നെഹ്‌റു കോളജിനു പുതുവത്സര സമ്മാനമായി 1.10 കോടിയുടെ ധനസഹായം
നീലേശ്വരം: സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്കു കടക്കുന്ന കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്ന് അധ്യയന-ഗവേഷണ സൗകര്യങ്ങളുടെ വികസനത്തിനു 110 ലക്ഷം രൂപ അനുവദിച്ചു. കോളജിലെ ശാസ്ത്ര വകുപ്പുകള്‍ക്ക് അനുവദിച്ച ധനസഹായത്തില്‍ 32 ലക്ഷം അധ്യയന സൗകര്യ വികസനത്തിനും 60 ലക്ഷം ഗവേഷണ സൗകര്യങ്ങളുടെ വികസനത്തിനും ഏഴു ലക്ഷം കംപ്യൂട്ടര്‍ ലാബ് സജ്ജമാക്കുന്നതിനും മൂന്നു ലക്ഷം അനുബന്ധ പുസ്തകങ്ങള്‍ വാങ്ങുന്നതിനും അഞ്ചു ലക്ഷം ഇ-ലേണിങ്ങ് സെന്റര്‍ സ്ഥാപിക്കുന്നതിനും മൂന്നു ലക്ഷം മെയിന്റനന്‍സിനും ആണ് വകയിരുത്തിയിട്ടുള്ളത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഫിസ്റ്റ് ( ഫണ്ട് ഫോര്‍ ഇംപ്രൂവ്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി) പദ്ധതി പ്രകാരം ഒരു കോടിയിലേറെ ധനസഹായം ലഭിക്കുന്ന മലബാറിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി നെഹ്‌റു കോളജ് മാറി.
പ്രിന്‍സിപ്പല്‍ ഡോ. പി.വി പുഷ്പജ, ഫിസ്റ്റ് കോളജ് തല കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.വി മുരളി എന്നിവര്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന ഫിസ്റ്റ് ഉന്നത സമിതി യോഗത്തില്‍ കോളജിന്റെ ഭാവി പരിപാടികള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണു കോളേജിന് ധന സഹായം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."