കേരളാ ടീമില്‍ ജില്ലയില്‍നിന്ന് നാലു പേര്; രണ്ടു പേര് പുതുമുഖങ്ങള്‍
മലപ്പുറം: സന്തോഷ് ട്രോഫി ടീമില്‍ മലപ്പുറത്തിന്റെ പടയോട്ടം അവസാനിക്കുന്നില്ല. വെള്ളിയാഴ്ച പ്രഖ്യാപിച്ച കേരളത്തിന്റെ ഇരുപതംഗ ടീമില്‍ മലപ്പുറത്തുനിന്നു നാലു പേരാണ് ഉള്‍പ്പെട്ടത്. അതില്‍ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ സ്ഥാനങ്ങള്‍ മലപ്പുറത്തിനു സ്വന്തമാണ്.
താനൂര്‍ സ്വദേശി പി. ഉസ്മാനാണ് കേരള ക്യാപ്റ്റന്‍. ഫിറോസ് കളത്തിങ്കല്‍ വൈസ് ക്യാപ്റ്റന്റെ കുപ്പായമണിയും. അഷറുദ്ദീന്, ജിഷ്ണു ബാലകൃഷ്ണന് എന്നിവരാണ് മറ്റു രണ്ടു പേര്. അഞ്ചു വര്‍ഷം സന്തോഷ് ട്രോഫി കളിച്ച രണ്ടു പേരും ആദ്യമായി കുപ്പായമിടുന്ന രണ്ടു മുഖങ്ങളുമാണ് മലപ്പുറത്തുനിന്ന്. ഉസ്മാനും ഫിറോസും ഇത് അഞ്ചാംതവണയാണ് കേരളത്തിനായി ബൂട്ടണിയുന്നത്. ജിഷ്ണു ബാലകൃഷ്ണനെയും അഷറുദ്ദീനെയും അണ്ടര്‍ 21 മത്സരത്തില്‍നിന്നാണ് തെരഞ്ഞെടുത്തത്.
മുന്നേറ്റ നിരക്കാരനാണ് എസ്.ബി.ടിയുടെ താരമായ ഉസ്മാന്. ഫിറോസ് കേരളാ പൊലിസ് താരമാണ്. മഞ്ചേരി പുല്ലൂരാണ് സ്വദേശം. അരീക്കോട് എസ്.എസ് കോളജിലെ വിദ്യാര്‍ഥിയാണ് മധ്യനിരക്കാരന് കൂടിയായ അഷറുദ്ദീന്. മുന്‍ സന്തോഷ് ട്രോഫി താരം നിഷാദ് സഹോദരനാണ്. ജിഷ്ണു മഞ്ചേരി എന്‍.എസ്.എസ് കോളജില്‍നിന്നാണ് ടീമിലേക്കെത്തുന്നത്. സുബ്രതോ മുഖര്‍ജി കപ്പില്‍ പങ്കെടുത്ത എം.എസ്.പി ടീമില്‍ അംഗമായിരുന്നു ഈ മധ്യനിരക്കാരന്. 2013ല്‍ അര്‍ജന്റീനയില്‍ ഫുട്ബോള്‍ പരിശീലനത്തിനുപോയ മൂന്നു പേരില്‍ ഒരാള്‍ ജിഷ്ണുവായിരുന്നു. മലപ്പുറം കാവുങ്ങല്‍ സ്വദേശിയാണ്.
ദക്ഷിണമേഖലാ മത്സരങ്ങള്‍ ജനുവരി അഞ്ച് മുതല്‍ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ തുടങ്ങും. ഉദ്ഘാടന മത്സരം കേരളവും പോണ്ടിച്ചേരിയും തമ്മിലാണ്. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവരുമായാണ് കേരളത്തിന്റെ മറ്റു മത്സരങ്ങള്‍. വി.പി ഷാജിയാണ് പരിശീലകന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."