കഠിനംകുളത്തെ ബോംബ് സ്‌ഫോടനം: ദുരൂഹത തുടരുന്നു
കഠിനംകുളം: നാടന്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടാവുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. മേഖലയില്‍ വീണ്ടും ഗുണ്ടകള്‍ പിടിമുറുക്കുന്നുവോയെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ കമ്പത്തിന് ഉപയോഗിക്കുന്ന അമിട്ട് (കദിനാ) നാലെണ്ണം സ്‌ഫോടനം ന്നടന്നിടത്ത് നിന്നും സംഭവ ദിവസം പൊലിസ് കണ്ടെടുത്തിരുന്നു.
ഇത് എങ്ങനെ ഇവിടെ എത്തി. ആരാണു എത്തിച്ചത്, എന്തിനാണ് എത്തിച്ചത്. എവിടെ നിന്നാണ്. എന്തിനായിരുന്നു ബോംബ് നിര്‍മാണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണോയെന്ന ആശങ്കയും പ്രദേശവാസികള്‍ പങ്കുവെക്കുന്നുണ്ട്.
പുതുവര്‍ഷത്തലേന്ന് രാവിലെ 9.30 ഓടെയാണ് പ്രദേശത്തെയാകെ ഭയപ്പാടിലാക്കിയ സ്‌ഫോടനം നടന്നത്. കഠിനംകുളം കായലിനോട് ചേര്‍ന്ന് പാടിക്കവിളാകം ക്ഷേത്രത്തിന് സമീപം തെങ്ങും തോപ്പില്‍ മൂവര്‍ സംഘം നാടന്‍ ബോംബ് നിര്‍മിക്കവേ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.
ബോംബ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് പൊലിസ് പറയുന്ന പ്രദേശവാസിയും പീഡനം, കഞ്ചാവ് ,അടിപിടി, കൂലി തല്ല് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയുമായ സുഗുണ (23)നും മുണ്ടന്‍ചിറ സ്വദേശിയായ വിവേകി(20)നും പരുക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുണ്ടന്‍ചിറ സ്വദേശി രാജേഷ് പരുക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ സുഗുണനേയും നിസാര പരുക്കേറ്റ വിവേകിനേയും മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ വെച്ച് പൊലിസ് അറസ്റ്റ് ചെയ്തു.ഇവരിപ്പോള്‍ ആശുപത്രി സെല്ലില്‍ റിമാന്റിലാണ്.രാജേഷിനെ പിടികൂടാന്‍ ഇനിയും പൊലിസിനായിട്ടില്ല.
പ്രശ്‌നബാധിതമായിരുന്ന കഠിനംകുളവും പരിസര പ്രദേശങ്ങളും പുതിയ എസ്.ഐ വന്നതോടെ കഴിഞ്ഞ ഏതാനും മാസമായി ശാന്തമായിരുന്നു. പൊലിസിന്റെ ശക്തമായ ഇടപെടലിലൂടെ സാമൂഹിക വിരുദ്ധര്‍ക്ക് കടിഞ്ഞാണിടാന്‍ സാധിച്ചെങ്കിലും ഇപ്പോഴുണ്ടാ സ്‌ഫോടനം ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.
മാസങ്ങള്‍ക്ക് മുന്‍പ് പുതുക്കുറുച്ചി പൗരസമിതി ജങ്ഷന് സമീപം ഇരു വിഭാഗങ്ങള്‍ തമ്മിലെ കുടിപ്പകയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൂച്ച കണ്ണന്‍ ബാബുവിനെ വകവരുത്തുവാനായി എതിര്‍ സംഘം മേനംകുളത്ത് ബോംബ് നിര്‍മിക്കുന്നതിനിടയില്‍ സ്‌ഫോടനമുണ്ടാവുകയും ഒരാളുടെ കൈപ്പത്തികള്‍ നഷ്ടപ്പെടുകയും ചെയ്യ്തിരുന്നു. ഇതുമായി ബന്ധപെട്ട പ്രതികളെ പൊലിസ് പിടികൂടി 'ജയിലിലടച്ചെങ്കിലും തുടരന്വേഷണം എങ്ങുമെത്തിയില്ല.
ഇപ്പോള്‍ പൊട്ടിത്തെറിയുണ്ടായത് കഠിനംകുളം കായലിനോട് ചേര്‍ന്ന ജനവാസമില്ലാത്ത തെങ്ങും തോപ്പിലാണ്.ഇവിടെയുള്ള ആള്‍താമസമില്ലാതെ പൊട്ടിപ്പൊളിഞ് കിടക്കുന്ന വീട് സാമൂഹിക വിരുദ്ധരുടെ താവളമാണ് .ഇവിടെ കഞ്ചാവ് വില്‍പനയും മദ്യസല്‍ക്കാരവും നടക്കുന്നുണ്ടെന്ന് വിവരമുണ്ട്.
ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നത് ഇപ്പോള്‍ പരുക്കേറ്റ് കിടക്കുന്ന സുഗുണനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പൊലിസിന് പെട്ടെന്ന് എത്തപ്പെടാന്‍ കഴിയാത്തയിടമാണിത്. നീര്‍ച്ചാലുകള്‍ പലതും താണ്ടിയാലേ എത്താനാകൂ. എങ്ങനെയെങ്കിലും പൊലിസ് ഇവിടെ എത്തിയാല്‍ സാമൂഹിക വിരുദ്ധര്‍ കഠിനം കായലില്‍ ചാടി നീന്തിയും വള്ളങ്ങളിലും രക്ഷപ്പെടാറാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."