പ്രതീക്ഷയുടെ പുതുവര്‍ഷം പിറന്നു
ഒക്‌ലന്റ്: സമാധാനവും പ്രതീക്ഷയും നിറഞ്ഞ പുതുവര്‍ഷമാകട്ടെയെന്ന് ആശംസിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2017 നെ വരവേറ്റു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു സെക്കന്റ് കൂടി അധികം കാത്തിരുന്നാണ് ഇത്തവണ പുതുവര്‍ഷത്തെ ലോകം വരവേറ്റത്. നാഷനല്‍ ഫിസിക്കല്‍ ലബോറട്ടറി സമയക്രമത്തിലാണ് ഒരു സെക്കന്റ് (ലീപ് സെക്കന്റ്) കൂട്ടിച്ചേര്‍ത്തത്. യു.എസിലും ലാറ്റിനമേരിക്കയിലും കഴിഞ്ഞ വര്‍ഷം തീരാന്‍ ഒരു സെക്കന്റ് വൈകി.
ന്യൂസിലന്റിലെ ഓക്്‌ലന്റിലാണ് ഇത്തവണ ആദ്യം പുതുവര്‍ഷമെത്തിയ പ്രധാന നഗരം. പസഫിക് ദ്വീപുകളിലെ സമോവ, ടോംഗ, കിരിബതി, പോളിനീസിയ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 3.30ന് 2017 പിറന്നിരുന്നു. ഇന്ത്യന്‍ സമയം നാലരയോടെയാണ് ആസ്‌ത്രേലിയയില്‍ 2017 പിറന്നത്.
ഒക്്‌ലന്റിലെ സ്‌കൈ ടവറിലായിരുന്നു പ്രധാന ആഘോഷ പരിപാടികള്‍. 500 കിലോ കരിമരുന്ന് പ്രയോഗമാണ് ഇവിടെ നടന്നത്. സിഡ്്‌നിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാനെത്തിയത്. വൈകിട്ടോടെ സിഡ്്‌നി നഗരം സജീവമായി. ഏഴു ടണ്‍ കരിമരുന്നാണ് പുതുവത്സരാഘോഷത്തിന് വേണ്ടി തയാറാക്കിയത്.
ആസ്‌ത്രേലിയക്ക് ശേഷം ജപ്പാനിലാണ് പുതുവര്‍ഷം പിറന്നത്. ആരാധാനാലയങ്ങളിലെ മണിമുഴക്കിയാണ് ജപ്പാന്‍ 2017 നെ വരവേറ്റത്. ബെയ്ജിങിലെ ഷാന്‍ഹായിലും ആഘോഷം നടന്നു. രണ്ടുവര്‍ഷം മുമ്പ് ഷാന്‍ഹായില്‍ പുതുവത്സരാഘോഷത്തിനിടെ 30 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചതിനാല്‍ വന്‍സുരക്ഷാ ക്രമീകരണങ്ങള്‍ നടന്നിരുന്നു. മൂന്നു ലക്ഷം പേരാണ് ഇവിടെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."