മാമ്പുഴ സംരക്ഷിച്ചാല്‍ മൂന്നു പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് അറുതിയാകും
പെരുമണ്ണ: ഒളവണ്ണ, പെരുവയല്‍, പെരുമണ്ണ എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ജില്ലയിലെ പ്രധാനപ്പെട്ട ജലസ്രോതസായ മാമ്പുഴ സംരക്ഷിച്ചാല്‍ ഈ മുന്നു പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് അറുതിവരുത്താം. എന്നാല്‍ മാമ്പുഴയുടെ നീര്‍ച്ചാലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി കൈയേറുന്നതും മണ്ണിട്ട് നികത്തുന്നതും വ്യാപകമാണ്. കൂടാതെ വ്യവസായ-വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള രാസ പദാര്‍ഥങ്ങളുടെ അവശിഷ്ടങ്ങളുള്‍പ്പെടെയുള്ളവയും പുഴയുടെ മലിനീകരണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ചാലിയാറിന്റെ കൈവഴിയായ മാമ്പുഴയിലെ ജലസ്രോതസ് നഷ്ടമായാല്‍ പ്രദേശങ്ങളില്‍ രുക്ഷമായ ജലക്ഷാമം ഉടലെടുക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ടൂറിസം വകുപ്പ് മാമ്പുഴയില്‍ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ച് പഠനവും നടത്തിയിരുന്നു. എന്നാല്‍ പുഴയില്‍ ഭീമമായ രീതിയില്‍ രാസമാലിന്യം കലര്‍ന്ന സാഹചര്യത്തില്‍ ഇതില്‍ നിന്നു പിന്‍മാറുകയായിരുന്നു. ഒളവണ്ണ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിനും കൃഷി ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നതിനും ശാശ്വത പരിഹാരം കാണുന്നതിനായി മാമ്പുഴയിലെ കടുപ്പിനി ഭാഗത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നതിനു വേണ്ടി ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ആരോഗ്യ രംഗത്തും ജലസംരക്ഷണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും ഗ്രാമപഞ്ചായത്തിനു വിപുലമായ അധികാരമുണ്ടായിട്ടും ബന്ധപ്പെട്ടവര്‍ ഇതിനെതിരേ നടപടിയെടുക്കാത്തത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മുന്നു പഞ്ചായത്തുകളിലൂടെ ഒഴുകുന്ന മാമ്പുഴയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായെങ്കിലും കൈയേറ്റം കണ്ടെത്തി പുഴസംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഇതുവരെ തയാറായിട്ടില്ല. സര്‍വേ വിഭാഗത്തില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന സാങ്കേതിക കാരണമാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
സുപ്രഭാതം ദിനപത്രം നിരവധി തവണ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പുഴ സംരക്ഷിക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പുഴയോരത്തെ ഭൂമിയില്‍ തെങ്ങിന് നമ്പറിട്ട് പഞ്ചായത്തുകള്‍ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടിക്ക് തുടക്കം കുറിച്ചിരുന്നു. സര്‍വേ റിപ്പോര്‍ട്ടില്ലാതെ നടത്തിയ ഈ പരിപാടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാമ്പുഴ വീണ്ടെടുപ്പിന് അകമഴിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴും പഞ്ചായത്തുകളുടെ ഭാഗത്തു നിന്ന് യാതൊരു പദ്ധതിയുമില്ലാത്തതും ജനങ്ങളെ നിരാശയിലാക്കുന്നു.
'മാമ്പുഴ വീണ്ടെടുപ്പിന് ഉണര്‍വേകാന്‍' സന്ദേശവുമായി പ്രൊവിഡന്‍സ് വിമന്‍സ് കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിലുള്ള വിദ്യാര്‍ഥി സംഘം സപ്തദിന ക്യാംപിന്റെ ഭാഗമായി മാമ്പുഴയില്‍ ജനകീയ ശുചീകരണം നടത്തിയിരുന്നു. ഇവര്‍ക്കൊപ്പം ശുചീകരണ പ്രവൃത്തിയില്‍ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, യുത്ത് ലീഗ്, യുവമോര്‍ച്ച എന്നീ യുവജന സംഘടനകളും സജീവമായി രംഗത്തിറങ്ങിയപ്പോള്‍ കുന്നത്ത്പാലം മുതല്‍ മാമ്പുഴപാലം വരെയുള്ള ഭാഗത്തെ മാലിന്യങ്ങള്‍ ഒരു പരിധി വരെ കരകയറ്റാന്‍ സാധിച്ചിട്ടുണ്ട്. പുഴ സംരക്ഷിക്കാന്‍ ഇത്തരം ശുചീകരണ പ്രവൃത്തികള്‍ക്കൊപ്പം പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് കാര്യമായ നടപടികളുണ്ടാകണമെന്നും ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."