പുലമണ്‍ തോട് നവീകരണത്തിന്റെ മറവില്‍ മണ്ണും ചെളിയും കടത്തുന്നു
കൊട്ടാരക്കര: പുലമണ്‍തോട് നവീകരണത്തിന്റെ മറവില്‍ കരാറുകാരന്‍ വ്യാപകമായ രീതിയില്‍ മണ്ണും ചെളിയും കടത്തുന്നതായി ആക്ഷേപം. പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും രംഗത്തെത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് മൈലം പഞ്ചായത്തില്‍പെട്ട പുലമണ്‍ ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം തോട് പുറമ്പോക്ക് ഇടിച്ചു നിരത്തി വലിയ തോതില്‍ മണ്ണ് വില്‍പ്പന നടത്തിയിരുന്നു. കര മണലിന്റെ ലഭ്യത കുറഞ്ഞിരിക്കുന്നതിനാല്‍ വലിയ തുകയ്ക്കാണ് ലോഡ് കണക്കിന് മണ്ണ് വിറ്റത്. സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇപ്പോള്‍ മൈലം ഗ്രാമപഞ്ചായത്ത് റവന്യൂ വകുപ്പിന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ചെളി വില്‍പ്പന നടത്തിയതും വിവാദമായിരുന്നു. എല്‍.ഐ.സി കോമ്പൗണ്ടിനോട് ചേര്‍ന്നുള്ള ഭാഗത്താണ് തോട്ടില്‍ നിന്നും ചെളി ഖനനം നടന്നത്. മാലിന്യം കടത്തുന്നുവെന്ന വ്യാജേനയായിരുന്നു ചെളികടത്ത്. ഇപ്പോള്‍ ലഭ്യത കുറഞ്ഞിട്ടുള്ള നീല ചെളിയാണ് ഇവിടെ നിന്നും കടത്തിയത്. ഇഷ്ടിക നിര്‍മാണത്തിന് അനിവാര്യമായ ഈ ചെളിക്ക് വന്‍ വിലയാണ്. ചില സംഘടനകള്‍ ഇടപെട്ട് അന്ന് ചെളി ഖനനം തടഞ്ഞിരുന്നു. തോട്ടില്‍ നിന്നും മണല്‍ കടത്തും വ്യാപകമായി നടന്നുവന്നിരുന്നുണ്ട്. തോടിന്റെ പലഭാഗങ്ങളിലും വര്‍ഷങ്ങളായുള്ള മണല്‍ നിക്ഷേപമുണ്ട്. ഇതാണ് കരാറുകാരന്‍ വന്‍ വിലയ്ക്ക് വില്‍പന നടത്തിയിട്ടുള്ളത്. ചില പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയും ഇക്കാര്യത്തില്‍ ഇയാള്‍ക്ക് ലഭിച്ചിട്ടുള്ളതായാണ് വിവരം.
2 വര്‍ഷം മുന്‍പാണ് പുലമണ്‍തോട് നവീകരണത്തിന് തുടക്കം കുറിച്ചത്. അയിഷാപോറ്റി എം.എല്‍.എയുടെ ശ്രമകരമായി രണ്ടേകാല്‍ കോടി രൂപ ഇതിനായി ജലവിഭവ വകുപ്പാണ് അനുവദിച്ചത്. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പണികള്‍ ഒന്നും ആകാതെ ഇഴഞ്ഞ് നീങ്ങുകയാണ്. 40 ശതമാനം ജോലികള്‍പോലും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. അനധികൃത ഖനനത്തിനും കടത്തിനും വേണ്ടിയാണ് കരാറുകാരന്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. ഇപ്പോള്‍ മീന്‍പിടിപ്പാറ ടൂറിസം പദ്ധതിയും പുലമണ്‍ തോട് നവീകരണവും സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പണികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്. ഇതിനിടയിലാണ് കരാറുകാരന്‍ മണ്ണ് കടത്തല്‍ നടത്തിയത്. ഭരണകക്ഷി സംഘടനകള്‍ തന്നെ ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."