അധികാര ദല്ലാളുമാരെ അകറ്റിനിര്‍ത്താന്‍ ജാഗ്രതയോടെ ഇടത് നേതൃത്വം
തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ ഇടനാഴികളില്‍ ചുറ്റിക്കറങ്ങി കാര്യങ്ങള്‍ നേടാനിടയുള്ള അധികാര ദല്ലാളുമാരെ അകറ്റി നിര്‍ത്തുന്നതിന് കര്‍ശന ജാഗ്രത പാലിക്കാന്‍ ഇടതുമുന്നണിയില്‍ ധാരണ. ഇത്തരക്കാരുടെ ഇടപെടലുകള്‍ മുന്‍ സര്‍ക്കാരുകള്‍ക്ക് സൃഷ്ടിച്ച പ്രതിച്ഛായാനഷ്ടം കണക്കിലെടുത്താണ് തീരുമാനം. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇതിന്റെ സൂചനയാണ്.
ഭരണം മാറുന്നതിനുസരിച്ച് നിറംമാറുകയും പുതിയ ഭരണാധികാരികളുടെ ഇഷ്ടം സമ്പാദിച്ച് ആവശ്യക്കാര്‍ക്ക് കാര്യങ്ങള്‍ സാധിച്ചുകൊടുത്ത് സാമ്പത്തികലാഭമുണ്ടാക്കുകയും ചെയ്യുന്ന ലോബി തലസ്ഥാനത്തു സജീവമാണ്. ഇത്തരം ഇടപാടുകള്‍ പലപ്പോഴും ചെറുകിട ക്രമക്കേടുകളില്‍ നിന്ന് വന്‍കിട അഴിമതികളിലേക്കു വളരുകയും മാധ്യമങ്ങള്‍ വഴി പുറത്തുവരികയും ചെയ്യുമ്പോള്‍ വന്‍ വിവാദമായി മാറുക പതിവാണ്.
സോളാര്‍ ഇടപാട് പോലുള്ള ചില സംഭവങ്ങള്‍ അധികാര ദല്ലാളുമാരുടെ ഇടപെടല്‍ വഴി സംഭവിച്ചതാണെന്ന അറിവ് ഇടതുമുന്നണി നേതൃത്വത്തിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടക്കത്തില്‍ തന്നെ ഇത്തരക്കാരെ അകറ്റിനിര്‍ത്തുക എന്ന തീരുമാനത്തില്‍ നേതൃത്വം എത്തിയത്. തരംപോലെ ചേരി മാറുന്ന ചില കടലാസ് സംഘടനകളുടെ ഭാരവാഹികളും പേരിനു മാത്രം പ്രവര്‍ത്തിക്കുന്ന ചില പ്രസിദ്ധീകരണങ്ങളുടെ തലപ്പത്തുള്ളവരും അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരും സൗകര്യം പോലെ പാര്‍ട്ടി മാറുന്ന ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുമൊക്കെ ഉള്‍പ്പെടുന്നതാണ് തലസ്ഥാനത്തെ ദല്ലാള്‍ ലോബി.
അധികാര കേന്ദ്രങ്ങളുടെ സൗഹൃദം നേടുന്നതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളുടെയുമൊക്കെ ഇടനിലക്കാരായി ഇവര്‍ മാറും.
മന്ത്രമാരായി വരാനിടയുള്ള ചിലര്‍ക്ക് സ്വീകരണങ്ങളൊരുക്കാനുള്ള ശ്രമം ഇവരില്‍ ചിലര്‍ നടത്തിയിരുന്നു. ഇവരുടെ ലക്ഷ്യം നേതാക്കള്‍ മുന്‍കൂട്ടി തന്നെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇക്കൂട്ടത്തിലൊരാള്‍ നടത്തുന്ന സ്ഥാപനത്തിന്റെ പ്രതിനിധി ഹൈദരാബാദില്‍ ചെന്ന് പുതിയ ഭരണാധികാരികളുമായുള്ള അടുപ്പം പറഞ്ഞ് ഒരു സ്ഥാപനവുമായി ഇടപാട് ഉറപ്പിക്കാന്‍ ശ്രമം നടത്തിയ വാര്‍ത്ത തലസ്ഥാനത്തെത്തിയത്. ഇവര്‍ക്കുള്ള താക്കീതെന്ന നിലയിലാണ് പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളെന്നു വ്യക്തമാണ്. തന്റെ അടുത്തയാളാണെന്നു പറഞ്ഞ് ചിലര്‍ വരുമെന്നും ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണമെന്നുമൊക്കെയായിരുന്നു പിണറായിയുടെ പരാമര്‍ശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."