എഫ്.സി.ഐ ഡിപ്പോകള്‍ കാലിയാകുന്നു; റേഷന്‍ വിതരണം സ്തംഭനത്തിലേക്ക്
ആലപ്പുഴ: സംസ്ഥാനത്തെ എഫ്.സി.ഐ സംഭരണശാലകളില്‍ ഭക്ഷ്യധാന്യങ്ങളുടെ അളവ് ക്രമാതീതമായി കുറഞ്ഞുതുടങ്ങി. പുതുവര്‍ഷത്തില്‍ വിതരണം ചെയ്യാന്‍ ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാത്ത സാഹചര്യമാണുളളത്. കഴിഞ്ഞ ആറുമാസമായി തുടരുന്ന മുന്‍കൂര്‍ വിഹിതമെടുപ്പാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ സാഹചര്യത്തില്‍ ഭക്ഷ്യമന്ത്രി നേരിട്ട് റേഷന്‍ കടകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തല്‍ ആരംഭിച്ചു.
സന്ദര്‍ശനത്തിനുശേഷം മുഴുവന്‍ ഭക്ഷ്യധാന്യങ്ങളും റേഷന്‍ കടകളില്‍ എത്തിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെതായി വന്ന പ്രസ്താവന റേഷന്‍ വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ഒരു റേഷന്‍ കാര്‍ഡിലെ രണ്ട് അംഗങ്ങള്‍ക്ക് മാത്രമുളള വിഹിതമാണ് ഇപ്പോള്‍ വിതരണം ചെയ്യാന്‍ എത്തിച്ചിട്ടുളളത്. എന്നാല്‍ ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് റേഷന്‍ വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.
ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി കേന്ദ്രം വെട്ടിക്കുറച്ച നാല് ലക്ഷം മെട്രിക് ടണ്‍ അരിയുടെ കുറവ് സംസ്ഥാനത്തെ റേഷന്‍ വിതരണത്തെ താറുമാറാക്കിയിരിക്കുകയാണ്. കേന്ദ്ര വിഹിതമായി വര്‍ഷംതോറും ലഭിച്ചുക്കൊണ്ടിരുന്ന 14.25 ലക്ഷം മെട്രിക് ടണ്‍ അരിയില്‍നിന്നും 10 ലക്ഷം മെട്രിക് ടണ്‍ അരിയും മുന്‍ഗണനാ പട്ടികയിലുളള ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ എ.പി.എല്‍ ഉടമകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തിവെക്കേണ്ടിവരും.
കഴിഞ്ഞ ആറുമാസമായി അഡ്‌ഹോക്ക് വിഹിതം ലഭിക്കാതെ വന്നതും പ്രതിസന്ധി രൂക്ഷമാക്കി. അരിയുടെ ഉപയോഗം കുറവുളള സംസ്ഥാനങ്ങളില്‍നിന്നും പിരിച്ചെടുക്കുന്ന അരിയാണ് അഡ്‌ഹോക്കായി ലഭിച്ചിരുന്നത്. ഇതു പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയായില്ല.
മുന്‍പ് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ച് ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഇക്കുറി അതുണ്ടായില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടിയ അലംഭാവം കനത്ത തിരിച്ചടിയായിട്ടുണ്ട്. ആന്ധ്ര, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തെ സഹായിച്ചിരുന്നത്. മിക്ക മാസങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിരുന്നത് വരുംമാസങ്ങളിലെ വിഹിതത്തില്‍നിന്നും കടമെടുത്തായിരുന്നു.
കഴിഞ്ഞ നവംബറിലെ വിതരണത്തിനായി ഡിസംബറിലെ ക്വാട്ടമുഴുവനായും എടുത്തുകഴിഞ്ഞു. ഇതോടെ ഡിസംബറില്‍ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങള്‍ കണ്ടെത്തേണ്ട ഗതിക്കേടിലായി സര്‍ക്കാര്‍. ഡിസംബറിലെ വിഹിതം ഇതിവുരെ ലഭിച്ചിട്ടില്ല. ജനുവരി ഏഴുവരെ ഡിസംബറിലെ വിഹിതം നല്‍കുമെന്നാണ് ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ നല്‍കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."