സി.പി.ഐ നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും; സി.പി.എമ്മിനു മറുപടിയുണ്ടാകും
തിരുവനന്തപുരം: സി.പി.എം മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് രാവിലെ പാര്‍ട്ടി ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ ആരംഭിക്കും. ഇന്ന് സംസ്ഥാന എക്‌സിക്യൂട്ടീവും നാളെയും മറ്റന്നാളും സംസ്ഥാന കൗണ്‍സിലുമാണ് ചേരുക. ഹൈദരാബാദില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിനെന്ന പേരിലാണ് യോഗങ്ങള്‍ ചേരുന്നതെങ്കിലും സി.പി.എമ്മിനുള്ള മറുപടി തയാറാക്കലായിരിക്കും മുഖ്യ അജണ്ടന്‍ഡ.
സി.പി.എം മന്ത്രിമാര്‍ പൊതുവേദികളില്‍ സി.പി.ഐ മന്ത്രിമാര്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിഷേധമുണ്ട്. ഇതു മുന്നണി മര്യാദകളുടെ ലംഘനമാണെന്നും പരസ്യമായ കുറ്റപ്പെടുത്തലുകള്‍ തുടരുകയാണെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നുമുള്ള അഭിപ്രായക്കാരാണ് നേതാക്കളിലധികവും. മന്ത്രിമാരായ എം.എം മണിയും എ.കെ ബാലനും പരസ്യമായി സി.പി.ഐ മന്ത്രിമാരെ ആക്ഷേപിച്ചിട്ടും സി.പി.എം നേതൃത്വം മൗനം പാലിക്കുകയാണ്. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ സമ്മതത്തോടു കൂടി തന്നെയാണ് മന്ത്രിമാരുടെ പരസ്യ പ്രതികരണങ്ങളെന്ന് സി.പി.ഐ വിലയിരുത്തുന്നതും ഇതുകൊണ്ടാണ്. ഈ സാഹചര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് യോഗം ചര്‍ച്ച ചെയ്യും.
ഭൂരഹിതരായ ആദിവാസികള്‍ക്കു ഭൂമി നല്‍കുന്നതിനു സി.പി.ഐ മന്ത്രിമാര്‍ തടസ്സം നില്‍ക്കുന്നു എന്ന സൂചനയോടെ എ.കെ ബാലന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. സി.പി.ഐ മന്ത്രിമാര്‍ക്ക് സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ നിലക്കു നിര്‍ത്താന്‍ കഴിയുന്നില്ലെന്നും മന്തിമാര്‍ ആദിവാസികളെ മാവോയിസ്റ്റുകളാക്കുമെന്നും ബാലന്‍ ആരോപിച്ചിരുന്നു. കൂടാതെ വി.എസ് മന്ത്രിസഭയിലെ സിപി.ഐ മന്ത്രിമാരായിരുന്ന ബിനോയ് വിശ്വത്തെയും കെ.പി രാജേന്ദ്രനെയും പുകഴ്ത്തുകയും ഇപ്പോഴത്തെ മന്ത്രിമാര്‍ അവരെ കണ്ടണ്ടു പഠിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. കോടതി വിധിയുടെ കാര്യത്തില്‍ എം.എം മണിയെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചതെങ്കിലും പാര്‍ട്ടിയുടെ മന്ത്രിമാര്‍ക്കെതിരേ മണി പരസ്യ വിമര്‍ശനമുന്നയിച്ചിരുന്നു.
സി.പി.ഐ നേതൃത്വം ശക്തമായ നിലപാട് സ്വീകരിക്കാത്തുകൊണ്ടാണ് ഇതു തുടരുന്നതെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത ഭാഷയില്‍ തന്നെ മറുപടി പറയാന്‍ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് അറിയുന്നു. കൂടാതെ ഭരണത്തിന്റെ വിലയിരുത്തലും പൊതുവായ രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും യോഗത്തിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."