നോട്ട് പ്രതിസന്ധികള്‍ക്കിടയില്‍ ശമ്പള വിതരണം ഇന്ന്
തിരുവനന്തപുരം: നോട്ട് നിരോധനം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോഴും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായില്ല. പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴും സംസ്ഥാനത്ത് ശമ്പള,പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. നവംബറിലെ ശമ്പള,പെന്‍ഷന്‍ വിതരണം നോട്ട് പ്രതിസന്ധികാരണം പൂര്‍ണമായും താളംതെറ്റിയിരുന്നു.
അതിനാല്‍ തന്നെ കഴിഞ്ഞ മാസത്തെ പ്രശ്‌നങ്ങളും പരാതികളും ഒഴിവാക്കി ശമ്പളം പരമാവധി കൃത്യമായി വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ശമ്പളവും പെന്‍ഷനും കൃത്യമായി ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് എത്ര തുക വച്ച് പിന്‍വലിക്കാനാകും എന്നത് കണ്ടറിയേണ്ടതാണ്. സംസ്ഥാനത്തു തന്നെ നാല്‍പത് ശതമാനം എ.ടി.എമ്മുകളും അടഞ്ഞുകിടക്കുകയാണ്.
എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 4500 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും ബാങ്കുകളില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24000 തന്നെയാണ്. എന്നാല്‍, ചില ബാങ്കുകള്‍ പണമില്ലാത്തത് കാരണം 10,000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ അനുവദിക്കുന്നുള്ളൂ.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 3600 കോടി രൂപയും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായി 3000 കോടി രൂപയുമാണ് ശമ്പള വിതരണത്തിന് ആവശ്യമായ പണം. എസ്.ബി.ടിയില്‍ 1400 കോടി രൂപ നീക്കിയിരിപ്പുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. ട്രഷറിയില്‍ 600 കോടിയും നീക്കിയിരിപ്പുണ്ട്. ചില്ലറക്ഷാമം അതിരൂക്ഷമാണെന്നും കടുത്ത പ്രതിസന്ധി തന്നെയാണ് തുടരുന്നതെന്നും ധനമന്ത്രി അറിയിച്ചു.
വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലെ ചിലയിടങ്ങളിലുമാണ് കറന്‍സി ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ 500ന്റെ നോട്ട് ഇനിയും ആവശ്യത്തിന് എത്തിയിട്ടില്ല. അതിനാല്‍ തന്നെ ചില്ലറ ക്ഷാമത്തിന് ഇവിടെ ഇനിയും പരിഹാരമായില്ല.
ഇന്നു മുതല്‍ ശമ്പളവും പെന്‍ഷനും അക്കൗണ്ടിലെത്തിയാലും അത് കൈയില്‍ കിട്ടാനുള്ള നെട്ടോട്ടമായിരിക്കും വരും ദിവസങ്ങളിലുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."