മാവോയിസ്റ്റ് വേട്ട: കേരള പൊലിസിനെ അഭിനന്ദിച്ച് കേന്ദ്രം
നിലമ്പൂര്‍: പൊലിസും തണ്ടര്‍ബോള്‍ട്ടും നിലമ്പൂര്‍ വനത്തില്‍ നടത്തിയ മാവോയിസ്റ്റ് വേട്ടയില്‍ കേരള പൊലിസിനെ പ്രശംസിച്ചു കേന്ദ്ര സര്‍ക്കാര്‍. ദക്ഷിണേന്ത്യയില്‍ മാവോയിസ്റ്റ് ഭീഷണി ശക്തമാണെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് നവംബര്‍ 24ന് നിലമ്പൂര്‍ കരുളായി ഉള്‍വനത്തില്‍ മാവോയിസ്റ്റുകളായ കുപ്പു ദേവരാജും കാവേരി എന്ന അജിതയും പൊലിസിന്റെ വെടിയേറ്റ് മരിക്കുന്നത്. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട വ്യാജമല്ലെന്നും പൊലിസിന്റെ സമീപനം നിയമപരമാണെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് കഴിഞ്ഞ ദിവസം കേരള സര്‍ക്കാറിനെ അറിയിച്ചത്.
മാവോയിസ്റ്റ് വേട്ടയില്‍ സംസ്ഥാന പൊലിസ് നടപടിക്കെതിരേ എല്‍.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ തന്നെ രംഗത്തുവന്നിരിക്കെ വെടിവയ്പിനെ ന്യായീകരിച്ച കേന്ദ്ര നിലപാട് ശ്രദ്ധേയമാണ്. മാവോയിസ്റ്റുകള്‍ക്കുനേരെ പൊലിസ് ആയുധം പ്രയോഗിച്ചത് നിയമപരമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പൊലിസ് അവരുടെ കടമ നിര്‍വഹിക്കുകയാണ് ചെയ്തതെന്നും ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."