ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമി ദീപയെന്ന് ശശികലവിരുദ്ധ വിഭാഗം
ചെന്നൈ: ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയതില്‍ നീരസമുള്ള അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗം തിരുച്ചിറപ്പിള്ളിയില്‍ യോഗം ചേര്‍ന്ന് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാറിന് പിന്തുണ നല്‍കി. ഇതിന് തൊട്ടുപിന്നാലെ ഇന്നലെ കോയമ്പത്തൂരിലും വിമതര്‍ യോഗം ചേര്‍ന്ന് തിരുച്ചിറപ്പിള്ളി തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെയില്‍ പുതിയ ചുവടുവയ്പിന് തുടക്കമായതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
തിരുച്ചിറപ്പിള്ളിയിലും കോയമ്പത്തൂരും ദീപ പേരവൈ എന്ന പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ദീപയുടെ ചിത്രം വച്ചിറക്കിയ ബോര്‍ഡുകളില്‍ എം.ജി.ആര്‍, ജയലളിത എന്നിവരുടെ ചിത്രങ്ങളുമുണ്ട്. ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമി ദീപയാണെന്ന് അവരുടെ അനുയായികള്‍ ഉന്നയിക്കുന്നുണ്ട്. ശശികലയെ എതിര്‍ക്കുന്ന പാര്‍ട്ടിയിലെ ഒരു വിഭാഗം ദീപയ്ക്ക് പിന്തുണയുമായി തമിഴ്‌നാട്ടിലുടനീളം രൂപംകൊണ്ടിട്ടുണ്ട്.
അണ്ണാ ഡി.എം.കെയുടെ ചിഹ്‌നമായ രണ്ടിലക്കു പകരം രണ്ട് റോസാ പുഷ്പങ്ങളാണ് ദീപ അനുകൂലികള്‍ തങ്ങളുടെ ചിഹ്നമായി ഉയര്‍ത്തിക്കാണിക്കുന്നത്. അതിനിടയില്‍ ശശികലയുടെ ചിത്രം വച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ പലയിടത്തും നശിപ്പിച്ചതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."