മല എലിക്കുഞ്ഞിനെ പെറ്റപ്പോള്‍
നരേന്ദ്ര ദാമോദര്‍ മോഡിയുടെ അഭിനയശേഷി എത്ര മികവുറ്റതാണെന്ന് തെളിയിക്കുന്ന ഒന്നു തന്നെയായിരുന്നു നവവത്സരത്തലേന്ന് അദ്ദേഹം നടത്തിയ രാഷ്ട്രത്തോടുള്ള പ്രക്ഷേപണം. സച്ചായി, അച്ചായി (?) എന്ന രണ്ടു വാക്കുകള്‍ വഴി ജനതയെയും തന്നെയും ഒന്നിപ്പിച്ചു നിര്‍ത്തി സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുന്നവരൊക്കെഇത് രണ്ടു മില്ലാത്തവരാണെന്നായിരുന്നു പ്രഖ്യാപനം .50 ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തന്നെ പച്ചക്ക് കത്തിച്ചു കൊള്ളാനാണ്, അങ്ങനെ കത്തിച്ചു ശീലമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നായകന്‍ പ്രഖ്യാപിച്ചിരുന്നത്. വീണ്ടും ഒരു മാപ്പ് കൂ ടിപ്പറഞ്ഞ് അവധി നീട്ടി വാങ്ങി കണ്ണീരൊലിപ്പിക്കുകയാവും ചെയ്യുക എന്നു കരുതിയവരെ യാകെ വിഢികളാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉറ്റ തോഴനായിരിക്കുമ്പോഴും താന്‍ നിര്‍ദ്ധനരും നിസ്വരരുമായ മനുഷ്യരുടെ കൂടെയാണെന്ന് മനസ്സാക്ഷിക്കുത്തേതുമില്ലാതെ നടിക്കാനായത് ഈ നടന വിസ്മയം കൊണ്ടുതന്നെ! പട്ടണങ്ങളിലെ രമ്യഹര്‍മ്യങ്ങള്‍ ചൂണ്ടി അതില്‍ അസൂയപ്പെടുന്ന ഒരു വെറും സാധാരണക്കാരനാണ് താനെന്ന മട്ടിലാണ്, ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ മാത്രം വന്‍കിട കോര്‍പറേറ്റുകള്‍ക്ക് 6 ലക്ഷം കോടിയോടടുത്തുള്ള സംഖ്യ നികുതിയിളവ് (Tax forg one എന്ന വെച്ചാല്‍ ഒഴിവാക്കിക്കൊടുത്ത നികുതി) നല്‍കിയ ഒരു സമ്പന്ന വക്താവ് നടിച്ചു കാണിച്ചത്.
115 ലേറെ പാവപ്പെട്ട മനുഷ്യരെ മരണത്തിലേക്ക് വലിച്ചിഴച്ച ഒരു തീരുമാനമെടുത്ത് കര്‍ശനമായി നടപ്പാക്കിയതില്‍ ഒരു മനസാക്ഷിക്കുത്തും ആ മുഖത്ത് അവശേഷിച്ചിരുന്നില്ല. വംശീയഹത്യയുടെ ചോരച്ചാലുകളില്‍ ഉറപ്പിച്ചു നിര്‍ത്തിയ ഏണിപ്പടികള്‍ വഴി അധികാരത്തിലേറിയ ഒരാള്‍ക്ക് ഇത് വളരെചെറിയ ഒരു നരഹത്യ തന്നെ.
ജനങ്ങളുടെ നിസഹായാവസ്ഥയാണ്, അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാദ്ധ്യസ്ഥമായ സര്‍ക്കാര്‍ ഒരൊറ്റ രാത്രി കൊണ്ട് അതാകെ കവര്‍ന്നെടുത്തപ്പോള്‍ അനുസരണയുള്ള കുഞ്ഞാടുകളെപ്പോലെ പെരുമാറിയതിലേക്കെത്തിച്ചത്. എതിര്‍ത്തു പറഞ്ഞാല്‍ തങ്ങളുടെ സ്ഥാനം ദേശദ്രോഹികളുടെ പട്ടികയിലായേക്കുമോ എന്ന ഭയം സാധാരണക്കാരില്‍ ജനിപ്പിക്കാനുള്ള കഠിനശ്രമമായിരുന്നല്ലോ സംഘ പരിവാര്‍ നടത്തിപ്പോന്നത്. രണ്ടും ചേര്‍ന്നുണ്ടാക്കിയ മരവിപ്പ് നിലനില്‍ക്കുമ്പോഴും സുപ്രീം കോടതി പോലും കലാപസാദ്ധ്യതയെപ്പറ്റി മുന്നറിയിപ്പ് നല്‍കത്തക്ക നിലയായിരുന്നു നാട്ടില്‍. പക്ഷേ ഒരു ജനതയാകെ തിന്നുതീര്‍ത്ത ദുരിതം തനിക്കു നേരെയുള്ള രോഷാഗ്‌നിയായി മാറിയേക്കുമെന്നറിഞ്ഞു കൊണ്ട് ജനങ്ങളെ തനിക്കൊപ്പം നിര്‍ത്താനാണ് നാട്യ ശാസ്ത്രത്തെ മോഡി കൂട്ടുപിടിച്ചത്.
ജനങ്ങള്‍ തനിക്കൊപ്പം കള്ളപ്പണക്കാര്‍ക്കെതിരെ അണിനിരന്നു എന്നായി വ്യാഖ്യാനം. മാത്രവുമല്ല അത് കണ്ട് ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ജയപ്രകാശ് നാരായണനും ലോഹ്യയും ഇന്ത്യക്കാരെ അനുഗ്രഹിക്കുമത്രെ! ഗാന്ധിജി ആ പട്ടികയില്‍ പെടാതെ പോയത് യാദൃശ്ചികമല്ല. ഗോഡ്‌സെയുടെ അനുഗ്രഹമാണല്ലോ പ്രധാനം. എന്നിട്ടും പ്രസംഗത്തില്‍ ഗാന്ധി നാമം ഇടക്കിടക്ക് കയറി വന്നത് ഇന്നും ആ പേരിന് ജനങ്ങള്‍ക്കിടയില്‍ മാര്‍ക്കറ്റുണ്ടെന്ന് തിരിച്ചറിഞ്ഞ സെയില്‍സ്മാന്‍ഷിപ്പ് കൊണ്ടു തന്നെയാണ്. ലോഹ്യയുടെ പേരുപയോഗിക്കാന്‍ സംഘ്പരിവാര്‍ തലവന് എന്തര്‍ഹതയാണ്? ചാതുര്‍വര്‍ണ്യത്തിനും ബ്രാഹ്മണമേധാവിത്വത്തിനും സംസ്‌കൃതവല്‍ക്കരണത്തിനുമെതിരെ സദാ കലഹിച്ചിരുന്ന ലോഹ്യയുടെ പേരിനുമുണ്ട് വ്യാപാര മൂല്യം എന്ന കണ്ടെത്തല്‍ തന്നെ ആ പേര് കൂട്ടിച്ചേര്‍ത്തതിന്നു പിറകില്‍. അമിതാധികാരത്തിനെതിരെ ജനതയെയാകെ തെരുവിലണി നിരത്തിയ ജയപ്രകാശ് നാരായണന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തനിക്കെതിരായി നിലയുറപ്പിക്കുക തന്നെ ചെയ്യും എന്നറിയുമ്പോഴും ആ പേരും ദുരുപയോഗം ചെയ്യുന്നുണ്ട് മോഡി.
പാവപ്പെട്ട ജനങ്ങളെ കബളിപ്പിക്കാനായി പ്രഖ്യാപിച്ച ചില നടപടികളുണ്ട്. അവയില്‍ മിക്കതും പ്രഖ്യാപിക്കാനുള്ള അവകാശം ഭരണഘടനാപരമായി മറ്റു പലര്‍ക്കുമാണ്. പക്ഷേ അധികാര കേന്ദ്രീകരണത്തിന്റെ മൂര്‍ത്തരൂപമായി മാറിക്കഴിഞ്ഞ മോഡി തല്‍ക്കാലകൈയ്യടിക്ക് വേണ്ടി, സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ നോട്ടമിട്ടു കൊണ്ട് അധികാരാവകാശങ്ങളെല്ലാം സ്വന്തം ഉള്ളംകൈയ്യിലെടുത്തിരിക്കുകയാണ്
ഭവന വായ്പക്ക് പലിശയിളവ് നല്‍കും എന്നതാണ് പ്രധാന പ്രഖ്യാപനം. രണ്ടു ലക്ഷം വരെയുള്ള ഗ്രാമീണ ഭവന വായ്പക്ക് 3 ശതമാനവും,9 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 4 ശതമാനവും 12 ലക്ഷം വരെയുള്ളവക്ക് 3 ശതമാനവും പലിശയിളവ് നല്‍കുമത്രെ. പലിശ നിശ്ചയിക്കാന്‍ റിസര്‍വ് ബാങ്കിനുണ്ടായിരുന്ന അധികാരം ബാങ്കുകളുടെ സ്വയംഭരണാവകാശം സ്ഥാപിക്കാനെന്ന പേരില്‍ അവര്‍ക്ക് വിട്ടുകൊടുത്തതാണ്.അതാണ് ഇപ്പോള്‍ നേരിട്ട് പ്രധാനമന്ത്രി സ്വന്തം അധികാര പ്രയോഗത്തിനായി ൈകയ്യിലെടുത്തിരിക്കുന്നത്.
കര്‍ഷകര്‍ക്ക് വായ്പ നല്‍കാനായി 20000 കോടി നബാര്‍ഡ് നീക്കിവെക്കുമത്രെ.റാബി വിളവിന്റെ കാലത്ത് കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്പ നല്‍കുക എന്നത് നബാര്‍ഡ് വര്‍ഷാവര്‍ഷം ചെയ്യുന്ന ഒന്നാണ്. മാര്‍ക്കറ്റിന്റെ ഡിമാന്റ നുസരിച്ച് നല്‍കിപ്പോരുന്ന ആ ഫണ്ട് തന്റെ ഖ്യാതിയുടെ തൊപ്പിയിലെ തൂവലാക്കുകയാണ് മോഡി.
യഥാര്‍ത്ഥത്തില്‍ കാര്‍ഷിക മേഖലയില്‍ അനുഭവപ്പെടുന്ന മാന്ദ്യവും ദുരിതവും അവസാനിപ്പിക്കുകയാണ് ഉദ്ദേശമെങ്കില്‍ ചെയ്യേണ്ട പണി നബാര്‍ഡിന് ദീര്‍ഘകാല വായ്പക്കുള്ള ഫണ്ടനുവദിക്കുകയാണ്. നവ ലിബറല്‍ നയങ്ങളുടെ ഭാഗമായി ദീര്‍ഘകാല ഫണ്ട് ഇല്ലായ്മ ചെയ്തതു കൊണ്ട് കാര്‍ഷിക മേഖലയില്‍ മൂലധന നിക്ഷേപം കുറഞ്ഞു വരികയാണ്. ജലസേചനം പോലുള്ള വലിയ മുതല്‍ മുടക്കില്‍ നിന്ന് പിന്തിരിയുന്നതിന്റെ ദീര്‍ഘകാല പ്രത്യാഘാതം വളരെ വലുതാണ്. പക്ഷേ അത്തരമൊരു നടപടി നിയോലിബറല്‍ ദുശ്ശാഠ്യത്തിന് ഇണങ്ങാത്തതാണല്ലോ. അതുകൊണ്ടാണ് അന്യഥാ നബാര്‍ഡ് സ്വയമേവ ചെയ്യുമായിരുന്ന ഹ്രസ്വകാല വായ്പ മോഡി തന്റെ ക്രെഡിറ്റിന്റെ അക്കൗണ്ടിലാക്കി മാറ്റുന്നത്.
ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റിയില്‍ 4 കോടി വരെ വായ്പ എന്ന പ്രഖ്യാപനം നിലവിലുള്ള മുദ്ര വായ്പയുടെ ഒരു ലഘു വിപുലീകരണം മാത്രമാണ്.
ഗര്‍ഭിണികളുടെ പേരില്‍ 6000 രൂപ നിക്ഷേപിക്കുമത്രെ. അമ്മമാരോടും കുഞ്ഞുങ്ങളോടുമുള്ള പ്രതിജ്ഞാബദ്ധതയെന്ന തോന്നലുണ്ടാക്കാന്‍ പോന്നതുതന്നെ ഈ അറുപത് നൂറു രൂപാ കൈമാറ്റം. പക്ഷേ ഐ.സി.ഡി.എസ് പോലുള്ള സംവിധാനത്തെയാകെ നോക്കുകുത്തിയാക്കി മാറ്റുന്ന ഒരു കാലത്താണ് ഈ ആറായിരത്തിന്റെ ദാനം. ആരോഗ്യരക്ഷാ മേഖ ലയില്‍ നിന്ന് സര്‍ക്കാര്‍ തടിയൂരുമ്പോഴാണ് ഈയൊരു നടപടി.
മല എലിയെ പ്രസവിച്ചു എന്നു പറഞ്ഞാല്‍ തെറ്റും. ഇതൊരു എലിക്കുഞ്ഞ് പോലുമാവുന്നില്ല ജനത തിന്നുതീര്‍ത്ത ദുരിതത്തിന്റെ കണക്കുനോക്കിയാല്‍.
ജനങ്ങള്‍ക്കറിയേണ്ടത് കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും എത്രകണ്ട് അമര്‍ച്ച ചെയ്തുവെന്നാണ് അതിനൊന്നും ഉത്തരമില്ല. എന്നു വരും തങ്ങളുടെ അക്കൗണ്ടില്‍ നിങ്ങള്‍ പറഞ്ഞ 15 ലക്ഷം എന്നായിരുന്നു പഴയ ചോദ്യം .ഇന്ന് ചോദ്യം മാറിയിരിക്കുന്നു. എന്നു കിട്ടും തന്റെ സമ്പാദ്യമാകെ ബാങ്കിലിട്ടതില്‍ കഞ്ഞിക്കുള്ള കാശ്; മരുന്നിനുള്ള രൂപ; മക്കളുടെ കല്യാണത്തിനുള്ള കാശ് എന്നു മാത്രമാണ്. ഒരക്ഷരമുരിയാടാനില്ല പ്രധാനമന്ത്രിക്ക്. പകരം പൊള്ളവാഗ്ദാനങ്ങള്‍ .അതും പ്രഖ്യാപിക്കാന്‍ ഭരണഘടന അധികാരം നല്‍കാത്ത കാര്യങ്ങളും .
എന്നാണ് ഇതിന്റെ പേരില്‍ വിചാരണ നടക്കുക?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."