ഇസ്‌റാഈല്‍ സൈന്യം കുട്ടികളെ മനുഷ്യകവചമാക്കുന്നു
വെസ്റ്റ്ബാങ്ക്: ഇസ്‌റാഈല്‍ സൈന്യം അനിധിവേശ പ്രദേശത്ത് കുട്ടികളെ മനുഷ്യകവചമാക്കി ഉപയോഗിക്കുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഫലസ്തീനികളുടെ പ്രതിഷേധ പ്രകടനത്തിനു നേരെ ആക്രമണം നടത്തുന്നതിനിടെയാണ് സൈന്യം കുട്ടികളെ മനുഷ്യകവചമാക്കി ഉപയോഗിച്ചത്. വെള്ളിയാഴ്ച വെസ്റ്റ്ബാങ്കിലെ കഫര്‍ ഖദൂമിലായിരുന്നു ഇസ്‌റാഈല്‍ ക്രൂരത.
ഏഴുവയസ്സുകാരനായ മുഅ്മിന്‍ മുറാദ് മഹ്്മൂദ് ശത്്‌വി എന്ന കുട്ടിയെയാണ് സൈന്യം മനുഷ്യകവചമാക്കി ഉപയോഗിച്ചതെന്ന് വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരേ വെടിവയ്പ് നടത്തുന്ന 10 മിനുട്ട് നേരമാണ് ഇവര്‍ കുട്ടിയെ കവചമാക്കി ഉപയോഗിച്ചത്.
ഇസ്‌റാഈലി മനുഷ്യാവകാശ സംഘടനയായ ബേത്ത്‌സലേമാണ് വിഡിയോ പുറത്തുവിട്ടത്. കഫര്‍ ഖദൂമില്‍ താമസിക്കുന്നവരും സാമൂഹിക പ്രവര്‍ത്തകരും ഗ്രാമത്തിലെ വടക്കുഭാഗത്തുള്ള ഇസ്‌റാഈല്‍ ചെക്‌പോയിന്റ് ലക്ഷ്യമാക്കി പ്രതിഷേധ പ്രകടനം നയിച്ചു പോകുന്നതിനിടെയായിരുന്നു സംഭവം. താന്‍ പേടിച്ചുപോയെന്നും രക്ഷപ്പെടാന്‍ കഴിയാത്തവിധം അവര്‍ പിടിച്ചുവച്ചുവെന്നും ക്രൂരതയ്ക്ക് ഇരയായ ശത്്‌വി പറഞ്ഞു.
2011 മുതല്‍ കഫര്‍ ഖദൂമില്‍ എല്ലാ ആഴ്ചയും പ്രതിഷേധ പ്രകടനം നടക്കാറുണ്ട്. 2013 ലും ഇസ്‌റാഈല്‍ സൈന്യം കുട്ടികളെ മനുഷ്യക്കവചമാക്കി ഉപയോഗിക്കുന്നുവെന്ന ആരോപണം യു.എന്‍ ഉന്നയിച്ചിരുന്നു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീന്‍ പ്രതിഷേധങ്ങളെ നേരിടാനാണ് സൈന്യം കുട്ടികളെ മനുഷ്യകവചമാക്കുന്നതെന്ന് യു.എന്‍ കണ്ടെത്തിയിരുന്നു. ഇസ്‌റാഈല്‍ സൈനിക നടപടിക്കിടെ 100 ലേറെ ഫലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കുട്ടികളെ കാണാതായ സംഭവം:
ഇസ്‌റാഈല്‍ മാപ്പു പറഞ്ഞേക്കും
ജറൂസലം: ദുരൂഹ സാഹചര്യത്തില്‍ കുട്ടികളെ കാണാതായ സംഭവത്തില്‍ ഇസ്‌റാഈല്‍ മാപ്പു പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട രണ്ടു ലക്ഷത്തോളം വരുന്ന രഹസ്യ രേഖകള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇസ്‌റാഈല്‍ മാപ്പു പറഞ്ഞേക്കും.
രാജ്യത്തിന്റെ ആരംഭക്കാലമായ 1948ലാണ് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ച സംഭവങ്ങള്‍ നടന്നത്. അന്ന് ആയിരത്തോളം കുട്ടികളെയാണ് കാണാതായത്. മാതാപിതാക്കളില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ അപഹരിച്ചതാണ് കുട്ടികളെന്നായിരുന്നു ആരോപണം.
കുട്ടികള്‍ നഷ്ടപ്പെട്ടവരിലധികം അറബ് രാജ്യങ്ങളിലുള്ള ജൂത കുടുംബങ്ങളാണ്. ഇവര്‍ അടുത്തിടെ ഇസ്‌റാഈലില്‍ തിരിച്ചെത്തിയിരുന്നു. കുട്ടികളെ ആശുപത്രി അധികൃതര്‍ സമ്പന്ന ജൂത കുടുംബങ്ങള്‍ക്ക് നല്‍കിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
നേരത്തെ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയപ്പോള്‍ കുട്ടികളെല്ലാം പോഷകാഹാരക്കുറവു കൊണ്ട് മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുണ്ടായിരുന്നത്.
എന്നാല്‍ കുഴിമാടം കാണിക്കാനോ മരണസര്‍ട്ടിഫിക്കറ്റ് നല്‍കാനോ സര്‍ക്കാര്‍ തയാറായിരുന്നില്ല.
എന്നാല്‍ കുട്ടികളില്‍ പലരും രക്ഷപ്പെട്ടിരുന്നുവെന്നും ആശുപത്രി അധികൃതര്‍ ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."