കര്‍ണാടകയിലേക്ക് കടത്തി; പരിശീലനത്തിന് ഡ്രാഗണ്‍ ബോട്ടുകളില്ലാതെ കേരള താരങ്ങള്‍
ആലപ്പുഴ: ഡ്രാഗണ്‍ ബോട്ട് മത്സരത്തിനു ഉപയോഗിക്കുന്ന ലക്ഷങ്ങള്‍ ചെലവിട്ട് വാങ്ങിയ ബോട്ടുകള്‍ കര്‍ണാടകയിലേക്ക് കടത്തി. കര്‍ണാടകയില്‍ ആര്‍മി സംഘടിപ്പിച്ച മത്സരത്തിനു ഉപയോഗിക്കാനെന്ന വ്യാജേനയാണ് ബോട്ടുകള്‍ കേരളത്തി നിന്നു കൊണ്ടുപോയത്.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അനുമതിയോടെ കടത്തിക്കൊണ്ടുപോയ ബോട്ട് കഴിഞ്ഞ ഒന്നര വര്‍ഷം പിന്നിട്ടിട്ടും കേരളത്തിലേക്ക് തിരിച്ചെത്തിയില്ല. 2018 ല്‍ ജാക്കര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഡ്രാഗണ്‍ ബോട്ട് മത്സര ഇനമായി ഉല്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനു മുന്നോടിയായി ദേശീയ ടീം തിരഞ്ഞെടുപ്പിനായി മറ്റു മത്സരങ്ങളും നടക്കേണ്ടതുണ്ട്. യോഗ്യതാ റൗണ്ടില്‍ പങ്കെടുക്കേണ്ട കേരള താരങ്ങള്‍ക്കു പരിശീലനത്തിനായുളള ഏക ആശ്രയമാണ് ഈ ബോട്ടുകള്‍. സ്വന്തമായി ബോട്ടുകള്‍ ഉണ്ടായിട്ടും കേരള താരങ്ങള്‍ക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതിക്കേടാണുളളത്.
ഈ ഇനത്തില്‍ കേരളത്തില്‍ നിന്നു നിരവധി ദേശീയ- അന്തര്‍ദേശീയ താരങ്ങള്‍ ഉണ്ട്. സ്വന്തമായുളള ബോട്ടുകള്‍ തിരികെ വാങ്ങാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
നിരവധി തവണ ബോട്ടുകള്‍ തിരിച്ചു വാങ്ങി പരിശീലനത്തിനു നല്‍കണമെന്ന് കേരള ഡ്രാഗണ്‍ ബോട്ട് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും സ്‌പോര്‍ട്‌സ് മന്ത്രിക്കും കൗണ്‍സിലിനും കത്ത് നല്‍കിയെങ്കിലും നടപടിയായില്ല.
കഴിഞ്ഞ നാലു വര്‍ഷമായി ഈ ഇനത്തില്‍ കേരളം ദേശീയ ചാംപ്യന്‍മാരാണ്. താരങ്ങളും അസോസിയേഷനും വീണ്ടും മുഖ്യമന്ത്രിയെയും മറ്റ് ബന്ധപ്പെട്ടവരെയും കാണാന്‍ ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."