ഭിക്ഷാടനത്തിന്റെ കഥപറഞ്ഞ് അമീനിന്റെ ദൃശ്യാവിഷ്‌കാരം
നടുവണ്ണൂര്‍: മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചു സമയം കളയുന്ന കുട്ടികള്‍ക്കിടയില്‍ വേറിട്ട മാതൃക തീര്‍ക്കുകയാണ് തിരുവോട് കൂരികണ്ടി അമീന്‍ അന്‍വര്‍ എന്ന ഒന്‍പതാം ക്ലാസുകാരന്‍. വീട്ടിലെ മൊബൈല്‍ ഫോണും ടാബും ഉപയോഗിച്ച് 26 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിച്ചാണ് ഈ കൊച്ചു മിടുക്കന്‍ വ്യത്യസ്തനാകുന്നത്. 'ഗുണ്ട' എന്നു പേരിട്ടിരിക്കുന്ന ദൃശ്യാവിഷ്‌കാരത്തിന്റെ കഥ, സംവിധാനം, കാമറ, എഡിറ്റിഡ് എല്ലാം അമീന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
കുട്ടികളെ തട്ടികൊണ്ടുപോയി അംഗവൈകല്യം വരുത്തി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന മാഫിയാ സംഘത്തിന്റെ ക്രൂരതകളാണ് 'ഗുണ്ട'യിലെ പ്രമേയം. ഡോക്യുമെന്ററിയില്‍ മാരകായുധം ഉപയോഗിച്ച് അംഗവൈകല്യം വരുത്തുമ്പോള്‍ രക്തം ചീറ്റുന്ന രംഗമുണ്ട്. ഇതു എങ്ങനെ ചെയ്തുവെന്നു ചോദിച്ചപ്പോള്‍ ചെമ്പരത്തിപ്പൂവും മഷിയും ഉപയോഗിച്ചാണെന്ന് കുട്ടി സംവിധായകന്‍ പറയുന്നു. പുകവലിക്കുന്ന രംഗത്തില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പു നല്‍കാനും സംവിധായകന്‍ മറന്നിട്ടില്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമീനിന് ഡോക്യുമെന്ററികളോടുള്ള ആഗ്രഹം തുടങ്ങിയത്. ഇതിനകം ഇത്തരത്തിലുള്ള മറ്റു മൂന്നു ഡോക്യുമെന്ററികളും അമീന്‍ നിര്‍മിച്ചിട്ടുണ്ട്. ഒന്നാം ക്ലാസുകാരനായ സഹോദരന്‍ സാബിത്ത് ഉള്‍പ്പെടെ 12ഓളം കുട്ടികള്‍ ഇതില്‍ കഥാപാത്രങ്ങളായി വേഷമിട്ടിട്ടുണ്ട്. തിരുവോട് കൂരിക്കണ്ടി റഷീദിന്റെയും കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക പി.കെ നദീറയുടെയും മകനാണ്. പഠനത്തില്‍ മിടുക്കനായ അമീന്‍ അന്‍വര്‍ വാകയാട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."