ഭൂമി വില്‍പന കുത്തനെ കുറഞ്ഞു
തലശ്ശേരി: 1000,500 കറന്‍സികള്‍ നിരോധിച്ചതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക അടിയന്തിരാവസ്ഥയില്‍ ഭൂമി വില്‍പ്പന 90 ശതമാനം കുറഞ്ഞു. ഇന്നത്തെ അവസ്ഥ മാറാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് ഭൂമി ഇടപാടു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കണക്കുകൂട്ടല്‍.
നോട്ട് നിരോധനം വന്നതിനു ശേഷം സംസ്ഥാനത്തെ രജിസ്ട്രാര്‍ ഓഫിസുകളില്‍ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് നടക്കുന്ന രജിസ്‌ട്രേഷന്‍ വിരലിലെണ്ണാവുന്നതു മാത്രമാണ്. നേരത്തെ പണം നല്‍കിയതും ബാങ്ക് മുഖേന പൂര്‍ണമായും വായ്പയെടുത്ത് ഭൂമി വാങ്ങുന്നതും മാത്രമാണ് ഒന്നര മാസത്തിനിടെ നടന്ന ഭൂമി രജിസ്‌ട്രേഷനെന്നു തലശ്ശേരി രജിസ്ട്രാര്‍ ഓഫിസിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഒസ്യത്ത്, മുക്ത്യാര്‍, ഭാഗപത്രം, ദാനാധാരം, ധന നിശ്ചയ ആധാരം എന്നിവ മാത്രമാണ് ഇപ്പോള്‍ രജിസാട്രാര്‍ ഓഫിസില്‍ നടക്കുന്ന ജോലി. മാസത്തില്‍ 3000ത്തിലേറെ ഭൂ രജിസ്‌ട്രേഷന്‍ നടന്നുവന്നിരുന്ന ജില്ലാ രജിസ്ട്രാര്‍ ഓഫിസില്‍ നോട്ട് നിരോധനത്തിനു ശേഷം 1500ല്‍ താഴെ രജിസ്‌ട്രേഷന്‍ മാത്രമാണുണ്ടായത്. പുതുതായി ഭൂമി വില്‍പ്പന രജിസ്റ്റര്‍ ചെയ്തത് നവംബര്‍ രണ്ടാം വാരം മുതല്‍ ഡിസംബര്‍ അവസാനം വരെ വെറും 10 ശതമാനം മാത്രമാണ്.
ഭൂരജിസട്രേഷനുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആധാരം എഴുത്തുകാരും ഭൂമി വില്‍പ്പനക്ക് ഇട നിലക്കാരായി പ്രവര്‍ത്തിക്കുന്ന ബ്രോക്കര്‍മാരും ജോലി ഇല്ലാതെ ഇപ്പോള്‍ നട്ടം തിരിയുകയാണ്.
ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ബ്രോക്കര്‍മാര്‍ക്ക് മൂന്ന് ശതമാനം അംഗീകൃത കമ്മിഷന്‍ ലഭിച്ചു വരുന്നതായിരുന്നു. സാമ്പത്തിക അടിയന്തിരാവസ്ഥ വന്നതോടെ ഭൂമി വാങ്ങാന്‍ ആരും മുന്നോട്ടു വരാതെയുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."