാന്‍ ഇറാന്‍ ഹജ്ജ് സംഘം തയ്യാറായില്ല. തീര്‍ത്ഥാടകരുടെ ഹജ്ജ് മുടങ്ങാതിരിക്കാന്‍ സഊദി അധികൃതര്‍ നിരവധി വിട്ടു വീഴ്ച്ചകള്‍ക്കും മറ്റും തയ്യാറായെങ്കിലും ഇറാന്‍ അധികൃതര്‍ അവസാന ചര്‍ച്ചയില്‍ നിന്നും ഇറങ്ങി പോകുകയായിരുന്നു. മറ്റ് രാജ്യങ്ങള്‍ക്ക് ലഭിക്കാത്ത പ്രത്യേകത ഇളവുകള്‍ തങ്ങളുടെ രാജ്യക്കാര്‍ക്ക് ലഭിക്കണമെന്ന ഇറാന്റെ നിലപാടാണ് ഹജ്ജ് കരാര്‍ ഒപ്പുവെക്കാതിരിക്കാന്‍ കാരണം.
എന്നാല്‍, ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ സുരക്ഷാ അപകടത്തിലാക്കുന്ന ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും ഇറാന്‍ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പ്രത്യേക ഇളവുകളും അവകാവശങ്ങളും വകവെച്ചു നല്‍കില്ലെന്നും ഹജ്ജിനെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും സഊദി അറേബ്യ വ്യക്തമാക്കുകയായിരുന്നു. എഴുപതിനായിരമാണ് ഇറാന്റെ ഹജ്ജ് ക്വാട്ട.
വിദേശ രാജ്യങ്ങളുല്‍ നിന്നുള്ള ഹജ്ജ് കാര്യ വകുപ്പ് സംഘങ്ങളുമായും ചര്‍ച്ചകള്‍ക്കും ഹജ്ജ് മന്ത്രാലയം തുടക്കം കുറിച്ചിട്ടിട്ടുണ്ട്. ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകള്‍, ബസ് കമ്പനികളുടെ കൂട്ടായ്മയായ ജനറല്‍ കാര്‍ സിന്‍ഡിക്കേറ്റ്, യുണൈറ്റഡ് ഏജന്‍സീസ് ഓഫിസ്, അദില്ല എസ്റ്റാബ്ലിഷ്‌മെന്റ് എന്നിവയുമായി സഹകരിച്ചാണ് വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."