കാഞ്ഞിര കയ്പ്പറിഞ്ഞ് കാഞ്ഞിരത്തിനാല്‍ കുടുംബം
കല്‍പ്പറ്റ: നീതി തേടിയുള്ള കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സത്യഗ്രഹ സമരം അനീതിയുടെ കാഞ്ഞിര കയ്പ്പറിഞ്ഞ് ഇന്നും തുടരുന്നു. 2014 ഓഗസ്റ്റ് 15ന് കല്‍പ്പറ്റ കലക്ടറേറ്റ് പടിക്കല്‍ ആരംഭിച്ച സമരമാണ് 2015-ഉം 2016-ഉം പിന്നിട്ട് 2017ന്റെ പുതുവര്‍ഷ പുലരിയിലും ടാര്‍പോളിന്‍ ഷീറ്റിന്റെ തണലില്‍ തുടരുന്നത്.
ഭരണകൂട, ഉദ്യോഗസ്ഥ നെറികേടിന്റെ ഉത്തമ ഉദാഹരമാണ് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മകള്‍ ട്രീസയും കുടുംബവും നടത്തുന്ന സമരം. സ്വന്തം ഭൂമി വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് ഇവരുടെ സമരം. തെളിവുകളും രേഖകളും ഇവര്‍ക്കനുകൂലമായിട്ടും ഉന്നതരുടെ ഇടപെടലുകളാണ് ഇവര്‍ക്ക് നീതി നിഷേധിക്കുന്നത്.
വില കൊടുത്തു വാങ്ങിയ ഇവരുടെ സ്വന്തം ഭൂമി നിക്ഷിപ്ത വനഭൂമിയായി വനം വകുപ്പ് വിജ്ഞാപനം ചെയ്തതോടെയാണ് ഇവര്‍ നീതി തേടി പോരാട്ടം തുടങ്ങിയത്. എന്നാല്‍ വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, കേസ് ഏല്‍പ്പിച്ച അഭിഭാഷകര്‍ ഉള്‍പെടെ ഉന്നതങ്ങളിലെ ഗൂഡാലോചന ഇവര്‍ക്കിപ്പോഴും നീതി നിഷേധിക്കുകയാണ്.
അവസാനമായി 2016 സെപ്റ്റംബര്‍ അഞ്ചിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി വിഷയവുമായി ബന്ധപ്പെട്ട യോഗത്തില്‍ സെപ്റ്റംബര്‍ 19ന് വിഷയം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് ജില്ലാ കലക്ടര്‍, സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ (ഫോറസ്റ്റ്) എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാനായിരുന്നു തീരുമാനം.
എന്നാല്‍ ഈ റിപ്പോര്‍ട്ടും ഇതുവരെ കോടതിയിലെത്തിയിട്ടില്ല. റിപ്പോര്‍ട്ടിന്റെ അടിസ്ഥനത്തില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ല. സര്‍ക്കാര്‍ സ്ത്യവാങ്മൂലം നല്‍കിയിരുന്നെങ്കില്‍ കഴിഞ്ഞ നവംബര്‍ ആറിന് കോടതിയില്‍ കേസ് വിളിച്ചപ്പോള്‍ ഈ കുടുംബത്തിന് നീതി ലഭിക്കുമായിരുന്നു.
നീതി പീഠത്തോട് സത്യം നേരിട്ട് ബോധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ഒരവസരം തരണം, അല്ലങ്കില്‍ ഞങ്ങളെ വെടിവച്ചു കൊല്ലുകയോ ജയലിലടക്കുകയോ ചെയ്യണമെന്ന അഭ്യര്‍ഥനമാത്രമാണ് ഈ കുടുംബത്തിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."