റവന്യു ജില്ലാ കലോത്സവത്തിന് തൃക്കരിപ്പൂര്‍ ഒരുങ്ങി
തൃക്കരിപ്പൂര്‍: 57ാ മത് റവന്യു ജില്ലാ കലോത്സവത്തിന് തൃക്കരിപ്പൂര്‍ ഒരുങ്ങി. നാലു മുതല്‍ ആറുവരെയും ഒമ്പതു മുതല്‍ 11 വരെ വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് കലോത്സവത്തിന് വേദിയാവുന്നത്. നാലിന് രാവിലെ ഡി.ഡി.ഇ യു കരുണാകരന്‍ പതാക ഉയര്‍ത്തുന്നതോടെ മേളക്ക് കൊടിയേറും. തുടര്‍ന്ന് റജിസ്‌ട്രേഷന്‍ ആരംഭിക്കും. മൂന്നിന് നടക്കാവില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. പഞ്ചവാദ്യം, 57 മത് കലോത്സവത്തിന്റെ വരവറിയിച്ച് 57 കേരളീയ വേഷമണിഞ്ഞ വനിതകള്‍ മുത്തുക്കുടകളുമായി അണിനിരക്കും.വിവിധ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയില്‍ കൊഴുപ്പേകും. അഞ്ചിന് സ്‌റ്റേജിതര മത്സരങ്ങള്‍ തുടങ്ങും. ഇതിനായി 16 വേദികള്‍ ഒരുങ്ങി. സ്‌റ്റേജ് മത്സരങ്ങള്‍ 6, 9, 10, 11 തിയതികളില്‍ നടക്കും. എഴിനും എട്ടിനും മത്സരമുണ്ടാവില്ല. വേദി ഒന്ന് (സ്‌കൂള്‍ ഓഫിസിന് മുന്‍ വശം), രണ്ട് (സ്‌കൂള്‍ പ്രധാന ഗേറ്റ്) മൂന്ന്(സെന്റ് പോള്‍സ് സ്‌കൂള്‍ ), നാല് (പഞ്ചായത്ത് ഓഫിസിന് മുന്‍വശം), അഞ്ച് (മിനി സ്‌റ്റേഡിയം), ആറ് (കൂലേരി എല്‍ പി സ്‌കൂള്‍), ഏഴ് (സെന്റ് പോള്‍സ് സ്‌കൂള്‍ ഹാള്‍), എട്ട് (ബുര്‍ജ് കെട്ടിടം), ഒമ്പത് ബാന്റ് മേളം (മിനി സ്‌റ്റേഡിയം ) എന്നിവയാണ് മത്സര വേദികള്‍ സ്‌കൂളിന് പിറക്ക് വശത്താണ് ഭക്ഷണ പന്തല്‍ ഒരുക്കുന്നത്. ഒരേ സമയം 700 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാവും. ഒന്‍പതിന് രാവിലെ പത്തിന് തുറമുഖ വികസന വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. സമാപന സമ്മേളനം പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ അനുമോദിക്കും. 212 ഇനങ്ങളിലായി 4326 പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 122 പേര്‍ അപ്പീല്‍ മുഖേനെ എത്തിയതാണ്. കോടതി അപ്പീല്‍ വഴിയുളള അപേക്ഷകള്‍ പരിഗണനയിലുണ്ട്. കരിമ്പട്ടികയില്‍ പെട്ടിട്ടുളള വിധി കര്‍ത്താക്കളെ ഒഴിവാക്കി ഡി പി ഐ അംഗീകരിച്ച വരെ മാത്രമാണ് പരിഗണിക്കുന്നത്. എല്ലാ ദിവസവും പായസത്തോട് കൂടിയ വിഭവ സമൃദമായ ഭക്ഷണമാണ് ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."