അപ്പീല്‍ ഇത്തവണയും വില്ലനാകും; കഴിഞ്ഞ വര്‍ഷം അപ്പീലിലെത്തിയത് 849 പേര്‍
മലപ്പുറം:സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ വില്ലനായി അപ്പീലുകളുണ്ടാകും. റവന്യൂ ജില്ലാ കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ നൂറകണക്കിനു പേരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മാത്രമാണ് ഇതിനകം റവന്യൂ മേളകള്‍ കഴിഞ്ഞിട്ടുള്ളത്. ക്രിസ്മസ് അവധിക്കു ശേഷമാണ് മിക്ക ജില്ലകളിലും ജില്ലാ മേളകള്‍ നടക്കുന്നത്.
ഇതില്‍ പങ്കെടുക്കാനായി ഒന്നാം സ്ഥാനം ലഭിക്കാത്ത നൂറുകണക്കിനു മത്സരാര്‍ഥികള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കൊല്ലം ജില്ലാ കലോത്സവം നടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ 389 അപ്പീലുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 186 എണ്ണവും നൃത്ത ഇനങ്ങളിലാണെന്നാണ് മറ്റൊരു കൗതുകം.
തൃശൂരില്‍ 142 പേര്‍ക്കാണ് ഇതുവരെ അപ്പീല്‍ അനുവദിച്ചത്. ഇതേ തോതില്‍ മിക്ക ജില്ലകളിലുമുണ്ട്.
കഴിഞ്ഞ വര്‍ഷം സംസ്ഥാന കലോത്സവത്തില്‍ 849 അപ്പീലുകളാണ് ലഭിച്ചത്. പാലക്കാട് നിന്നു 134 പേരും തിരുവനന്തപുരത്തു നിന്നു 101 പേരും മേളക്കെത്തി. 2015ല്‍ 1445 പേരാണ് അപ്പീലുമായി എത്തിയത്. അധികമായി അപ്പീലുകള്‍ അനുവദിച്ച വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാരോട് വിശദീകരണം ചോദിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. അനിയന്ത്രിതമായി അപ്പീല്‍ അനുവദിക്കുന്നത് കലോത്സവത്തിന്റെ നടത്തിപ്പു തന്നെ പ്രതിസന്ധിയിലാക്കാറുണ്ട്. വൈകുന്നേരം അവസാനിക്കേണ്ട മത്സരങ്ങള്‍ പിറ്റേദിവസം പുലര്‍ച്ച വരെ നീളുന്നതു സ്ഥിരം കാഴ്ചയാണ്.
സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്കു പുറമേ ഹൈക്കോടതി, വിവിധ കീഴ് കോടതികള്‍, ലോകായുക്ത, മുന്‍സിഫ് കോടതികള്‍, ബാലാവകാശ കമ്മിഷന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍ തുടങ്ങിയവയെല്ലാം അപ്പീല്‍ അനുവദിക്കാറുണ്ട്.
മത്സരാര്‍ഥികളുടെ എണ്ണം കണക്കാക്കിയാണ് പ്രോഗ്രാം ഷെഡ്യൂള്‍ തയാറാക്കാറുള്ളത്. അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ജില്ലാതല അപ്പീല്‍ കമ്മിറ്റികളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ അപ്പീല്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മിഷന്‍, ലോകായുക്ത എന്നിവക്ക് നിയമോപദേശം നല്‍കിയിട്ടുണ്ടെങ്കിലും അപ്പീലുകളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."