നാട്ടുകൂട്ടത്തിനൊപ്പം ആലക്കോട് പൊലിസിന്റെ പുതുവത്സരാഘോഷം
ആലക്കോട്: പൊലിസ് സ്റ്റേഷനില്‍ നടന്ന പുതുവത്സരദിനാഘോഷം വേറിട്ട അനുഭവമായി. ആലക്കോട് സ്റ്റേഷനിലാണ് രാഷ്ട്രീയ നേതാക്കള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, മാധ്യമപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരെ ക്ഷണിച്ചു വരുത്തി പുതുവത്സരം പൊലുസുകാര് പുതുവത്സരം ആഘോഷിച്ചത്.
ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊലിസ് സ്റ്റെഷനുകളില്‍ പുതുവത്സരദിനാഘോഷം സംഘടിപ്പിച്ചത്. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മോളിമാനുവല്‍ കേക്ക് മുറിച്ചാണ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. സ്റ്റേഷനില്‍ വിരുന്നെതിയവരെ കേക്ക് നല്കി പൊലിസ് ഉദ്യോഗസ്ഥരും സ്വീകരിച്ചു.
രാഷ്ട്രീയ വേദികളില്‍ പരസ്പരം ഏറ്റുമുട്ടുന്ന നേതാക്കള്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒരുമിച്ചിരുന്നു മധുരം നുകര്‍ന്നു. സ്റ്റേഷന് മുറ്റത്ത് ഒരുക്കിയ പ്രത്യേക വേദിയില്‍ പൊലിസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരും പാട്ടുകള്‍ പാടിയപ്പോള്‍ പുതുവത്സരാഘോഷം അക്ഷരാര്‍ത്ഥത്തില്‍ ഒത്തൊരുമയുടെ ആഘോഷമായി മാറി. ആലക്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.പി സുരേശന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സബ് ഇന്‍സ്പെക്ടര്‍ ടി.വി അശോകന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി ഗോവിന്ദന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി മോഹനന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.എ റഹിം തുടങ്ങി നിരവധി പേര് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
വരും നാളുകള്‍ നന്മയുടേതാകാന് ഒരുമിച്ചു നിന്ന് കൈകോര്‍ക്കാമെന്ന പ്രതിജ്ഞയോടെയാണ് ആഘോഷത്തിന് സമാപനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."