വിറ്റഴിക്കാനാകുന്നില്ല; ഹോര്‍ട്ടികോര്‍പ്പ് ഗോഡൗണില്‍ പച്ചക്കറികള്‍ നശിക്കുന്നു
കാക്കനാട്: ഹോര്‍ട്ടികോര്‍പ്പിന്റെ കാക്കനാട് ഗോഡൗണില്‍ വിറ്റഴിക്കാനാകാതെ ടണ്‍കണക്കിന് പച്ചക്കറികള്‍ നശിക്കുന്നു. ഉള്ളി, ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, പടവലം, കുമ്പളങ്ങ, മത്തങ്ങ, കോളിഫ്‌ളവര്‍ എന്നിവയാണ് നശിക്കുന്നത്. ഗോഡൗണിലും പുറത്തും കാബേജ്, പടവലം, ഏത്തക്കായ തുടങ്ങിയ പച്ചക്കറികള്‍ കൂട്ടിയിട്ടിരിക്കുകയുമാണ്.
മൊബൈല്‍ യൂനിറ്റുകള്‍ പലയിടത്തും നിലച്ചതോടെയാണ് പച്ചക്കറികള്‍ കെട്ടിക്കിടക്കാന്‍ ഇടയായത്. പച്ചക്കറി വില്‍പനക്കായി പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയ അഞ്ച് വാഹനങ്ങളില്‍ മൂന്നെണ്ണവും ഇപ്പോള്‍ കട്ടപ്പുറത്താണ്. ഡ്രൈവര്‍മാരും സെയില്‍സ്മാന്‍മാരും ഇല്ലാത്തതിനാലാണ് വാഹനങ്ങള്‍ കട്ടപ്പുറത്താകാന്‍ കാരണം. രണ്ട് ഡ്രൈവര്‍മാര്‍ മാത്രമാണ് ഇപ്പോഴുള്ളത്.
ചീയുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് വളപ്പില്‍ മണ്ണുമാന്തി യന്ത്രം ഉപയാഗിച്ച് വന്‍ കുഴിയെടുത്ത് മൂടുകയാണ്. കഴിഞ്ഞ ഓണക്കാലത്തും സമാനമായ അവസ്ഥയായിരുന്നു. പച്ചക്കറി അവശിഷ്ടങ്ങള്‍ തള്ളുന്ന കുഴിയും നിറയാറായി.
കുഴിനിറയുന്നതോടെ മണ്ണിട്ടുമൂടി അടുത്ത സ്ഥലത്ത് പുതിയ കുഴിയെടുക്കുകയാണ് പതിവ്. കര്‍ഷകരില്‍ നിന്ന് കിട്ടാവുന്നത്രയും പച്ചക്കറി വാങ്ങാന്‍ തീരുമാനമെടുത്തതോടെ സംഭരണ സംവിധാനങ്ങളില്ലാതെ ഹോര്‍ട്ടികോര്‍പ്പ് വീര്‍പ്പുമുട്ടുകാണ്.
വട്ടവട, കാന്തല്ലൂര്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച പച്ചക്കറികളാണ് ഹോര്‍ട്ടികോര്‍പ്പ് ഗോഡൗണില്‍ കെട്ടിക്കിടക്കുന്നത്. അധികംവരുന്ന പച്ചക്കറി സൗജന്യ നിരക്കില്‍ വിറ്റഴിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് നടപടിയെടുത്തെങ്കിലും വേണ്ടത്ര വിജയിച്ചില്ല. കാക്കനാട്ടെ മുനിസിപ്പല്‍ പുറമ്പോക്കില്‍ ശീതകാല പച്ചക്കറി വില്‍ക്കാന്‍ പ്രത്യേക സ്റ്റാള്‍ നിര്‍മിച്ചതുമാത്രമാണ് ഏക നടപടി.
എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ജങ്ഷനില്‍ പ്രത്യേക സ്റ്റാള്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കിലും നടപ്പായിട്ടില്ല. ഹരിത സ്റ്റാളുകളില്‍ പലതും പ്രവര്‍ത്തനരഹിതമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാന്റീനുകളില്‍ നിന്ന് വല്ലപ്പോഴും ലഭിക്കുന്ന ഓര്‍ഡറുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. മൊബൈല്‍ വാഹനങ്ങള്‍ പലതും കട്ടപ്പുറത്തായതിനാല്‍ സമയത്ത് പച്ചക്കറികള്‍ എത്തിച്ചുകൊടുക്കാനും കഴിയുന്നില്ല. ഇതിനിടെയാണ് കര്‍ഷകരില്‍ നിന്ന് കിട്ടാവുന്നത്രയും പച്ചക്കറി വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായത്.
എറണാകുളത്തെ ഹോര്‍ട്ടികോര്‍പ്പ് ശാഖയില്‍ മൂന്നാറിലെ ജില്ലാ ഹോര്‍ട്ടികോര്‍പ്പില്‍ നിന്നാണ് പച്ചക്കറി എത്തിക്കുന്നത്. വട്ടവട, കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്നതാണെന്ന് പറയുന്നുണ്ടെങ്കിലും ഹോര്‍ട്ടികോര്‍പ്പ് വില്‍പന നടത്തുന്നതില്‍ ഏറെയും മറുനാടന്‍ പച്ചക്കറിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതും വില്‍പന കുറയാന്‍ ഇടയായി.
എറ്റവും കുടുതല്‍ വിറ്റഴിക്കാന്‍ കഴിയുന്ന മണ്ഡല മാസത്തില്‍ പച്ചക്കറി സംഭരിച്ച വകയില്‍ ലക്ഷങ്ങളുടെ ബാധ്യതയാണ് ഹോര്‍ട്ടികോര്‍പ്പിനുണ്ടായത്. നോട്ട് നിരോധനമാണ് പ്രതിസന്ധിക്ക് കാണമെന്നാണ് അധികൃതരുടെ വിശദീകരണം. 500 രൂപക്ക് പച്ചക്കറി വാങ്ങിയവര്‍ നോട്ട് നിരോധനം വന്നതോടെ നൂറും ഇരുന്നൂറും രൂപക്കാണ് വാങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."