ഷാള്‍ സ്‌കൂട്ടറില്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മകള്‍ക്ക് ഗുരുതര പരിക്ക്
കൊല്ലം: ഷാള്‍ കുരുങ്ങി നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് ഇരുചക്ര വാഹന യാത്രികയായ കെ.എം.എം.എല്‍ ജീവനക്കാരിയും കരാട്ടേ പരിശീലകയുമായ യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഇരട്ടകളായ കുട്ടികളില്‍ ഒരാള്‍ക്ക് ഗുരുതര പരുക്ക്.
പത്തനംതിട്ട റാന്നി അറിയാഞ്ഞിലിമണ്ണ് പ്ലാന്തോട്ടത്തില്‍ സി.കെ.അജിത(37) ആണ് മരിച്ചത്. മകളായ അമൃത (10)യെ ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 4.30 ഓടെ ശാസ്താംകോട്ട ടൈറ്റാനിയം റോഡില്‍ വടുതല ജംഗ്ഷന് സമീപമാണ് അപകടം.
ഇടുക്കി കുളമാവിലെ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ പന്‍മന നടുവത്ത് ചേരിയിലെ വാടക വീട്ടില്‍ നിന്നും ഇരട്ടകളായ പെണ്‍മക്കളുമായി പോകുകയായിരുന്നു.
റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയില്‍ ചുരിദാറിന്റെ ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡരുകിലെ തേക്ക് മരത്തിലിടിച്ച് തെറിച്ചാണ് അപകടമുണ്ടായത്.
അമൃതയെ കൂടാതെ മറ്റൊരു മകളായ അര്‍ച്ചനയും ഒപ്പം ഉണ്ടായിരുന്നു.
ഇവരില്‍ അമൃത തെറിച്ച് വീണ് ഗുരുതര പരുക്കേറ്റപ്പോള്‍ അര്‍ച്ചന നിസാര പരുക്കുകളോടെ രക്ഷപെട്ടു. പരുക്കേറ്റ് ഏറെ നേരം കിടന്ന അജിത തലക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ച്തന്നെ മരണപ്പെട്ടിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചെത്തിയ ആംബുലന്‍സില്‍ കുട്ടികളെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടു പോകുകയായിരുന്നു.
റാന്നി സ്വദേശിയും ഫോറസ്റ്റ് വകുപ്പില്‍ ജീവനക്കാരനുമായ രമേശന്റെ ഭാര്യയായ അജിത മക്കള്‍ക്കൊപ്പം അഞ്ചര വര്‍ഷക്കാലമായി പന്മനയില്‍ താമസം തുടങ്ങിയിട്ട്.
കെ.എം.എം.എല്ലിലെ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ ഗോഡ് അസിസ്റ്റന്റായിരുന്നു. കരാട്ടേ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ള അജിത ദേശീയ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളിലെ സ്വര്‍ണമെഡല്‍ ജേതാവും നിരവധി കേന്ദ്രങ്ങളില്‍ കരാട്ടേ പരിശീലകയുമായിരുന്നു.
കെ.എം.എം.എല്ലില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം പന്മനയിലെ വീട്ടിലെത്തിച്ച ശേഷം റാന്നിയിലെ ഭര്‍തൃഗൃഹത്തില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."