ജലസ്വരാജ് പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന് വഴിതുറക്കും: രാജേന്ദ്രസിങ്
ശാസ്താംകോട്ട: നദീപുനരുജ്ജീവന നിയമം നിര്‍മിക്കാന്‍ കേരളം തയാറാകണമെന്ന് മാഗ്‌സാസെ പുരസ്‌കാര ജേതാവ് വാട്ടര്‍മാന്‍ ഡോ.ബി. രാജേന്ദ്രസിങ്. ദേശീയതലത്തില്‍ നദികളുടെ പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ നിയമം നടപ്പാക്കിയിട്ടുണ്ട്. ആ വഴി കേരളവും തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജലസ്വരാജിന് ശാസ്താംകോട്ട തടാകതീരത്ത് തുടക്കം കുറിക്കുകയായിരുന്നു രാജേന്ദ്രസിങ്.
ജലസ്വരാജ് ഒരു പുതിയ രാഷ്ട്രീയസംസ്‌കാരത്തിന് വഴിതുറക്കും. എല്ലാത്തരം ഭേദചിന്തകള്‍ക്കും അതീതമായി ജലസംരക്ഷണത്തിനായുള്ള ജനകീയമുന്നേറ്റമായി ഇത് മാറ്റിയെടുക്കാന്‍ സാധിക്കണം. ബി.ജെ.പിയെ പോലെ ഒരു രാഷ്ട്രീയസംഘടന ജലസംരക്ഷണമെന്ന ആശയമുയര്‍ത്തുമ്പോള്‍ അത് ജനമനസ്സിലേക്ക് എളുപ്പത്തില്‍ കടന്നുചെല്ലുമെന്നും അദ്ദേഹം പറഞ്ഞു.
ശരീരത്തിന്റെ എഴുപത് ശതമാനവും ജലമാണെന്നിരിക്കെ മനുഷ്യനും ജലജീവിയാണെന്ന് ഓര്‍മ്മയിലിരിക്കണമെന്ന് കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. ജലസ്വരാജിന്റെ കര്‍മപദ്ധതികള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിശദീകരിച്ചു. ട്രീമാന്‍ എന്ന് അറിയപ്പെടുന്ന ഹരിദ്വാറിലെ സ്വാമി സംവിധാനന്ദ, പ്ലാച്ചിമട സമരനായകന്‍ വിളയോടി വേണുഗോപാല്‍, ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍, കൊല്ലം തുളസി, രാജസേനന്‍, കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍, ശാസ്താംകോട്ട തടാക സംരക്ഷണസമിതി ചെയര്‍മാന്‍ കെ. കരുണാകരന്‍പിള്ള, ജൈവകൃഷിയില്‍ ശ്രദ്ധേയനായ ഹിലാല്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സുഭാഷ് ചന്ദ്രബോസ്, കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍, ഡോ.സി.എം. ജോയ്, ഡോ. ഉണ്ണിക്കൃഷ്ണന്‍, എം.എന്‍. ജയചന്ദ്രന്‍, ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍, ജോര്‍ജ്കുര്യന്‍, പി.എം. വേലായുധന്‍, രേണുസുരേഷ്, ബി. രാധാമണി, പി.ആര്‍. മുരളീധരന്‍, ജി. ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."