പിണറായി മുണ്ടുടുത്ത മോദിയെന്ന് സി.പി.ഐ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. പിണറായി മുണ്ടുടുത്ത മോദിയാണെന്നുവരെ വിമര്‍ശനമുയര്‍ന്നു. മന്ത്രി എ.കെ ബാലനെതിരേയും വിമര്‍ശനമുണ്ടായി.
കേന്ദ്രത്തില്‍ പൈജാമയും കുര്‍ത്തയും ധരിച്ച മോദിയാണെങ്കില്‍ ഇവിടെ മുണ്ടുടുത്ത മോദിയാണെന്നും ആരോപണമുയര്‍ന്നു. സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരിയാണ് ഈ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയുടെ നടപടികള്‍ പലതും ഏകപക്ഷീയവും ഏകാധിപത്യപരവുമാണ്. വകുപ്പുകളെ കുറിച്ച് അറിയില്ലെങ്കിലും എല്ലാം തന്റെ നിയന്ത്രണത്തിലാണെന്ന് വരുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
ഏകപക്ഷീയമായി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചത് ശരിയായില്ല. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി അടക്കി ഭരിക്കേണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സി.പി.ഐ മന്ത്രിമാരെ വിമര്‍ശിച്ച മന്ത്രി എ.കെ ബാലനെതിരേനേതാക്കള്‍ ആഞ്ഞടിച്ചു. ജനിച്ചപ്പോഴെ ഭരണകര്‍ത്താവാണെന്നപോലെയാണ് ബാലന്റെ പെരുമാറ്റം.
സി.പി.എം കൈയേറിയ ഭൂമിക്ക് ചുളുവില്‍ പട്ടയം നേടാമെന്ന് ആരും കരുതേണ്ട. കഴിഞ്ഞ മന്ത്രിസഭയില്‍ റവന്യൂ, വനം വകുപ്പുകള്‍ കൈകാര്യംചെയ്ത കെ. പി രാജേന്ദ്രനെയും ബിനോയ് വിശ്വത്തെയും പ്രശംസിച്ചത് നന്നായി.
ഇപ്പോഴത്തെ റവന്യൂ, വനം മന്ത്രിമാരെ പരസ്യമായി വിമര്‍ശിച്ച മന്ത്രി എ.കെ ബാലന്റെ നടപടി ശരിയായില്ലെന്നും യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. റേഷന്‍ വിതരണത്തില്‍ അപാകതയുണ്ടായിട്ടുണ്ട്. റേഷന്‍ പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കാന്‍ വകുപ്പിനായില്ല. നോട്ട് പ്രതിസന്ധിക്കിടെ റേഷന്‍ വിതരണത്തിലെ യഥാര്‍ഥ പ്രശ്‌നം ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി.
മാവോയിസ്റ്റ് വേട്ട, യു.എ.പി.എ വിഷയങ്ങളില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാടിനെ യോഗം പ്രശംസിച്ചു. ബോര്‍ഡ്, കോര്‍പറേഷന്‍ തലപ്പത്ത് നിയോഗിച്ചവരെ പറ്റിയും നല്ല അഭിപ്രായമാണ് യോഗത്തിലുയര്‍ന്നത്. എം.എന്‍ സ്മാരകത്തില്‍ ചേര്‍ന്ന യോഗം വൈകീട്ട് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."