ഇടുക്കിയെ സമ്പൂര്‍ണ്ണ സ്ത്രീ കാന്‍സര്‍ വിമുക്ത ജില്ലയാക്കാനുള്ള പദ്ധതിക്ക് തുടക്കമായി
മൂന്നാര്‍: ഇടുക്കി ജില്ലയിലെ സ്ത്രീകളെ കാന്‍സറില്‍നിന്നു സമ്പൂര്‍ണ്ണമായി മോചിപ്പിക്കാനുള്ള പദ്ധതിക്കു കേരള വനിതാ കമ്മിഷന്‍ തുടക്കം കുറിച്ചു. സംസ്ഥാന വനിതാ കമ്മിഷനും ക്ലബ്ബ് മഹീന്ദ്രയും സംയുക്തമായി മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടി സിനിമാതാരം മീര ജാസ്മിന്‍ നിര്‍വഹിച്ചു. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുവാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അവര്‍ പറഞ്ഞു.
സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം ഡോ.പ്രമീളദേവി അധ്യക്ഷയായിരുന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കി ഇടുക്കി ജില്ലയെ സമ്പൂര്‍ണ്ണ സ്ത്രീ ക്യാന്‍സര്‍ വിമുക്ത ജില്ലയാക്കി മാറ്റുമെന്ന് ഡോ. പ്രമീളദേവി പറഞ്ഞു.
ഭര്‍ത്താവിനും കുട്ടികള്‍ക്കിമായി രാത്രിയോളം പണിയെടുക്കുന്ന കുടുംബിനികള്‍ സ്വന്തം ശരീരത്തില്‍ അനുഭവപ്പെടുന്ന വൈകില്യങ്ങള്‍ കണ്ടെത്തുന്നതിനു ശ്രമിക്കുന്നില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഡി എം ഒ ഡോ.രേഖ, ഡിപിഎം ഡോ. ശരത് ജി റാവു, പഞ്ചായത്ത് പ്രസിഡന്റ് കറുപ്പസ്വാമി, മൂന്നാര്‍ എസ് ഐ ജോസഫ്, ശാലിനി, ദേവി ജയരാജ്, എഴുത്തുകാരന്‍ തമ്പി ആന്റണി, ജിജി അഞ്ചേരി എന്നിവര്‍ പങ്കെടുത്തു. ക്യാന്‍സര്‍ ബോധവത്കരണ ക്ലാസിന് ആര്‍സിഎച്ച് ഓഫീസര്‍ ഡോ.സിത്താര മാത്യു നേത്യത്വം നല്‍കി.
സ്ത്രീകളുടെ മരണത്തിനുള്ള പ്രധാനകാരണമായി ക്യാന്‍സര്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കമ്മിഷന്‍ ഇത്തരമൊരു പരിപാടിക്കു രൂപം നല്‍കിയത്. തുടക്കത്തിലേ രോഗം കണ്ടെത്താനായാല്‍ ക്യാന്‍സര്‍ മരണങ്ങളില്‍ 65 - 70 ശതമാനവും ഒഴിവാക്കാനാകും. ഈ സാധ്യത പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം. എന്‍ഡോസള്‍ഫാന്റെയും മറ്റും അമിതോപയോഗമുള്ള ജില്ലയില്‍ വര്‍ധിച്ചുവരുന്ന ക്യാന്‍സര്‍ വിപത്തിന് ആവര്‍ത്തനസ്വഭാവത്തോടെ തുടരുന്ന ദീര്‍ഘകാലപദ്ധതി പരിഹാരമാകുമെന്ന് പ്രമീളാദേവി പറഞ്ഞു.
ജില്ലയിലെ മുഴുവന്‍ ആശാവര്‍ക്കര്‍മാരുടെയും പാലിയേറ്റീവ് നഴ്‌സുമാരുടെയും സേവനം പ്രയോജനപ്പെടുത്തി മൂന്നു ഘട്ടമായാണു പരിപാടി നടപ്പാക്കുക. പ്രവര്‍ത്തകര്‍ക്കുള്ള ബോധവത്ക്കരണമാണ് ആദ്യഘട്ടം. ക്യാന്‍സറിന്റെ പ്രാഥമികലക്ഷണങ്ങള്‍ അധാരമാക്കി തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചുള്ള വിവരശേഖരണമാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടമായി, രോഗസാധ്യത ഉള്ളവരെ സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകളില്‍ എത്തിച്ചു വിശദപരിശോധനയും രോഗമുള്ളവര്‍ക്കു ചികിത്സയും ലഭ്യമാക്കും. താലൂക്കുതലത്തിലാണു പ്രവര്‍ത്തനം ഏകോപിപ്പിക്കുക. എല്ലാ താലൂക്കിലും സമാന്തരമായി നടപ്പാക്കുന്ന പദ്ധതിക്കു ദേവികുളം താലൂക്കില്‍ തുടക്കം കുറിക്കും.
കോട്ടയം ജില്ലയില്‍ അഞ്ചു താലൂക്കിലും നടപ്പിലാക്കിവരുന്ന പരിപാടി കാഞ്ഞിരപ്പള്ളി താലൂക്കില്‍ മൂന്നാം ഘട്ടത്തിലേക്കു കടന്നു.
അവിടെ നടത്തിയ ക്യാന്‍സര്‍നിര്‍ണ്ണയ ക്യാമ്പില്‍ പ്രാഥമികാവസ്ഥയിലുള്ള രോഗം കണ്ടെത്തിയവര്‍ക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്.
സ്ത്രീകളെ ഉദ്ദേശിച്ചാണു പരിപാടി നടപ്പാക്കുന്നതെങ്കിലും ക്യാമ്പില്‍ പങ്കെടുക്കാന്‍ പുരുഷന്മാരും താല്പര്യം കാണിച്ചതായി പ്രമീളാദേവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."