ഹജ്ജ് ക്യാംപ്: നെടുമ്പാശ്ശേരിയില്‍ കൂടുതല്‍ സൗകര്യമൊരുക്കും
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിനു പുറപ്പെടുന്ന ഈ വര്‍ഷം നെടുമ്പാശ്ശേരിയിലെ താല്‍ക്കാലിക ഹജ്ജ് ക്യാംപില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ തീരുമാനം. ഇന്നലെ സിയാല്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി, സിയാല്‍ പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
കഴിഞ്ഞ വര്‍ഷം ക്യാംപൊരുക്കിയ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ട് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറുകളിലാണ് ഇത്തവണയും ക്യാംപ്. കഴിഞ്ഞ വര്‍ഷത്തെ അനുബന്ധ സൗകര്യങ്ങള്‍ ഇവിടെ നിലനിര്‍ത്തിയിട്ടുണ്ട്. അത് അറ്റകുറ്റപ്പണി നടത്തും. 76,377 അപേക്ഷരില്‍നിന്നു 9,943 പേരാണ് ഈ വര്‍ഷം തീര്‍ഥാടനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇവരെക്കൂടാതെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരും കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റ് വഴിയാണ് യാത്രയാകുന്നത്.
പന്ത്രണ്ടായിരത്തോളം തീര്‍ഥാടകര്‍ ഇത്തവണ നെടുമ്പാശ്ശേരിയില്‍നിന്നു യാത്രയാകാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഊദി എയര്‍ലൈന്‍സിനാണ് ഹജ്ജ് സര്‍വിസ് നടത്തുന്നതിനുള്ള കരാര്‍ ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെയാണ് വിമാനങ്ങള്‍ യാത്രയാകുന്നത്.ഓരോ ദിവസവും 450 പേര്‍ വീതം യാത്ര ചെയ്യുന്ന രണ്ടു വിമാനങ്ങളാണുണ്ടാകുക. ചില ദിവസങ്ങളില്‍ മൂന്നു വിമാനങ്ങള്‍ സര്‍വിസ് നടത്തും. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 11 വരെയാണ് ഹാജിമാരുടെ മടക്കയാത്ര.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, എക്‌സിക്യൂട്ടീവ് ഓഫിസറായ മലപ്പുറം ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതി ഐ.എ.എസ്, അസി. സെക്രട്ടറി ഇ.സി മുഹമ്മദ്, കോഡിനേറ്റര്‍ മുജീബ് പുത്തലത്ത്, മാസ്റ്റര്‍ ട്രെയ്‌നര്‍ എന്‍.പി ഷാജഹാന്‍, ജില്ലാ ട്രെയ്‌നര്‍ സി.എം അഷ്‌കര്‍, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.സി.കെ നായര്‍, എ.എം ഷബീര്‍ തുടങ്ങിയവരാണ് യോഗത്തില്‍ സംബന്ധിച്ചത്.
കുറച്ചുപേര്‍ക്കു കൂടി അവസരം ലഭിക്കുമെന്നു പ്രതീക്ഷ
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിലും കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലും നടത്തിയ ശക്തമായ സമ്മര്‍ദത്തിന്റെ ഫലമായാണ് ഇത്തവണ കേരളത്തിനു കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചതെന്നും ഒഴിവുവരുന്ന സീറ്റുകള്‍ പങ്കിടുമ്പോള്‍ കുറച്ചുപേര്‍ക്കു കൂടി അവസരം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍. ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് സിയാല്‍ അധികൃതരുമായി നടന്ന ചര്‍ച്ചകള്‍ക്കു ശേഷം സംസാരിക്കുകയായിരുന്നു അദേഹം.
അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ മുഴുവന്‍ അപേക്ഷകര്‍ക്കും 70 വയസ് കഴിഞ്ഞ എല്ലാ അപേക്ഷകര്‍ക്കും ഇത്തവണ അവസരം ലഭിച്ചിട്ടുണ്ട്. കൂടുതലായി ലഭിക്കുന്ന സീറ്റുകളിലേക്കു നാലാംവര്‍ഷ അപേക്ഷകരില്‍നിന്നു വെയ്റ്റിങ് ലിസ്റ്റിലുള്ളവരെ പരിഗണിക്കും. 9,803 പേരാണ് നാലാം വര്‍ഷ അപേക്ഷകരായുള്ളത്. ഇപ്പോഴും സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂര്‍തന്നെയാണെന്നും താല്‍ക്കാലികമായി മാത്രമാണ് നെടുമ്പാശ്ശേരിയിലേക്കു മാറ്റിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരിപ്പൂരില്‍തന്നെ എംബാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്തും. നെടുമ്പാശ്ശേരിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് നിര്‍മിക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."