മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍ 'പൂളില്‍' വീണു
ലണ്ടന്‍: വര്‍ഷാവസാന പോരാട്ടത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ലിവര്‍പൂള്‍ പുതിയ വര്‍ഷത്തിനു അവിസ്മരണീയ വിജയത്തോടെ സ്വാഗതമോതി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ലിവര്‍പൂളിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോട്സ്പര്‍ വാട്ഫോര്‍ഡിനെ 4-1നു തകര്‍ത്തു. അപ്രതീക്ഷിത തോല്‍വി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയും ടോട്ടനം വിജയിച്ചതോടെ സിറ്റിക്ക് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം നഷ്ടമാക്കുകയും ചെയ്തു. സിറ്റിക്കും ടോട്ടനത്തിനും 39 പോയിന്റുകള്‍ വീതമാണ്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ മുന്നിലെത്തിയാണ് സിറ്റിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ടോട്ടനം മൂന്നിലേക്ക് കയറിയത്.
കളി തുടങ്ങി എട്ടാം മിനുട്ടില്‍ തന്നെ ജോര്‍ജിനിയോ വിനാല്‍ഡം നേടിയ ഗോളിലാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. സിറ്റിയുടെ ഹൃദയം തകര്‍ത്ത് വിനാല്‍ഡം ഹെഡ്ഡറിലൂടെ വല ചലിപ്പിക്കുകയായിരുന്നു.
ചിലി നായകനും ഗോള്‍ കീപ്പറുമായ ക്ലൗഡിയോ ബ്രാവോയെ വാങ്ങിയ നടപടി കൈമാറ്റ വിപണിയില്‍ സിറ്റിക്ക് സംഭവിച്ച ഏറ്റവും വലിയ പിഴവായെന്ന വിലയിരുത്തലുകള്‍ സജീവമായി നില്‍ക്കുമ്പോഴാണ് സിറ്റിയുടെ തോല്‍വി. മികച്ച രീതിയില്‍ സിറ്റിയുടെ ഗോള്‍ വല കാത്ത ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോ ഹാര്ടിനു ബ്രാവോ എത്തിയതോടെ സ്ഥാനം നഷ്ടമാകുകയും ചെയ്തു. ഹാര്‍ടിനെ തിരിച്ചെടുക്കണമെന്ന ആവശ്യമുയര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി പ്രേമികള്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്ന ഘട്ടത്തിലെ തോല്‍വിയും നാലാം സ്ഥാനത്തേക്കിറങ്ങിയതും കോച്ച് പെപ് ഗെര്‍ഡിയോളയ്ക്ക് സുഖകരമായ പുതു വര്‍ഷമല്ല സമ്മാനിച്ചിരിക്കുന്നത്.
ഹാരി കെയ്നിന്റേയും ബാമിഡെലെ അലിയുടേയും ഇരട്ട ഗോളുകളാണ് ടോട്ടനത്തിനു വാട്ഫോര്‍ഡിനു മേല്‍ 4-1ന്റെ തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.
പോയിന്റ് പട്ടികയില്‍ 49 പോയിന്റുമായി ചെല്‍സിയാണ് മുന്നില്‍. ലിവര്‍പൂള്‍–43 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."