ഭൂഖണ്ഡാന്തര മിസൈലുമായി ഉ.കൊറിയ
സിയൂള്‍: ഭൂഖണ്ഡാന്തര മിസൈലിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്‍. ഞായറാഴ്ച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് കിം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്ത് ഒരു ശക്തിക്കും ഇനി ഉത്തര കൊറിയയെ ആക്രമിക്കാനാകില്ലെന്നും 2017 ല്‍ വന്‍ ആണവ ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചിരുന്നു. പിന്നീട് ആണവ പരീക്ഷണവും മിസൈല്‍ പരീക്ഷണങ്ങളും നടത്തി. കഴിഞ്ഞ വര്‍ഷം ബഹിരാകാശത്തേക്ക് ഉപഗ്രഹത്തെ അയക്കുകയും ചെയ്തു. ഇത് ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടമാണെന്ന് മറ്റു രാജ്യങ്ങള്‍ നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് തങ്ങള്‍ ഭൂഖണ്ഡാന്തര മിസൈല്‍ നിര്‍മിച്ചത് ഉത്തര കൊറിയ വ്യക്തമാക്കുന്നത്.
8000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈലുകളാണ് ഉത്തര കൊറിയ നിര്‍മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കയെ ആക്രമിക്കാന്‍ ഈ മിസൈലുകള്‍ക്ക് ശേഷിയുണ്ടാകും.
മറ്റ് രാജ്യങ്ങളില്‍ സൈനിക താവളങ്ങളില്ലെങ്കിലും സ്വന്തം നാട്ടില്‍ നിന്ന് അമേരിക്കയിലേക്ക് മിസൈല്‍ അയക്കാനാകുമെന്ന് കിം നേരത്തെ സൂചന നല്‍കിയിരുന്നു.
10 കിലോടണ്‍ ആണവ ശേഷി വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍ എന്നാണ് ഉത്തര കൊറിയന്‍ സൈന്യം നല്കുന്ന സൂചന.
1945 ല്‍ അമേരിക്ക ഹിരോഷിമയില്‍ വര്‍ഷിച്ചത് 10 കിലോടണ്‍ ശേഷിയുള്ള ആണവ ബോംബായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."