തലശ്ശേരിക്ക് അഭിമാനിക്കാന്‍ ഗതകാല ബഹുമതികള്‍ മാത്രം: മുഖ്യമന്ത്രി
തലശ്ശേരി: വിവിധ കാരണങ്ങളാല്‍ മുരടിച്ചു പോയ തലശ്ശേരിക്ക് ഇന്നും പഴയ പ്രതാപത്തിന്റെ ഗരിമ അവകാശപ്പെടാനേ കഴിയൂവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരി നഗരസഭയുടെ 150ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശ ബന്ധങ്ങളിലൂടെ തലശ്ശേരി വാണിജ്യ വ്യാപാര മേഖലകളില്‍ ഏറെ മുന്നേറിയതിന്റെ അടയാളങ്ങള്‍ തലശ്ശേരിയുടെ പൈതൃക അഭിമാനങ്ങളായി നില നില്‍ക്കുന്നുണ്ട്. തലശ്ശേരിയെ കാലാനുസൃതമായ പുരോഗതിയിലേക്ക് നയിക്കാന്‍ രാഷ്ട്രീയ ഭേദമേന്യയുള്ള കൂട്ടായ്മ ഉണ്ടാകണം. നഗരസഭ നടപ്പാക്കുന്ന വിശപ്പുരഹിത തലശ്ശേരി പദ്ധതിയില്‍ ഭക്ഷണം നേരില്‍ വന്നു വാങ്ങാന്‍ കഴിയാത്തവരെ കണ്ടെത്തി സ്ഥലത്ത് നേരിട്ട് എത്തിക്കുമ്പോഴാണ് പദ്ധതി ഉദാത്തമാവുക. അതിനാല്‍ തലശ്ശേരിയുടെ പഴയകാല നന്മകള്‍ തിരിച്ചുപിടിക്കാനും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വളര്‍ത്താനും സാധിക്കുമ്പോഴേ പദ്ധതി പൂര്‍ണ വിജയമാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.കെ രാഗേഷ്, സണ്ണി ജോസഫ് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, അഡ്വ. പ്രദീപ് പുതുക്കുടി, കെ.കെ മാരാര്‍, എം.പി അരവിന്ദാക്ഷന്‍, കെ സുരേഷ് സംസാരിച്ചു. തുടര്‍ന്ന് ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തസന്ധ്യയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."