കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധമുയരുന്നു
ബാണാസുര സാഗര്‍: വെള്ളം ജലസേചനത്തിന് ഉപയോഗപ്പെടുത്തുന്നില്ല
തരിയോട്: ബാണാസുര സാഗര്‍ അണയിലെ വെള്ളം കാര്‍ഷിക ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ അധികൃതര്‍ കാട്ടുന്ന വിമുഖത കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധാഗ്നി പടര്‍ത്തുന്നു. വയലും കരയുമടക്കം നൂറുകണക്കിന് ഹെക്ടര്‍ ഭൂമിയില്‍ ജലസേചനത്തിനെന്നു പ്രചാരണം നടത്തി നിര്‍മിച്ച അണയിലെ വെള്ളം വൈദ്യുതി ഉല്‍പാദനത്തിനു മാത്രം വിനിയോഗിക്കുകയാണെന്നാണു പരാതി.
പടിഞ്ഞാറത്തറക്കു സമീപം ബാണാസുരന്‍മലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാന്‍തോടിനു കുറുകെയാണ് ബാണാസുര സാഗര്‍ പദ്ധതിയുടെ ഭാഗമായ അണയുള്ളത്. 850 മീറ്ററാണ് ഇതിന്റെ നീളം. ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 775.6 മീറ്ററും. ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ മണ്ണണയാണിത്. ജലസേചനത്തിനും വൈദ്യുതി ഉല്‍പാദനത്തിനുമായി 1979ല്‍ വിഭാവനം ചെയ്തതാണ് ബാണാസുരസാഗര്‍ പദ്ധതി. 2005ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണിത് കമ്മീഷന്‍ ചെയ്തത്. 7.2 ടിഎംസിയാണ് ബാണാസുരസാഗര്‍ അണയുടെ ജലസംഭരണശേഷി. ഇതില്‍ 1.7 ടിഎംസി ജലസേചനത്തിനും ബാക്കി വൈദ്യുതി ഉല്‍പാദനത്തിനും വിനിയോഗിക്കുന്ന വിധത്തിലായിരുന്നു പദ്ധതിയുടെ ആസൂത്രണം.
അണയുടെ കരമാന്‍തോട് തടത്തില്‍ 3,200 ഹെക്ടറിലും കുറ്റ്യാടി തടത്തില്‍ 5,200 ഹെക്ടറിലും ജലസേചനമെന്ന പദ്ധതി ലക്ഷ്യം പ്രാവര്‍ത്തികമായില്ല. അണയിലെ ജലത്തില്‍ കുറച്ചുപോലും ജലസേചനത്തിന് ഉപയോഗപ്പെടുത്തുന്നില്ല. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കനാലുകളും നീര്‍പാലങ്ങളും നോക്കുകുത്തികളായിരിക്കുകയാണ്. ചിലയിടങ്ങളില്‍ നീര്‍പാലത്തിനായി(അക്വഡക്ട്) വര്‍ഷങ്ങള്‍ മുന്‍പു നിര്‍മിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ അതേപടി നില്‍ക്കുന്നു. ജലസേചനം മുന്‍നിര്‍ത്തി കുന്നിടിച്ചും മറ്റുമായിരുന്നു കനാല്‍ നിര്‍മാണം.
2008 ജനുവരിയില്‍ പടിഞ്ഞാറത്തറ പതിനാറാം മൈലിനടുത്തു കുന്നിടിച്ച് കനാല്‍ നിര്‍മിക്കുന്നതിനിടെ മണ്ണിനടിയില്‍പ്പെട്ടു മൂന്നു പേര്‍ മരിക്കുകയും ചെയ്തിരുന്നു. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2,000 അടി ഉയരത്തിലാണ് ബാണാസുര സാഗര്‍ അണ നിലനില്‍ക്കുന്നത്. 61.44 ചതുരശ്ര കിലോമീറ്ററാണു വൃഷ്ടിപ്രദേശം. 1,604 ഹെക്ടര്‍ ഭൂമി ഈ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതില്‍ 224 ഹെക്ടര്‍ വനവും 1,380 ഹെക്ടര്‍ സ്വകാര്യ ഭൂമിയുമാണ്. 43 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും പദ്ധതിക്കായി ഉപയോഗപ്പെടുത്തി.
പടിഞ്ഞാറത്തറ കൂവലത്തോടുകുന്ന് ആദിവാസി കോളനിക്ക് അഭിമുഖമായാണ് ബാണാസുര സാഗര്‍ അണയുടെ ഷട്ടറുകളുള്ളത്. ഷട്ടര്‍ തുറന്ന് ഒഴുക്കുന്ന ജലം പുതുശേരി വഴി പനമരം പുഴയിലാണ് എത്തുന്നത്. പടിഞ്ഞാറത്തറ, കോടത്തറ, എടവക, വെള്ളമുണ്ട പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ ജലക്ഷാമം കൊടിയ വിളനാശത്തിനാണു കാരണമാകുന്നത്. ജലസേചനത്തിനു സൗകര്യമില്ലാതെ പാടം തരിശിടുന്ന കര്‍ഷകരും ഈ പഞ്ചായത്തുകളില്‍ നിരവധിയാണ്. കനാലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനും അണയിലെ വെള്ളം ജലസേചനത്തിന് ഉപയോഗപ്പെടുത്താനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വൈദ്യുതി വകുപ്പിന്റെ നിയന്ത്രണത്തിലാണ് ബാണാസുര സാഗര്‍ പദ്ധതി. അണയിലെ ജലം തുരങ്കത്തിലൂടെ കക്കയത്ത് എത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ലോകത്തെ പ്രഥമ ഡാം ടോപ്പ് സൗരോര്‍ജ നിലയവും ബാണാസുര സാഗര്‍ അണക്കെട്ടിനു മുകളിലാണുള്ളത്. പ്രതിവര്‍ഷം അഞ്ചുലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണുനിലയം. 250 വാട്ട് ശേഷിയുള്ള 1,760 സോളാര്‍ പാനലും ഡി.സി വൈദ്യുതിയെ എ.സിയാക്കുന്ന 50 കിലോ വാട്ട് ശേഷിയുള്ള ഒന്‍പത് ഇന്‍വര്‍ട്ടറും അനുബന്ധ സാമഗ്രികളും നിലയത്തിന്റെ ഭാഗമായുണ്ട്.
ഡാമിനു മുകളില്‍ 285 മീറ്റര്‍ നീളത്തിലാണു പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നിലയത്തില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ 33 കെ.വി സബ്‌സ്റ്റേഷനിലേക്കാണു പ്രവഹിക്കുന്നത്. ബാണാസുര സാഗര്‍ അണയും പരിസരവും ഹൈഡല്‍ ടൂറിസം സെന്ററായും വൈദ്യുതി വകുപ്പ് വികസിപ്പിച്ചുവരികയാണ്. ദിവസവും നൂറുകണക്കിനു സഞ്ചാരികള്‍ അണയും പരിസരവും കാണാനെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."