ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: പുതുവര്‍ഷ പുലരിയില്‍ ഹാപ്പിയായി കേരളം വണ്ടി കയറി
തിരുവനന്തപുരം: പുതുവര്‍ഷ പുലരിയില്‍ കിരീട പ്രതീക്ഷകളുമായി കേരളത്തിന്റെ കൗമാരം പൂനെയ്ക്ക് യാത്രയായി. മൂന്നായി മുറിച്ചു മാറ്റിയ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പോരാടാന്‍ കേരളത്തിന്റെ സീനിയര്‍ ടീം ഇന്നലെ യാത്ര തിരിച്ചു. ഈ മാസം നാലു മുതല്‍ ഏഴു വരെ പൂനെ ഛത്രപതി ശിവജി ബാലേവാഡി സ്റ്റേഡിയത്തിലാണ് 62 ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് സീനിയര്‍ വിഭാഗം മത്സരം നടക്കുന്നത്. കായിക താരങ്ങളും ടീം ഒഫിഷ്യല്‍സും ഉള്‍പ്പടെ 90 അംഗ സംഘമാണു ഇന്നലെ യാത്ര തിരിച്ചത്. സംഘത്തില്‍ 79 അത്‌ലറ്റിക്‌സുകളും 11 ഒഫിഷ്യല്‍സുമുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു ഇന്നലെ രാവിലെ 8.45നു ജയന്തി ജനത എക്‌സ്പ്രസിലാണ് ടീം യാത്ര തിരിച്ചത്. നാളെ പുലര്‍ച്ചെ ടീം പൂനെയില്‍ എത്തും.
താരങ്ങളുടെ ടിക്കറ്റ് റിസര്‍വേഷനെ ചൊല്ലി ഇത്തവണയും ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍, യാത്ര തുടങ്ങിയത് ആശങ്കയില്ലാതെയാണ്. ശനിയാഴ്ച രാത്രി വരെ റിസര്‍വേഷന്‍ ലഭിച്ചിരുന്നില്ല. സ്‌പെഷ്യല്‍ കോച്ച് അനുവദിച്ച് തീരുമാനം വന്നതോടെ ആശങ്ക മാറി. പതിവു പോലെ എം.ബി രാജേഷ് എം.പി റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ടു സ്‌പെഷല്‍ കോച്ച് അനുവദിപ്പിക്കുകയായിരുന്നു. സംസ്ഥാന ചാംപ്യന്‍ സ്‌കൂളായ കോതമംഗലം മാര്‍ബേസിലിലെ താരങ്ങള്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് യാത്ര തിരിച്ചത്. പറളി, കല്ലടി, മുണ്ടൂര്‍ ഉള്‍പ്പടെ സ്‌കൂളുകളിലെ താരങ്ങള്‍ പാലക്കാട് നിന്നു ടീമിനൊപ്പം ചേര്‍ന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കായിക മാമാങ്കത്തില്‍ കഴിഞ്ഞ 19 വര്‍ഷമായി കേരളമാണ് ചാംപ്യന്‍മാര്‍. എതിരാളികളില്ലാതെ അതിവേഗം ബഹുദൂരം കുതിക്കുകയായിരുന്നു ഇതുവരെ കേരളം. എന്നാല്‍, ചാംപ്യന്‍ഷിപ്പിനെ പ്രായാടിസ്ഥാനത്തില്‍ മൂന്നായി വിഭജിച്ചതോടെ ഇത്തവണ പോരാട്ടം കടുക്കും. അണ്ടര്‍ 14, 17, 19 വിഭാഗങ്ങളായി വിഭജിച്ചതോടെ കേരളത്തിന്റെ കരുത്ത് ചോരും. സബ് ജൂനിയര്‍ മത്സരം ഫെബ്രുവരി ഏഴു മുതല്‍ 10 വരെ പൂനെയില്‍ തന്നെ നടക്കും.
മികച്ച പരിശീലനവുമായാണ് സീനിയര്‍ ടീം പൂനെയ്ക്ക് വണ്ടി കയറിയത്. പാലക്കാട് കല്ലടി സ്‌കൂളിലെ സി ബബിതയാണ് കേരള ടീം ക്യാപ്റ്റന്‍. ഉഷ സ്‌കൂളിലെ അബിത മേരി മാനുവലും ഒപ്പമുണ്ട്. ആണ്‍കുട്ടികളില്‍ പറളി സ്‌കൂളിലെ പി.എന്‍ അജിത്തും കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ ഓംകാര്‍ നാഥുമാണ് നായകര്‍. സി ബബിത മാര്‍ച്ച് പാസ്റ്റില്‍ കേരളത്തിന്റെ പതാകയേന്തും. ജിജി ജോണാണ് ടീം മാനേജര്‍. പി.ജി മനോജ്, ഷിബി മാത്യു, സിജിന്‍, നെല്‍സണ്‍ തുടങ്ങിയ പരിശീലകരുടെ കീഴിലാണ് കേരളം പൂനെയിലെ ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങുക. പ്രത്യേക പാചക സംഘവും ആയുര്‍വേദ മെഡിക്കല്‍ സംഘവും ടീമിനൊപ്പമുണ്ട്. മൂന്നായി വിഭജിച്ചെങ്കിലും കിരീടം കൈവിടില്ലെന്ന ഉറച്ച ആത്മവിശ്വാസത്തില്‍ തന്നെയാണ് കേരളത്തിന്റെ യാത്ര.
ടീം: ആണ്‍കുട്ടികള്‍- ടി.വി അഖില്‍, അനന്ത അയ്യപ്പന്‍, ബിബിന്‍ ജോര്‍ജ്, എം ശ്രീഹരി ഉണ്ണി, അമല്‍ പി. രാഘവ്, ഷെറിന്‍ മാത്യു, റബീഹ് നെച്ചിക്കുണ്ടില്‍, ലെനിന്‍ ജോസഫ്, ഓംകാര്‍ നാഥ്, എസ് അശ്വിന്‍, പി ഡാര്‍വിന്‍ ജോസഫ്, എം.കെ ശ്രീനാഥ്, ആല്‍ബിന്‍ ബാബു, എസ്.എ അഭിജിത്, എസ് ജിജില്‍, കെ റിതിന്‍ അലി, സെബിന്‍ സെബാസ്റ്റ്യാന്‍, എന്‍.വി സഹദ്, കെ.കെ ദില്‍ഷന്‍, എ ഹര്‍ഷാദ്, സി.ടി നിധീഷ്, ടി.പി അമല്‍, വി.എസ് സുധീഷ്, എന്‍ അനസ്, എ അജിത്, എ അനീഷ്, സി.വി സുഗന്ധ്കുമാര്‍, കെ മുഹമ്മദ് അനസ്, വി മുഹമ്മദ് അജ്മല്‍, കെ.ജെി ജെസണ്‍, പി.എന്‍ അജിത്, എസ് ജിതേഷ്, ആദര്‍ശ് ബിനു, ടി ആരോമല്‍, അഭിനന്ദ് സുന്ദരേശന്‍, കെ ജെ അലന്‍, ജോയ് തോമസ്, ലിബിന്‍ ഷിബു, കെ എസ് അനന്തു, അശ്വിന്‍ ബി ശങ്കര്‍.
പെണ്‍കുട്ടികള്‍- ബിനിത മേരി തോമസ്, ദിവ്യ മോഹന്‍, വി.കെ ശാലിനി, എ.ആര്‍ വിഷ്ണുപ്രിയ, അനുമോള്‍ തമ്പി, സോന ബെന്നി, ലിനെറ്റ് ജോര്‍ജ്, സബിത സാജു, സാന്ദ്ര എസ്. നായര്‍, അഷ്‌ന ഷാജി, ഡോണ റോയ്, അഭിഗെയ്ല്‍ ആരോഗ്യനാഥന്‍, അഞ്ജലി തോമസ്, ലിസ്‌ബെത്ത് കരോലിന്‍ ജോസ്, അബിത മേരി മാനുവല്‍, കെ.ആര്‍ ആതിര, ഫാത്തിമ നസ്‌ല, കെ.എ റുബീന, യു ശ്രീലക്ഷ്മി, എം അഞ്ജന, ഇ നിഷ, പി.വി വിനി, കെ വിന്‍സി, എസ് വൈദേഹി, സി.കെ ശ്രീജ, അര്‍ഷ ബാബു, സി ബബിത, അനില വേണു, പി.പി അഞ്ജലി ജോണ്‍സണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."