ബി.ജെ.പിക്കായി പ്രവര്‍ത്തിക്കാത്ത എസ്.എന്‍.ഡി.പി ശാഖകളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം
തൊടുപുഴ: തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നണി എന്‍ഡിഎയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാത്തതിന് എസ്എന്‍ഡിപി മലനാട് യൂണിയനിലെ മൂന്ന് ശാഖകളില്‍ നിലവിലുള്ള ഭരണസമിതിയെ ഇല്ലാതാക്കി അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. പോത്തിന്‍കണ്ടം, അന്യാര്‍തുളു, കട്ടപ്പന എന്നീ ശാഖകളിലാണ് അഡ്മിനിസ്ട്രേറ്റര്‍ കമ്മിറ്റി നിലവില്‍വന്നത്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശത്തോടെയാണ് മലനാട് യൂണിയന് ഭാരവാഹികളുടെ പുതിയനീക്കം.
ഉടുമ്പന്‍ചോലയിലും ഇടുക്കിയിലും ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം ലംഘിച്ചതിനാണ് നടപടി. വിശ്വസിക്കുന്ന പാര്‍ടികളുടെ സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തിച്ച ശാഖാഭാരവാഹികളെ ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിനായി സ്വന്തക്കാരായ ശാഖാ അംഗങ്ങളെകൊണ്ട് കമ്മിറ്റിയില്‍ നിന്നും രാജിവയ്പ്പിച്ചായിരുന്നു മലനാട് യൂണിയന് നാടകം കളിച്ചത്. എന്നാല്‍ കമ്മിറ്റിയംഗങ്ങളെ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. നേരിട്ട് ശാഖാകമ്മിറ്റികള്‍ പിരിച്ചുവിടുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുമെന്നറിഞ്ഞാണ് രാജിനാടകമൊരുക്കിയത്. പോത്തിന്‍കണ്ടം ശാഖാപ്രസിഡന്റ് എന്‍ കെ പൊന്നന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എം മണിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അന്യാര്ത്തുളു ശാഖാ പ്രസിഡന്റ് സന്തോഷ് കോണ്‍ഗ്രസ് പാമ്പാടുംപാറ മണ്ഡലം സെക്രട്ടറിയും വൈസ് പ്രസിഡന്റ് വിനു വി വിജയന്, കമ്മിറ്റിയംഗം ഷിജു എന്നിവര്‍ സിപിഎം പ്രവര്‍ത്തകരുമാണ്. കട്ടപ്പന ശാഖാപ്രസിഡന്റ് റജി കൊട്ടക്കാട്ട് കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറും സെക്രട്ടറി എ എന്‍ സാബു സിപിഎം പ്രവര്‍ത്തകനുമാണ്. ഇവരെയെല്ലാം മാറ്റി സ്വന്തക്കാരെ നിയമിക്കുന്നതിനാണ് അഡ്മിനിസ്ട്രേറ്റര്‍ തന്ത്രം പ്രയോഗിച്ചത്.
യൂണിയന് നേതാക്കളുടെ നിര്‍ദേശത്തോടെ രാജിവച്ചവരെ ഉള്‍പ്പെടുത്തിയാണ് അഡ്മിനിസ്ട്രേറ്റര്‍ കമ്മിറ്റിയും രൂപീകരിച്ചിരിക്കുന്നത്. നെടുങ്കണ്ടം ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാജി പുള്ളോലില്‍ മലനാട് യൂണിയന് ഡയറക്ടര്‍ ബോര്‍ഡംഗമാണ്. കോണ്‍ഗ്രസ് നേതാവ് കെ എന്‍ തങ്കപ്പന് പച്ചടി സ്മാരക യൂണിയന് ഭാരവാഹിയാണ്. ഇവരോട് ചുമതലകള്‍ ഒഴിയാന്‍ എസ്എന്‍ഡിപി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ കമ്മിറ്റിയംഗങ്ങള്‍ രാജി വച്ചതുകൊണ്ടാണ് അഡ്മിനിസ്ട്രേറ്റര്‍ ഭരണം എര്‍പ്പെടുത്തിയതെന്നാണ് യൂണിയന് സെക്രട്ടറി വിധു കെ സോമന് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."