പുതുവത്സരാഘോഷത്തിലെ നിയമലംഘനം; പിഴയിനത്തില്‍ പൊലിസ് ഈടാക്കിയത് 1.25 ലക്ഷം
കോഴിക്കോട്: പുതുവത്സരം മതിമറന്ന് ആഘോഷിച്ചവരുടെ ചെറുതും വലുതുമായ നിയമലംഘനങ്ങളില്‍ പൊലിസ് ഈടാക്കിയത് ഒന്നേകാല്‍ ലക്ഷത്തോളം രൂപ. വൈകിട്ടോടെ തന്നെ പൊലിസ് കര്‍ശന പരിശോധന ആരംഭിച്ചിരുന്നു. ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നായി 521 പെറ്റിക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍ ഭൂരിഭാഗവും പിഴ ചുമത്തി വിട്ടയച്ചു. ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഭൂരിഭാഗവും പൊലിസ് പിഴ ഈടാക്കിയത്.
സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ഉപയോഗിക്കാതെയുള്ള യാത്ര, വണ്‍വേ ലംഘനം, മദ്യപിച്ചു വാഹനമോടിക്കല്‍ തുടങ്ങിയ കേസുകള്‍ കഴിഞ്ഞദിവസം ഇരട്ടിയിലധികമായിരുന്നു. മദ്യപിച്ചു വാഹനമോടിച്ച 25 പേരാണ് പിടിയിലായത്.
നഗരത്തിലെ വിവിധ സ്ഥലങ്ങളിലായാണ് പൊലിസ് വാഹന പരിശോധന നടത്തിയത്. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലിസ് നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 108 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചുവെന്നും പൊലിസ് അധികൃതര്‍ അറിയിച്ചു.
പുതുവത്സരത്തെ സുഖമമായി വരവേല്‍ക്കുന്നതിന്റെ ഭാഗമായി കനത്ത പൊലിസ് സുരക്ഷയായിരുന്നു ജില്ലയില്‍ ഒരുക്കിയത്. ഇതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.
രാത്രി പത്തിനു ശേഷം നിരത്തുകളില്‍ ബൈക്കുകളിലും കാറുകളിലും സഞ്ചരിച്ച് ആഘോഷം കൊഴുപ്പിക്കാനുള്ള നീക്കം പൊലിസ് പൂര്‍ണമായും തടഞ്ഞിരുന്നു.
ബീച്ച്, ബാര്‍ ഹോട്ടലുകള്‍, ബിയര്‍ പാര്‍ലറുകള്‍, റിസോര്‍ട്ടുകള്‍, ഹോസ്റ്റലുകള്‍, ഫ്‌ളാറ്റ് അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ പൊലിസ് കര്‍ശനമായ നിരീക്ഷണമായിരുന്നു ഏര്‍പ്പെടുത്തിയത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി സിറ്റിയില്‍ മഫ്തിയിലും പൊലിസിനെ വിന്യസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."