ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കാന്‍ കേന്ദ്രമന്ത്രിയെ കാണും: കെ.ടി ജലീല്‍
കൊണ്ടോട്ടി: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കാന്‍ ജനുവരി അവസാനത്തോടെ ബന്ധപ്പെട്ട കേന്ദ്രമന്ത്രിയെ നേരില്‍ കാണുമെന്ന് തദ്ദേശ സ്വയംഭരണ, ഹജ്ജ് വകുപ്പു മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. റണ്‍വേ ബലപ്പെടുത്തല്‍ ജോലിയെ തുടര്‍ന്ന് താല്‍ക്കാലികമായി കൊച്ചിയിലേക്ക് മാറ്റിയ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കാന്‍ പരമാവധി ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 2017 ഹജ്ജ് അപേക്ഷാ ഫോം വിതരണത്തിന്റെയും പുതിയ ഹജ്ജ് വെബ്‌സൈറ്റിന്റെയും ഹജ്ജ് ട്രെയിനേഴ്‌സ് ക്യാംപിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ വര്‍ഷം എഴുപതിനായിരത്തോളം ഹജ്ജ് അപേക്ഷകളാണ് പ്രതീക്ഷിക്കുന്നത്. 11,000 പേര്‍ക്ക് അവസരം കിട്ടിയേക്കും. മറ്റു സംസ്ഥാനങ്ങളില്‍ ഒഴിവ് വരുന്ന ഹജ്ജ് സീറ്റുകള്‍ ലഭിക്കാന്‍ സര്‍ക്കാറും, സംസ്ഥാന ഹജ്ജ് കമ്മിറ്റിയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തും.
പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഹജ്ജ് ട്രെയിനര്‍മാരുടെ സേവന സന്നദ്ധതയെ മന്ത്രി പ്രകീര്‍ത്തിച്ചു. ഹജ്ജിന് ഒരുങ്ങുന്നത് പോലെ പരിശുദ്ധി കാത്ത് സൂക്ഷിക്കുന്ന ജീവിതമാണ് ഇന്നത്തെ കാലത്ത് വേണ്ടതെന്നും,ബി.പി.എല്‍ കാര്‍ഡിലടക്കം അനര്‍ഹര്‍ കയറിക്കൂടുന്നത് തെറ്റാണെന്ന് ബോധ്യപ്പെടുത്താന്‍ മതസംഘടനകള്‍ ബോധവല്‍കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കൂടിയായ വി. അബ്ദുറഹ്മാന്‍ എം.എല്‍.എ. അധ്യക്ഷനായി. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ.എ.കെ അബ്ദുല്‍ ഹമീദ്, എ.കെ അബ്ദുറഹ്മാന്‍, ഡോ.ഇ.കെ അഹ്മദ്കുട്ടി, എം ശരീഫ്, സി.എച്ച് മുഹമ്മദ് കുഞ്ഞി, അസിസ്റ്റന്റ് സെക്രട്ടറി ടി.കെ അബ്ദുറഹ്മാന്‍, കോ ഓഡിനേറ്റര്‍ എന്‍.പി ഷാജഹാന്‍ സംസാരിച്ചു.
അപേക്ഷകരെ സഹായിക്കാന്‍ 316 ട്രെയിനര്‍മാര്‍
കൊണ്ടോട്ടി:ഹജ്ജ് തീര്‍ഥാടകരെ സഹായിക്കാനായി കേരളത്തില്‍ ഈവര്‍ഷം ഹജ്ജ് കമ്മിറ്റി കണ്ടെത്തിയത് 316 ട്രെയിനര്‍മാരെ. ഇവര്‍ക്കുള്ള പരിശീലന ക്ലാസ് ഇന്നലെ ഹജ്ജ് ഹൗസില്‍ മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. 14 ജില്ലകളില്‍ നിന്നായി 555 പേരാണ് സേവനത്തിന് സന്നദ്ധരായി അപേക്ഷ നല്‍കിയിരുന്നത്. അഭിമുഖം നടത്തിയാണ് ഇവരില്‍ നിന്ന് 316 പേരെ തിരഞ്ഞെടുത്തത്. മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 92 ട്രെയിനര്‍മാരുണ്ട്.
തീര്‍ഥാടകരുടെ അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് മുതല്‍ യാത്രാ സമയം വരെയുള്ള മുഴുവന്‍ കാര്യങ്ങളിലും സേവന സന്നദ്ധരായ ട്രെയിനര്‍മാര്‍ സഹായത്തിനുണ്ടാകും. ട്രെയിനര്‍മാര്‍ക്കുള്ള ക്ലാസിന് മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ.ടി അബ്ദുറഹ്മാന്‍,നിഷാദ് ആലപ്പുഴ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."